കടുത്ത സാമ്പത്തിക മാന്ദ്യം വന്നതോടെ ചര്‍ച്ച് സ്കൂളുകളിലെ യാത്രാസൗകര്യം പ്രശ്നത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബസ്സ് സര്‍വ്വീസുകളില്‍ കുറവ് വരുത്താനും യാത്രാചാര്ജ്ജില് വര്‍ധനവ് വരുത്താനുമാണ് തീരുമാനിച്ചിട്ടുള്ളത്. റോമന്‍ കത്തോലിക്, ചര്‍ച്ചസ് ഓഫ് ഇംഗ്ലണ്ട്, മറ്റ് സ്കൂളുകള്‍ എന്നിവയ്ക്കുള്ള യാത്രാസഹായമാണ് കൗണ്‍സിലുകള്‍ കുറച്ചിരിക്കുന്നത്
. ഇതോടെ ഇത്തരം സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കൂടുതല്‍ തുക യാത്രാച്ചാര്ജ്ജായി നല്‍കേണ്ടി വരും. ഓരോ കുടുംബത്തിനും 700 പൗണ്ട് അധികമായി ചിലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിവേചനപരമായ നടപടി തുടരേണ്ട എന്ന് വ്യക്തമാക്കിയാണ് കൗണ്‍സിലുകള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടുള്ളത്. അതിനിടെ തീരുമാനത്തിനെതിരേ ശക്തമായ പ്രതികരണമുയര്‍ന്നിട്ടുണ്ട്.
ഇത്തരം നടപടിയെ അംഗീകരിക്കാനാവില്ലെന്നും പല മാതാപിതാക്കള്‍ക്കും അവരുടെ കുട്ടികളെ ക്രിസ്ത്യന്‍ സ്കൂളുകളില്‍ നിന്ന് പിന്‍വലിക്കേണ്ട ഗതിവരുമെന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ തീരുമാനം കത്തോലിക്കരുടെ മുകളിലുള്ള ആക്രമണമാണെന്ന് റോമന്‍ കത്തോലിക് സ്കൂളിലെ ഡെപ്യൂട്ടി മേധാവി ആരോപിച്ചു. അതിനിടെ ഒരു പ്രത്യേക വിഭാഗത്തിലെ സ്കൂളുകള്‍ക്ക് മാത്രമായി ഇത്തരം നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് കടുത്ത ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത മന്ത്രി വ്യക്തമാക്കി.
നോര്‍ത്ത് യോര്‍ക്ക്ഷെയര്‍ കൗണ്ടിയിലെ കൗണ്‍സില്‍ ബസ് ഫീസായി 350 മുതല്‍ 700 പൗണ്ടുവരെയാണ് ഈടാക്കുന്നത്. എന്നാല്‍ മറ്റ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 100 മുതല്‍ 200 പൗണ്ടുവരെയാണ് യാത്രാച്ചാര്ജ്ജായി നല്‍കേണ്ടി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല