ബെയ്‌റൂട്ട്:സമാധാനത്തിന്റെ സന്ദേശവാഹകനായി ലബനിലെത്തിയ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സിറിയയിലെ ആയുധലഭ്യത കുറയ്ക്കണമെന്ന് ആഹ്വാനംചെയ്തു. അയിരക്കണക്കിനുപേര്‍ കൊല്ലപ്പെട്ട ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ഇതുമാത്രമാണ് പോംവഴിയെന്നും പോപ്പ് അഭിപ്രായപ്പെട്ടു. സിറയയുടെ അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ത്രിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പോപ്പ് എത്തിയത്. ജനാധിപത്യത്തിനായുള്ള കരച്ചിലായാണ് അറബ് വസന്തത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. നാല് ഏകാധിപതികളുടെ പതനത്തിനു വഴിതെളിച്ച അറബ് വസന്തം ക്രിയാത്മകമാണ്. കൂടുതല്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സഹകരണത്തിനുംവേണ്ടിയുള്ള ആഗ്രഹമാണ് അറബ് വസന്തം. അതേസമയംതന്നെ, സ്വാതന്ത്ര്യം അധികമാകുന്നത് മറ്റു മതങ്ങളോടുള്ള സഹിഷ്ണുത കുറയ്ക്കും. മതമൗലികവാദം മതത്തില്‍ മായംചേര്‍ക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്താളത്തിലേക്കുള്ള പാത ലബനീസ്, വത്തിക്കാന്‍ പതാകകള്‍ക്കൊണ്ടും മാര്‍പാപ്പയ്ക്കു സ്വാഗതമോതുന്ന പോസ്റ്ററുകള്‍ക്കൊണ്ടും അലങ്കരിച്ചിരുന്നു.
മാര്‍പാപ്പയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ലബനീസ് അധികൃതര്‍ സുരക്ഷാനടപടികള്‍ കര്‍ശനമാക്കി. മധ്യലബനനിലും ക്രിസ്ത്യന്‍ ഭൂരിപക്ഷ വടക്കന്‍ മേഖലകളിലുമാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. മതസഹിഷ്ണതയ്ക്ക് ആഹ്വാനം നല്കിയുള്ള സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പയെ ലബനീസ് പ്രസിഡന്റ്, പ്രധാനമന്ത്രി, പാര്‍ലമെന്റ് സ്പീക്കര്‍, ക്രിസ്ത്യന്‍-മുസ്‌ലിം മതനേതാക്കള്‍ തുടങ്ങിയവര്‍ ബെയ്‌റൂട്ട് വിമാനത്താവളത്തില്‍ സ്വീകരിച്ചു. സമാധാനത്തിന്റെ തീര്‍ഥാടകനായാണ് താന്‍ ലബനനില്‍ എത്തിയതെന്ന് പ്രസിഡന്റ് മൈക്കല്‍ സ്ലീമാനോടു മാര്‍പാപ്പ പറഞ്ഞു. 21 ആചാരവെടികള്‍ മുഴക്കിയും പള്ളിമണികള്‍ മുഴക്കിയുമാണ് നഗരം മാര്‍പാപ്പയെ വരവേറ്റത്. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിവിധ ബിഷപ്പുമാരുമായി മാര്‍പാപ്പ ചര്‍ച്ച ചെയ്യും. ഇതിനുമുമ്പ്, മാര്‍പാപ്പമാരായ പോള്‍ ആറാമന്‍ 1964ലും ജോണ്‍പോള്‍ രണ്ടാമന്‍ 1997ലും ലബനന്‍ സന്ദര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല