ഏപ്രില്‍ 13ന് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നീക്കം കേരളത്തിലെ ഇടതുവലതു മുന്നണികളെ വട്ടംകറക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ തന്നെ സീറ്റ് വിഭജന ചര്‍ച്ച ആരംഭിയ്ക്കാന്‍ ഇരുമുന്നണികളും തീരുമാനിച്ചു കഴിഞ്ഞു.
വ്യാഴാഴ്ച ആരംഭിയ്ക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ജെഎസ്എസ് ചര്‍ച്ച നടക്കും. കന്റോണ്‍മെന്റ് ഹൗസിലാണ് ചര്‍ച്ച. അഞ്ചു സീറ്റ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ജെഎസ്എസിനെ അനുനയിപ്പിക്കുക കോണ്‍ഗ്രസിന് വലിയ തലവേദനയാണ്. പാര്‍ട്ടി നേതാവ് കെ.ആര്‍ ഗൗരിയമ്മയ്ക്ക് മത്സരിക്കാന്‍ സ്ഥിരം മണ്ഡലമായ അരൂരിനു പകരം ചേര്‍ത്തല ഇക്കുറി ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. ഗൗരിയമ്മ ആദ്യമായി നിയമസഭയിലെത്തിയതും ചേര്‍ത്തലയില്‍ നിന്നായിരുന്നു. എന്നാല്‍ തങ്ങളുടെ അഭിമാന മണ്ഡലമായ ചേര്‍ത്തല വിട്ടുകൊടുക്കുന്ന കാര്യം ആലോചിയ്ക്കാന്‍ പോലും കോണ്‍ഗ്രസിനാവില്ല.
നാലിന് കോഴിക്കോട് വച്ച് മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച തടത്തും. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, നാദാപുരം ബോംബ് സ്‌ഫോടനം എന്നിങ്ങനെയുള്ള പ്രതിസന്ധികളില്‍ അകപ്പെട്ട ലീഗ് കൂടുതല്‍ പിടിവാശികള്‍ക്കൊന്നും നില്‍ക്കില്ലെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ തവണത്തെ സീറ്റില്‍ തന്നെ അവര്‍ തൃപ്തിപ്പെട്ടേക്കും. അതേ സമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ തൊടുപുഴയെ ചൊല്ലി മാണിയുമായി കോണ്‍ഗ്രസ് ഇടഞ്ഞത് സീറ്റ് വിഭജന ചര്‍ച്ചകളിലും പ്രതിഫലിയ്ക്കും. ഏഴിനാണ് കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായുള്ള ചര്‍ച്ച.
യുഡിഎഫില്‍ മാത്രമല്ല ഇടതുമുന്നണിയിലും കാര്യങ്ങള്‍ ഭദ്രമല്ല. കഴിഞ്ഞ തവണ തങ്ങളില്‍ നിന്നും പിടിച്ചെടുത്ത സീറ്റുകള്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.പി രംഗത്തെത്തിയത് പുത്തരിയില്‍ തന്നെ കല്ലുകടിയായിട്ടുണ്ട്. ഇത്തവണ ഏഴു സീറ്റുകള്‍ വേണമെന്നാണ് ആവശ്യമെന്ന് സംസ്ഥാന സെക്രട്ടറി വി. പി. രാമകൃഷ്ണപിള്ള വ്യക്തമാക്കി.
ആലപ്പുഴയിലും കൊല്ലത്തും ഓരോ സീറ്റുകള്‍ വീതം അധികം വേണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം. ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം തരഞ്ഞെടുപ്പിനെ വി.എസ് അച്യൂതാനന്ദന്‍ തന്നെ നയിക്കണമെന്ന് വാശിപിടിക്കാന്‍ കഴിയില്ലെന്നും രാമകൃഷ്ണപിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ആരു നയിക്കണമെന്നത് പാര്‍ട്ടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കും. സര്‍ക്കാരിനെ ഇത്രയും കാലം നല്ലരീതിയില്‍ നയിച്ച വിഎസിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നും വിപിആര്‍ പറഞ്ഞു.
തങ്ങളുടെ വോട്ടുബാങ്ക് കണക്കിലെടുത്ത് അര്‍ഹമായ സീറ്റുകള്‍ ലഭിക്കണമെന്ന ആവശ്യമുയര്‍ത്തി കേരള കോണ്‍ഗ്രസും (പി.സി.തോമസ് വിഭാഗം) ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. ഇടതുമുന്നണിയില്‍ ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ്സി (ജെ) ന് നല്‍കിയ സീറ്റുകള്‍ ലഭിക്കണമെന്നതാണ് പി.സി.തോമസിന്റെ ആവശ്യം.തങ്ങളുടെ പാര്‍ട്ടിയുടെ മതപരമായ പശ്ചാത്തലം വ്യംഗ്യമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിലപേശല്‍.
തിരഞ്ഞെടുപ്പ് വിഭജനം മുന്നണിയ്ക്കുള്ളില്‍ കുഴപ്പമുണ്ടാക്കുമെന്ന സൂചനകള്‍ സിപിഐയും നല്‍കുന്നുണ്ട്. നിയമസഭാ സീറ്റ് വിഭജനംസംബന്ധിച്ച് പരസ്യപ്രസ്താവന പാടില്ലെന്നും ചര്‍ച്ച ചെയ്യേണ്ടത് എല്‍ഡിഎഫ് യോഗത്തിലാണെന്നും സിപിഐ സംസ്ഥാന സെക്രട്ടി ചന്ദ്രപ്പന്റെ പ്രസ്താവന ഇതിന്റെ സൂചനയാണ് നല്‍കുന്നത്.പരസ്യമായ വിലപേശലിന്മു തിര്‍ന്നിട്ടില്ലെങ്കിലും എട്ട് സീറ്റുകളാണ് സി.പി.ഐ. അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ ലഭിച്ച 24 സീറ്റുകളുടെ സ്ഥാനത്ത് ഇത്തവണ 32 സീറ്റ് വേണമെന്നതാണ് സി.പി.ഐ. നിലപാട്. സി.പി.എം. നേതാക്കളുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ ആവശ്യമാണ് അവര്‍ മുന്നോട്ടുവെച്ചത്.
എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാദള്‍ (എസ്), പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേരളാകോണ്‍ഗ്രസ് (ജെ) എന്നീ കക്ഷികള്‍ എല്‍.ഡി.എഫ്.വിട്ടതുമൂലം സീറ്റുകള്‍ ഒഴിവു വന്നതാണ് എല്‍.ഡി.എഫിലെ തര്‍ക്കത്തിന് കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല