മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യന്‍ താരം സാനിയ മിര്‍സ പുറത്ത്. സോംദേവ് ദേവ്‌വര്‍മനും ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു പുറത്തായി. കരുത്തരായ എതിരാളികളോട് വീറുറ്റ പോരാട്ടം കാഴ്ചവച്ചാണ് ഇരുവരും തോല്‍വി വഴങ്ങിയത്.
സോംദേവ് സ്‌പെയിനിന്റെ ടോമി റോബ്രഡോയോടും സാനിയ മുന്‍ ലോക ഒന്നാം നമ്പര്‍ ജസ്റ്റിന്‍ ഹെനിനോടുമാണ് തോറ്റത്. ഒന്നാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി ഹെനിനെ ഞെട്ടിച്ചശേഷമാണ് സാനിയ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 7-5, 3-6, 1-6. രണ്ടാം സെറ്റ് ഒരുവേള 2-2 എന്ന സ്‌കോറില്‍ തുല്ല്യമായെങ്കിലും അനുഭവസമ്പത്ത് കളിയിലേയ്ക്ക് ആവാഹിച്ച ഹെനിന്‍ ഉജ്വലമായി തിരിച്ചുവന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു.
2004ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ഹെനിനെതിരെ കരുത്തുറ്റ ഫോര്‍ഹാന്‍ഡിലൂടെയും ഗ്രൗണ്ട് സ്‌ട്രോക്കുകളിലൂടെയുമാണ് സാനിയ മേധാവിത്വം സ്ഥാപിച്ചത്. ആക്രമണോത്സുകയായി റാക്കേറ്റിന്തിയ സാനിയക്കെതിരെ ആദ്യ സെറ്റില്‍ ഹെനിന്‍ എല്ലാ അര്‍ഥത്തിലും പ്രതിരോധത്തിലായിരുന്നു.
രണ്ട് മണിക്കൂറും 27 മിനിറ്റും നീണ്ടുനിന്ന ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനുശേഷമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ സോംദേവ് റോബ്രെഡോയോട് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-7 (4), 3-6, 4-6.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല