ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ തള്ളിയിടാന്‍ ശ്രമിച്ചയാളെ പൊലീസ് കീഴടക്കി. കഴിഞ്ഞ ദിവസം തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബ്രാക്സില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ബാരിക്കേഡിന് സമീപത്തുകൂടി പൊതുജനങ്ങള്‍ക്ക് ഹസ്തദാനം നല്കി മുന്നോട്ടു പോവുമ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ സര്‍ക്കോസിയുടെ കോട്ടില്‍ പിടിച്ചു വലിച്ചത്. കോട്ടിന്റെ തോള് ഭാഗത്ത് ആഞ്ഞ് വലിച്ചതോടെ സര്‍ക്കോസി താഴേക്ക് വീഴാന്‍ തുടങ്ങി. ഉടന്‍ തന്നെ അസ്വാഭാവികമായി പെരുമാറിയ ആളെ പൊലീസ് കീഴടക്കുകയും ചെയ്തു. ഈ രംഗങ്ങളെല്ലാം ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു.
ലോട്ട്-എറ്റ്-ഗാരോണില് താമസിക്കുന്ന ഒരു 32 വയസ്സുകാരനാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ ആയുധങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സര്‍ക്കോസി വീണ്ടും മത്സരിക്കാനിരിക്കുകയാണ്. എന്നാല്‍, പ്രസിഡന്റ് എന്ന നിലയില്‍ സര്‍ക്കോസിയുടെ ജനസമ്മിതി കുറഞ്ഞുവരുന്ന അവസരത്തിലാണ് തള്ളിയിടല് സംഭവം അരങ്ങേറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല