രാജീവ് താമരക്കുളം
ഗ്ലാസ്‌ഗോ:- കേരള സാഹിത്യ അക്കാദമി വിശിഷ്ട പുരസ്‌കാരങ്ങള്‍ നേടിയ സി.രാധാകൃഷ്‌ണന്‍, സച്ചിദാനന്ദന്‍ എന്നിവരേയും മറ്റ് അവാര്‍ഡ് ജേതാക്കളേയും ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഭിനന്ദിച്ചു. പ്രസിഡന്റ് സണ്ണി പത്തനംതിട്ട അദ്ധ്യക്ഷനായിരുന്നു.
തുടര്‍ന്ന് “അവാര്‍ഡുകളിലെ ദൃശ്യകലാരാഷ്ട്രീയം” എന്ന വിഷയത്തില്‍ പ്രമുഖ നോവലിസ്‌റ്റും കവിയുമായ കാരൂര്‍ സോമന്‍ സംസാരിച്ചു. അക്കാദമി മുന്‍ അദ്ധ്യക്ഷന്‍ ശ്രീ.എം.മുകുന്ദന്‍ അവാര്‍ഡുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നുള്ളത് വെളിപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ അവാര്‍ഡുകളില്‍ കാലാകാലങ്ങളിലായി നിലനില്‍ക്കുന്ന ഒരു സത്യമാണ് അദ്ദേഹം പറഞ്ഞത്. ഇതുപോലെ തുറന്നു പറയാന്‍ എത്ര എഴുത്തുകാര്‍ കേരളത്തിലുണ്ട്. തുറന്നു പറയാന്‍ മനസ്സുണ്ടെങ്കിലും പറയില്ല. കാരണം അവര്‍ അടുത്ത സാഹിത്യ രാഷ്ട്രീയ അവാര്‍ഡിന്റെ ഇരകളാണ്. ഭരിക്കുന്ന സര്‍ക്കാരിനൊപ്പം നീന്തുന്ന സാഹിത്യത്തിലെ ചത്തു മലര്‍ന്ന മത്സ്യങ്ങള്‍. അവര്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. എന്നാല്‍ സര്‍ഗ്ഗധനരായ സാഹിത്യകാരന്‍മാര്‍ ഒഴുക്കിനെതിരെ നീന്തുന്നവരാണ്. അത്തരത്തിലുള്ളവരും കേരളത്തില്‍ അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്.
മറ്റൊരു പ്രധാന അവഗണന നാം കാണുന്നത് മാതൃഭാഷയ്‌ക്കായി വിദേശ രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന ഒരു പറ്റം എഴുത്തുകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും കാര്യത്തിലാണ്. അവാര്‍ഡുകള്‍ വരുമ്പോള്‍ അവരെ പുറം തള്ളുന്നു. അതിന്റെ കാരണം ഇവരാരും ജാതി-മത-രാഷ്ട്രീയക്കാരുടെ സ്‌തുതിപാഠകരല്ലെന്നതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ- അഭിനയ കലയിലൂടെ- കടന്നു വന്നവര്‍ക്ക് സര്‍ഗ്ഗപ്രഭയുടെ മാധുര്യമറിയില്ല. അക്ഷരത്തിന്റെ ആഴത്തിലുള്ള അറിവില്ല. ഈ കൂട്ടരാണ് ഒരു പറ്റം ജനതയുടെ നായകന്മാരായി അറിയപ്പെടുന്നത്. ഈ അഭിനയ-അധികാരത്തിലുള്ളവരെ വാനോളം പാടിപുകഴ്‌ത്താന്‍ ലക്ഷങ്ങള്‍ വാരിക്കൂട്ടുന്ന കുറെ ദൃശ്യമാധ്യമങ്ങളുണ്ട്. ഇവര്‍ ഇങ്ങനെ പരസ്യമെന്ന പേരില്‍ വാങ്ങുന്ന വന്‍തുകകളെപ്പറ്റി ആര്‍ക്കും ഒരു പരാതിയോ പരിഭവമോ അന്വേഷണമോ ഇല്ല. മറ്റുള്ളവര്‍ അഴിമതിയിലൂടെ വാങ്ങുന്ന കൊള്ളപ്പണത്തെപ്പറ്റി അന്വേഷണം നടത്താനും ചര്‍ച്ചചെയ്യാനും ഇവര്‍ തയ്യാറല്ല.
ചില പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ കുട്ടികളെ സിനിമ കാണാപാഠം പഠിപ്പിക്കുന്നു. പഠിപ്പിക്കുന്ന പുസ്‌തകങ്ങളെക്കാള്‍ കുട്ടികള്‍ക്ക് അറിവുള്ളത് സിനിമയും നടീനടന്മാരുമാണ്. സിനിമകളെ ഇത്രമാത്രം വാനോളം പാടിപുകഴ്‌ത്തുന്ന ഒരു ദേശമോ രാജ്യമോ ലോകത്ത് മറ്റെങ്ങും കാണാനില്ല. ഇതുമൂലം അറിവില്ലാത്ത ഒരു സമൂഹം വളര്‍ന്നു വരുന്നു. ഈ കാര്യത്തില്‍ ആരെയും ആശ്ചര്യപ്പെടുത്തുന്ന മറ്റൊന്ന് ഈ കൂട്ടര്‍ക്ക് മുന്നേ സഞ്ചരിക്കുന്ന സമൂഹത്തിന്റെ വഴിവിളക്കുകളായ, ബുദ്ധിജീവികളായ എഴുത്തുകാരെ പാടേ മറന്നിരിക്കുന്നു. സിനിമകള്‍ ധാരാളം ചര്‍ച്ചചെയ്യുമ്പോള്‍ ഒരു സാഹിത്യകൃതിയോ, ശാസ്‌ത്രസാഹിത്യകാരനോ ചര്‍ച്ചചെയ്യപ്പെടുന്നില്ല. അവര്‍ക്ക് സ്വന്തമായുള്ളത് അക്ഷരങ്ങളുടെ മൂലധനമാണ് അല്ലാതെ പണത്തിന്റെ മൂലധനമല്ല. എഴുത്തുകാരില്ലെങ്കില്‍ എന്ത് കല? എന്ത് കാലം? എന്ത് സംസ്‌ക്കാരം?
ഇന്ത്യന്‍ ജനാധിപത്യം സമ്പാദിച്ച് കൂട്ടുന്നത് ദാരിദ്ര്യവും പട്ടിണിയും അഴിമതിയുമാണ്. ഇത് നിത്യവും അവാര്‍ഡുകളായി ഇന്ത്യയിലെ പാവങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അവര്‍ക്ക് കണ്ട് രസിക്കാന്‍ സിനിമകളും അവാര്‍ഡുപോലെ എത്തിയിരിക്കുന്ന. ഇന്നത്തെ ഈ കച്ചവട മസ്സാല സിനിമകളും സാഹിത്യം എന്തെന്നറിയാത്തവരും ജനങ്ങളെ അന്ധകാരത്തിലേക്കാണ് നയിക്കുന്നത്. അതിനാല്‍ കലാ-സാഹിത്യ അവാര്‍ഡുകളില്‍ നിന്നും രാഷ്ട്രീയമേധാവിത്വം ഒഴിഞ്ഞുപോകണമെന്ന് കാരൂര്‍ സോമന്‍ ആവശ്യപ്പെട്ടു.
അമ്പലപറമ്പില്‍ അവറാന്‍, പോള്‍ സ്‌കറിയ, ബെസ്സി ജോര്‍ജ്ജ എന്നിവരും സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല