തൊടുപുഴ: തൊടുപുഴയില്‍ പി.ജെ ജോസഫ് മത്സരിക്കുമെന്ന് കെ.എം മാണി ദല്‍ഹിയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍. മാണിയുടെ പ്രഖ്യാപനം മുന്നണി മര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് ഇരു കൂട്ടരും തെരുവില്‍ തല്ലി. സംഘര്‍ഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.
തൊടുപുഴയില്‍ നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാണിയെ യൂദാസിനോട് ഉപമിച്ച് മുദ്രാവാക്യം മുഴക്കി നഗരത്തില്‍ പ്രകടനം നടത്തുകയായിരുന്നു. പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസഫിന്റെയും മാണിയുടെയും ചിത്രങ്ങള്‍ ഉള്ള പോസ്റ്ററുകള്‍ വലിച്ചുകീറി കത്തിച്ചു. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനമായെത്തി. ഒരുങ്ങി നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
ഇരുകൂട്ടത്തിലെയും പ്രവര്‍ത്തകര്‍ സമീപത്തെ കടകളിലേക്ക് ഓടിക്കയറി. ഒരു റസ്‌റ്റോറന്റിനുള്ളിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകര്‍ അവിടെവച്ചും ഏറ്റുമുട്ടി. ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റസ്‌റ്റോറന്റില്‍ നിന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. പോലീസ് സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇരുവിഭാഗത്തിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കനത്ത പോലീസ് സംരക്ഷണമാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ കെ.എം.മാണിയുടെ നിലപാടിനെതിരെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി തോമസും പരസ്യമായി രംഗത്ത് എത്തിയിരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് ജോയി തോമസ് കുറ്റപ്പെടുത്തി.
ഇരുകൂട്ടരും പറയുന്നത് തങ്ങളല്ല പ്രശ്‌നമുണ്ടാക്കിയത് എന്നാണ്. തല്ലും കല്ലേറും തുടങ്ങിയപ്പോള്‍ തങ്ങള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും ഒരുപോലെ പറയുന്നു. സംഘര്‍ഷത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, ജയകൃഷ്ണന്‍ പുതിയേടത്ത്, ജില്ലാ സെക്രട്ടറി ബ്ലെയിസ് ജി. വാഴയില്‍, എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ ഷിനു തുടങ്ങിയവര്‍ക്ക് തലയ്ക്ക് പരിക്കേറ്റു.
മാണിയുടെ പ്രതികരണം
‘ഒരു ഘടകകക്ഷിക്ക് യോജിച്ച പ്രവര്‍ത്തിയല്ല ഇത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കുമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ പ്രകടം നടത്തുമോ?. ഉമ്മന്‍ചാണ്ടി സ്ഥാരമായി മത്സരിക്കുന്ന സീറ്റല്ലേ അത്. പി.ജെ ജോസഫ് തൊടുപുഴയില്‍ മത്സരിക്കുന്നുവെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്, തൊടുപുഴ ജോസഫിന്റെ സിറ്റിങ് സീറ്റാണ്. ഇത് പറഞ്ഞതിന് ഞങ്ങളുടെ പ്രവര്‍ത്തകരെ തല്ലുകയോ, ഇത് അഹന്തയാണ്. ഇതില്‍കൂടുതല്‍ അപമാനിക്കാനുണ്ടോ?’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല