കടുത്ത സാമ്പത്തികബാധ്യത നേരിടുന്ന സതേണ്‍ ക്രോസ് ഏതാണ്ട് 3000 ഓളം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നു. നേഴ്‌സുമാരും കെയര്‍ സ്റ്റാഫുകളും എല്ലാം ഇതില്‍ ഉള്‍പ്പെടും.ഇതില്‍ സതേണ്‍ ക്രോസ് ഗ്രൂപ്പിന്‍റെ വിവിധ ഹോമുകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളും ഉള്‍പ്പെടും.
300 നേഴ്‌സുമാര്‍ക്കായിരിക്കും ജോലി നഷ്ടമാവുക. 1275 കെയര്‍സ്റ്റാഫുകള്‍ക്കും പുതിയ തീരുമാനത്തിലൂടെ ജോലി നഷ്ടപ്പെടും. കാറ്ററിംഗ് പോസ്റ്റില്‍ 700 ഒഴിവുകളും വീട്ടുജോലിക്കുള്ള 440 പോസ്റ്റുകളും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള 238 ഒഴിവുകളും ഉടനേ നഷ്ടപ്പെടാനാണ് സാധ്യത. സതേണ്‍ ക്രോസിന്റെ കീഴിലുള്ള 31,000 പെന്‍ഷനേഴ്‌സിനേയും പുതിയ തീരുമാനം കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സതേണ്‍ ക്രോസ് കടന്നുപോകുന്നത്. സ്ഥാപനത്തിന് കീഴിലുള്ള പല കെയര്‍ ഹോമുകളിലും രോഗികള്‍ക്ക് വന്‍ പീഡനങ്ങളും ഏല്‍ക്കേണ്ടിവരുന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു. 49ലധികം കെയര്‍ഹോമുകളില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ പലതിലും സ്റ്റാഫുകളുടെ എണ്ണക്കുറവും പരിചരണക്കുറവും കണ്ടെത്തിയിരുന്നു. കെയര്‍ ഹോമുകള്‍ പാലിക്കേണ്ട നിബന്ധനകളൊന്നും സതേണ്‍ ക്രോസ് പാലിക്കുന്നില്ലെന്ന് നേരത്തേ വ്യക്തമായിരുന്നു.
സ്ഥിരമായൊരു മാനേജര്‍ പോലുമില്ലാതെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. 2006ല്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്‌ക്കെത്തിയ സതേണ്‍ ക്രോസിനെ ബ്ലാക്ക്‌സ്‌റ്റോണ്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത് ഏറ്റെടുത്തശേഷവും സതേണ്‍ ക്രോസ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല