1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2011

തോമസ് ചെറിയാന്‍

സീറോമലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ഈസ്റ്റ് ആംഗ്ലിയ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂലൈ മാസം 18ാം തീയതി തിങ്കളാഴ്ച കേംബ്രിഡ്ജ് സെന്റ് ഫിലിപ്പിന്റെ ഹൊവാര്‍ഡ് ചര്‍ച്ചില്‍വച്ച് കെ.സി.ബി.സി അല്‍മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതയുടെ അഭിവന്ദ്യ പിതാവുമായ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചു. കേംബ്രിഡ്ജില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യപിതാവിനെയും അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് വി.സി സെബാസ്റ്റ്യനേയും സെന്റ് ഫിലിപ്പ്‌സ് ചര്‍ച്ച് വികാരി മോണ്‍സിത്തോര്‍ യൂജിന്‍ ഹാര്‍ക്കനെയും, സീറോമലബാര്‍സഭ ഈസ്റ്റ് ആംഗ്ലിയ ചാപ്ലിയന്‍ ഫാ. മാത്യു വണ്ടാളക്കുന്നേലും സീറോ മലബാര്‍ സഭാ വിശ്വാസികളും ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഉജ്ജ്വലവരവേല്‍പ്പ് നല്‍കി തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. അല്‍മായ കമ്മീഷന്‍ റീജിനലിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിവന്ദ്യപിതാവ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തില്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്ന സീറോ മലബാര്‍ സഭാ വിശ്വാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുവാനും അല്‍മായ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അഭിവന്ദ്യപിതാവ് പ്രഖ്യാപിക്കുകയുണ്ടായി. കെ.സി.ബി.സി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ:വി.സി സെബാസ്റ്റ്യന്‍ അല്‍മായ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. മോണ്‍ സിത്തോര്‍ യൂജിന്‍ ഹാര്‍ക്കനെസ്, ഫാ. മാത്യു വണ്ടാളക്കുന്നേല്‍, അഡ്വ.ജോസഫ് ചാക്കോ, ജോസഫ് ചെറിയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വിവിധ ഭാഗങ്ങളായ പീറ്റര്‍ ബോറോ, ഇപ്‌സ്വിച്ച്, നോര്‍വിച്ച്, പാപ് വര്‍ത്ത്, ഗ്രേറ്റ് യാര്‍മ്മൊത്ത്, ബെഡ്‌ഫോര്‍ഡ്, സെന്റ്ബറി എഡ്മണ്ടസ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രതിനിധികളും കേംബ്രിഡ്ജിലെ സീറോ മലബാര്‍ സഭാ വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുത്തു. ബെഡ്‌ഫോര്‍ഡ് റിഥത്തിന്റെ വാദ്യമേളം പരിപാടികള്‍ക്ക് കൊഴുപ്പേകി. പരിപാടികള്‍ക്ക് ടോം ജോസഫ് സാബു, റോബിന്‍ കുര്യാക്കോസ്, തോമസ് ചെറിയാന്‍, റോയി മോന്‍, ലിനി ജോസഫ്, ഓമന ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.