പുട്ടപര്‍ത്തി: സത്യസായിബാബയുടെ വസതിയില്‍ നിന്നും സ്വര്‍ണ്ണവും വെള്ളിയും കണ്ടെടുത്തു. സായി ബാബയുടെ വസതിയില്‍ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അധികൃതര്‍ നടത്തിയ കണക്കെടുപ്പിലാണ് 98 കിലോഗ്രാം സ്വര്‍ണ്ണവും 307 കിലോഗ്രാം വെള്ളിയും 11.56 കോടി രൂപയും കണ്ടെടുത്തത്. ബാബയുടെ ആശ്രമമായ പ്രശാന്തി നിലയത്തിലെ പ്രത്യേക അറകളില്‍ നിന്നാണ് സ്വര്‍ണ്ണവും കോടികളും കണ്ടെത്തിയത്.
അടുത്തിടെ അന്തരിച്ച സായിബാബയുടെ യജുര്‍വേദ മന്ദിരത്തിലാണ് പരിശോധന നടത്തിയത്. സായിബാബ താമസിച്ചിരുന്നതും ഇതേ മന്ദിരത്തിലായിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി എ.പി.മിശ്ര, കര്‍ണാടക ഹൈക്കോടതി ജഡ്ജി വൈദ്യനാഥ എന്നിവരുടെ സാന്നിധ്യത്തിലാണ് ട്രസ്റ്റ് അംഗങ്ങള്‍ കണക്കെടുപ്പ് നടത്തിയത്.
സായിബാബയുടെ വില്‍പത്രമൊന്നും ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. ഇവിടെ നിന്ന് ലഭിച്ച പണം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് ട്രസ്റ്റി അംഗവും ബാബയുടെ ബന്ധുവുമായ ആര്‍.ജെ.രത്‌നാകര്‍ പറഞ്ഞു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണമെന്ന നിലപാടിന്റെ ഭാഗമായാണ് സ്വത്ത് പരിശോധനയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കിയതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.
ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം യജുര്‍വേദ മന്ദിരം പൂട്ടിയിട്ടിരിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സായി ബാബ ഏപ്രില്‍ 24നാണ് അന്തരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല