സ്റ്റീവനേജിലെ കൂട്ടായ്മയായ സര്‍ഗ്ഗം അണിയിച്ചൊരുക്കിയ പ്രഥമ ക്രിസ്മസ്സ്- നവവത്സര ആഘോഷം ഏറെ ആകര്‍ഷകവും, അവിസ്മരണീയവുമായി. കലാവസന്തം പൂവണിയിച്ച ‘സര്‍ഗ്ഗോത്സവം’ ത്തിന് സ്റ്റീവനേജ് ഡപ്യൂട്ടി മേയര്‍ കാരള്‍ ലത്തീഫ്, കണ്‍സര്‍ട്ട് ലത്തീഫ്, പ്രസിഡന്റ് മനോജ് പി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നാന്ദി കുറിച്ചു.
സ്റ്റീവനേജ് മലയാളികളുടെ അഭിലാഷങ്ങള്‍ക്ക് സാക്ഷാല്‍ക്കാരമായി ‘മലയാളി കുടുംബ ഡയറക്ടറി’യുടെ പ്രകാശന കര്‍മ്മവും കാരള്‍ ലത്തീഫ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജോണി കല്ലടാന്തിയില്‍ സ്വാഗതം ആശംസിച്ച് സന്ദേശം നല്കി. സെക്രട്ടറി മെര്‍ലി മാത്യു നന്ദിപ്രകടനം നടത്തി.
സ്റ്റീവനേജ് സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ അണിയിച്ചൊരുക്കി അവതരിപ്പിച്ച നവവത്സര-കലാ സായാഹ്നം അവര്‍ണ്ണനീയവും, ആസ്വാദ്യകരവുമായി. തേജിന് തോമസ്, മോളി ജേക്കബ്, സജീവ് ദിവാകരന് എന്നിവര്‍ കലാസന്ധ്യക്ക് നേതൃത്വം നല്കി. ജോഷി, ജോജി, ബോബന് തുടങ്ങിയവരുടെ അഭിനയ മികവില്‍ സ്റ്റീവനേജ് ‘കൂതറ തിയേറ്റേഴ്സ്’ അവതരിപ്പിച്ച മുഴുനീള ആക്ഷേപ ഹാസ്യ സ്കിറ്റുകള്‍ സദസ്സില്‍ ചിരിയുടെ മാലപ്പടക്കങ്ങളുതിര്ത്തു. തുടര്‍ന്ന് പ്രിസ്റ്റണ്‍ ഓര്‍ക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു.
സ്റ്റീവനേജ് മലയാളി കൂട്ടായ്മയുടെ കഴിഞ്ഞ വര്‍ഷത്തെ തിരുപ്പിറവി – നവവല്സരാഘോഷത്തിന് സജീവ നേതൃത്വം നല്‍കുകയും ഗാനം ആലപിച്ച് സദസ്സിനെ ആനന്ദിപ്പിക്കുകയും ചെയ്ത സജു മാത്യുവിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ സജു അനുസ്മരണം നടത്തി. സജു അനുസ്മരണ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അനില്‍ മാത്യുവാണ് ഈ വീഡിയോ സര്‍ഗ്ഗത്തിനു വേണ്ടി തയ്യാറാക്കിയത്.
സര്‍ഗ്ഗം നടത്തിയ പ്രഥമ പുല്‍ക്കൂട് മത്സരത്തില്‍ ഷാജി ഫിലിപ്പും ക്രിസ്തുമസ് ട്രീയില്‍ ദീപക്കും ഒന്നാം സ്ഥാനങ്ങള്‍ നേടി. സര്‍ഗ്ഗം കരോളിന് ബോബന്, ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബേബി ജോസഫ്, ജോയി ഇരുമ്പന്‍, ട്രിജു അമ്പ്രയില് തുടങ്ങിയവര്‍ ആഘോഷത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി. ലൂട്ടന്‍, ബെഡ്ഫോര്‍ഡ്, ഹാരോ തുടങ്ങിയ പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി പേര് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. സമ്മാനദാനത്തിനു ശേഷം സ്നേഹ വിരുന്നോടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല താണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല