1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2015

സ്വന്തം ലേഖകന്‍: സിസ്റ്റര്‍ അമലയെ കൂടാതെ മറ്റൊരു കന്യാസ്ത്രീയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് പ്രതി സതീഷ്ബാബുവിന്റെ വെളിപ്പെടുത്തല്‍. പിണ്ണാക്കനാടിനു സമീപം ചേറ്റുതോട് എസ്.എച്ച്. മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിനെ(81)യാണു കഴിഞ്ഞ ഏപ്രില്‍ 16 നു കൊലപ്പെടുത്തിയതായി സതീഷ് ബാബു പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണു സമ്മതിച്ചത്.

ഏപ്രില്‍ 17 നു പുലര്‍ച്ചെയാണു സിസ്റ്റര്‍ ജോസ് മരിയയെ മുറിയിലെ തറയില്‍ തലയ്ക്കു മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കു പിന്നിലെ മുറിവില്‍നിന്നു രക്തം വാര്‍ന്ന നിലയിലാണു കന്യാസ്ത്രീയെ കണ്ടതെങ്കിലും വീണു മരിച്ചെന്നു കരുതി മഠം അധികൃതര്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ഇളങ്ങുളം ഇരുപ്പക്കാട്ട് പരേതരായ ജോസഫ്മറിയാമ്മ ദമ്പതികളുടെ മകളായിരുന്നു സിസ്റ്റര്‍ ജോസ് മരിയ. ഈ സംഭവത്തിന് ആറു ദിവസം കഴിഞ്ഞ് ഏപ്രില്‍ 22 ന് ഇതേ മഠത്തില്‍നിന്ന് പ്രതി 75,000 രൂപാ മോഷ്ടിച്ചു. പണം മോഷണം പോയതു സംബന്ധിച്ച് തിടനാട് പോലീസില്‍ മഠം അധികൃതര്‍ പരാതി നല്‍കിയിരുന്നു.

പ്രതിയുടെ വെളിപ്പെടുത്തലോടെ പാലാ കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ച സിസ്റ്ററുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചതായി പോലീസ് പറഞ്ഞു. ലിസ്യു മഠത്തിലേതിനു സമാനമായ രീതിയിലാണു ചേറ്റുതോട് മഠത്തിലും പ്രതി കയറിയത്.

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തുന്നതിനു രണ്ടാഴ്ച മുമ്പു രാമപുരത്തിനു സമീപം വെള്ളിലാപ്പിള്ളി മഠത്തില്‍ മതില്‍ ചാടി ഉള്ളില്‍ക്കയറിയെന്നും അധ്യാപികയായ കന്യാസ്ത്രീ കണ്ടതിനാല്‍ ഓടി രക്ഷപ്പെട്ടെന്നും ഇയാള്‍ മൊഴി നല്‍കി. അരുവിത്തുറ എഫ്.സി.സി. കോണ്‍വെന്റില്‍നിന്ന് ആറു ലക്ഷം രൂപ മോഷ്ടിച്ചതായും ഈ പണം ഉപയോഗിച്ച് പ്രതി കാര്‍ വാങ്ങിയതായും പോലീസ് പറഞ്ഞു.

തിടനാട് എഫ്.സി. കോണ്‍വെന്റില്‍ കന്യാസ്ത്രീയുടെ തലയ്ക്കടിച്ച സംഭവം, ചേറ്റുതോട്ടെ കൊലപാതകം, മോഷണം, അരുവിത്തുറയിലെ മോഷണം എന്നിങ്ങനെ നാലു കേസു കൂടി സതീഷ് ബാബുവിനെതിരേ രജിസ്റ്റര്‍ ചെയ്തു. ഭരണങ്ങാനം സ്‌നേഹഭവന്‍ അന്തേവാസിയുടെ തലയ്ക്കടിച്ച് രണ്ടു മൊബൈല്‍ഫോണ്‍ കവര്‍ന്നതും പൈക, കൂത്താട്ടുകുളം വടകര മഠങ്ങളിലും അക്രമം നടത്തിയതും ഇയാളാണെന്നു പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.