ബോസ്റ്റണില്‍ വ്യാവസായിക എസ്റ്റേറ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചു മരണം. ഉരുളക്കിഴങ്ങില്‍ നിന്നും വോഡ്ക നിര്‍മിക്കുന്നതിനിടയില്‍ ആയിരുന്നു സ്ഫോടനം. മൊത്തം ജനസംഖ്യയുടെ പകുതിയില്‍ അധികം ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ താമസിക്കുന്ന പ്രദേശമാണിത്, മരിച്ചവര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ലെങ്കിലും കിഴക്കന്‍ യൂറോപ്പുകാരാണ് മരിച്ചവരെന്നു കരുതുന്നു. സ്ഫോടനത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരാളുടെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരമാണ്.
സ്ഫോടനത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആല്‍ക്കഹോള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ കണ്ടെടുത്തത്. വളരെ കാലമായ് ഈ സ്ഥലം വാറ്റുപുരയായ് ഉപയോഗിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നാണു പോലീസ് നിഗമനം.
എസ്റ്റെറ്റ് ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും എല്ലാ ദിവസവും രാവിലെ ഒരു വാന്‍ സംഭവസ്ഥലത്തേക്ക് വരാറുണ്ടെന്നും സാധനങ്ങള്‍ കയറ്റി പോകാറുണ്ടെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ എന്താണ് ഇവിടെ നടക്കുന്നത് എന്ന് അവരാരും അറിഞ്ഞിരുന്നില്ലത്രേ. സമീപ വാസികള്‍ പറയുന്നത് അടുത്തുള്ള ഉരുളക്കിഴങ്ങ് തോട്ടങ്ങളെ കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിര്‍മ്മാണം ഈ പ്രദേശങ്ങളില്‍ നടക്കുന്നത് എന്നാണു. നിയമ വിരുദ്ധമായ മദ്യനിര്‍മാണം ഈ പ്രദേശങ്ങളില്‍ സര്‍വ്വസാധാരണമാണെന്ന് എസ്റ്റെറ്റിന്റെ ഉടമയും പറയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ബോട്ടനിലെ 8 പ്രദേശങ്ങളില്‍ നിന്നായ് 88 ലിറ്റര്‍ വ്യാജമദ്യം റവന്യൂ , കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. വ്യാജമദ്യ നിര്‍മിതി മൂലം ഏകദേശം 600 മില്യന്‍ പൌണ്ടാണ് ഓരോ വര്‍ഷവും റവന്യൂ വകുപ്പിന് നഷ്ടമാകുന്നത് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ഫോടനം നടന്ന പ്രദേശത്ത് നിന്നും ഐസോ പ്രോപ്പീന്‍ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്, സാധാരണയായ് ലായകമായും ക്ലീനിംഗ് ആവശ്യങ്ങള്‍ക്കുമാണ് ഇത് ഉപയോഗിക്കുക. ഇത് മനുഷ്യ ശരീരത്തിന് ഹാനികരമാണ് താനും. എന്തായാലും കൂടുതല്‍ വാറ്റ് കേന്ദ്രങ്ങല്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല