നല്ല ഉപ്പും കുരുമുളകുമിട്ട് എങ്ങനെ നല്ല മീന്‍കറി വെയ്ക്കാമെന്നും രണ്ടാംലോക മഹായുദ്ധം അവസാനിപ്പിച്ച കേക്ക് എങ്ങനെയുണ്ടാക്കാമെന്നും മലയാളികള്‍ക്ക് പറഞ്ഞുതന്ന സാള്‍ട്ട് ആന്റ് പെപ്പര്‍ കേരളത്തിലെ തീയറ്ററുകളില്‍നിന്ന് വാരിയെടുത്തത് അഞ്ചു കോടി രൂപ. വലിയതാരനിരയൊന്നുമില്ലാതെ ചെറിയ ബജറ്റിലൊരുക്കിയ ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍. ഈ ചിത്രത്തിന് കുറഞ്ഞദിവസം കൊണ്ട് വന്‍തുക സമാഹരിക്കാനായത് മലയാള സിനിമയുടെ തിരിച്ചുവരവിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് സംവിധായകന്‍ ആഷിക് അബു പറഞ്ഞു.
ആഷിക്അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫലിയും മൈഥിലിയും ലാലും ശ്വേതാമേനോനുമാണ് പ്രാധനവേഷത്തിലഭിനയിച്ചത്. വില്ലന്‍വേഷത്തില്‍ നിന്നും ബാബുരാജിന് മോചനം ലഭിച്ച സിനിമ കൂടിയാണിത്. ജൂലൈ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ടിവി പകര്‍പ്പവകാശം വിറ്റത് ഒന്നരക്കോടിക്കാണ്. അറിയപ്പെടുന്ന ആര്‍ക്കിയോളജിസ്റ്റാണെങ്കിലും ഇരുപത്തിനാല് മണിക്കൂറും രുചികരമായ ഭക്ഷണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന കാളിദാസാണ് ചിത്രത്തിലെ നായകന്‍. നല്ല ആഹാരം എവിടെയെങ്കിലും കിട്ടുമെന്നറിഞ്ഞാല്‍ അവിടെ പാഞ്ഞെത്തുന്ന കാളിദാസ് ഒരിക്കല്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ വീട്ടുകാര്‍ കൊടുത്ത ഉണ്ണിയപ്പം നന്നായി ബോധിച്ച് അവിടത്തെ പാചകക്കാരനെ തട്ടിക്കൊണ്ടുവന്ന ആളാണ്.
ഇങ്ങനെയുള്ള കാളിദാസിന്റെ അടുത്താണ് ചേച്ചിയുടെ മകന്‍ മനു രാഘവ് താമസിക്കാന്‍ വരുന്നത്. സുന്ദരികളായ പെണ്‍കുട്ടികളെ വളയ്ക്കാന്‍ മിടുക്കനാണെന്നാണ് മനുവിന്റെ വിശ്വാസമെങ്കിലും പലപ്പോഴും ചമ്മലിലാണ് അവസാനിക്കാറ്. മനു രാഘവിന്റെ വരവ് കാളിദാസിന്റെ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്നു. അതിനു കാരണം മായയാണ്. മായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്. ഒട്ടും പൈങ്കിളിയല്ലാത്ത മായ പൈങ്കിളി സിനിമകള്‍ക്കായി ഡബ്ബ് ചെയ്യുമ്പോള്‍ നീരസം പ്രകടിപ്പിക്കാറുണ്ട്. മായയുടെയും പ്രധാന ഹോബി രുചികരമായ ആഹാരം കഴിക്കുകയാണ്.
ഒരിക്കല്‍ തട്ടത്തില്‍ കുട്ടിദോശ ഓര്‍ഡര്‍ചെയ്ത ഫോണ്‍ വഴിമാറി കിട്ടുന്നത് കാളിദാസിനായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാളിദാസിന് മനു രാഘവ് വന്നപ്പോള്‍ കൊടുത്തതാണ്. അതിലേക്കാണ് മായയുടെ ഫോണ്‍ വന്നത്. ആവശ്യം ദോശയുമായിരുന്നു. അങ്ങനെ തട്ടുദോശയില്‍ തുടങ്ങുന്ന മായ- കാളിദാസ് ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് പറയാവുന്നതാണ്. എന്തായാലും ദോശയും സാമ്പറുമൊക്കെയായി ആഷിക് അബുവും കൂട്ടരും മലയാളികളെ അങ്ങ് പിടികൂടിയെന്നുതന്നെ പറയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല