കോവളത്തിന് സമീപം പൂങ്കുളത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു.
സിസ്റ്റര്‍ മേരി ആന്‍സിയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് രണ്ടുപേര്‍ കോണ്‍വെന്റില്‍നിന്ന് പുറത്തേക്കുവരുന്നത് കണ്ടുവെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ രംഗത്തെത്തി. വിഴിഞ്ഞം തീരദേശ പൊലീസ് സ്‌റ്റേഷനിലെ ഒരു കോണ്‍സ്റ്റബിളിനെയും മറ്റൊരാളെയും സംശയകരമായ സാഹചര്യത്തില്‍ കോണ്‍വെന്റിന് മുന്നില്‍ കണ്ടതായാണ് സമീപത്തെ തട്ടുകടക്കാരനായ ശശി, ചുമട്ടുതൊഴിലാളികളായ സന്തോഷ്, അപ്പു എന്നിവര്‍ മൊഴി നല്‍കിയത്.
ചാനലുകളില്‍ ഇവരുടെ വെളിപ്പെടുത്തല്‍ വന്നശേഷമാണ് പൊലീസ് മൊഴിയെടുക്കാന്‍ തയാറായത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പള്ളി കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി അംഗങ്ങളായ തീരദേശ പൊലീസ് സ്‌റ്റേഷനിലെ യൂജിന്‍, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍ വിജയന്‍ എന്നിവരെ ചോദ്യംചെയ്തതായി വിഴിഞ്ഞം സി.ഐ വിദ്യാധരന്‍ പറഞ്ഞു. ഇവരെ പള്ളി വളപ്പില്‍ കണ്ടതായി പറയുന്ന സമയത്തില്‍ വ്യത്യാസമുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍, മറ്റ് ശാസ്ത്രീയ തെളിവെടുപ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും സി.ഐ വ്യക്തമാക്കി.
സിസ്റ്ററുടെ മരണം ആത്മഹത്യയാണെന്ന നിലയില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്ന ആക്ഷേപം ശക്തമാണ്. സ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ കമീഷനും വനിതാകമീഷനും ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും പൊലീസ് നിലപാട് മാറിയിട്ടില്ല. വാട്ടര്‍ടാങ്കിന്റെ കൂറ്റന്‍ മേല്‍മൂടി സിസ്റ്ററെ പോലെ ഒരാള്‍ക്ക് ഒറ്റക്ക് എടുത്തുമാറ്റാനാകുമോ എന്ന സംശയത്തില്‍ പൊലീസിന് തൃപ്തികരമായ വിശദീകരണമില്ല. സിസ്റ്റര്‍ എങ്ങനെ വാട്ടര്‍ടാങ്കിലേക്ക് ഇറങ്ങി എന്നതിനെക്കുറിച്ചും പൊലീസിനൊന്നും പറയാനില്ല.
ആഗസ്റ്റ് 17ന് രാവിലെ 7.15ഓടെയാണ് സിസ്റ്ററുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയതെന്നാണ് കോണ്‍വെന്റ് അധികൃതര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പുലര്‍ച്ചെ പള്ളിയില്‍ പോയ രണ്ട് കന്യാസ്ത്രീകള്‍ മാത്രമാണ് അന്ന് രാവിലെ കോണ്‍വെന്റില്‍ നിന്ന് പുറത്തുപോയതെന്നും പൊലീസ് പറയുന്നു. അതേസമയം, അന്ന് രാവിലെ അഞ്ചേകാലോടെ രണ്ട് പുരുഷന്‍മാര്‍ കോണ്‍വെന്റില്‍ നിന്ന് പുറത്തുവരുന്നത് കണ്ടതായാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍.
പള്ളിയില്‍ പണി നടക്കുന്ന ഭാഗത്ത് വെള്ളമൊഴിക്കാനായി താന്‍ പോയിരുന്നുവെന്ന് യൂജിന്‍ ഒരു ചാനലിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അത് ഏഴ് മണിക്ക് ശേഷമായിരുന്നെന്നാണ് വിവരം. ഇക്കാര്യം യൂജിന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടില്ല.
സിസ്റ്ററുടെ മരണസമയത്തെക്കുറിച്ചും സംശയം ഉയരുന്നുണ്ട്. കോണ്‍വെന്റിലെ അന്തേവാസികള്‍ നല്‍കിയ മൊഴികളിലും വൈരുധ്യമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വനിതാകമീഷന് ഉള്‍പ്പെടെ മൊഴി നല്‍കിയ ചിലര്‍ക്കുനേരെ കൈയേറ്റവും ഭീഷണിയുമുണ്ടായത്രെ. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്ററുടെ ബന്ധുക്കളും ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല