സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ സുജിത് കുട്ടന്‍ വേതയേറിയ താരമായി. 10.91 സെക്കന്‍ഡിലാണ് സുജിത് ഫിനിഷ് ചെയ്‌തത്. കേരളത്തിന്റെ തന്നെ ജിതിന്‍ വിജയനാണ് വെള്ളി. ഫോട്ടോ ഫിനിഷിലാണ് സുജിത്തിനെ വിജയിയായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്‌ച കേരളം 11 സ്വര്‍ണം നേടി. ഇതോടെ കേരളത്തിന് ആകെ 14 സ്വര്‍ണ മെഡലുകളായി.
കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ നീന എലിസബത്ത് ബേബി, പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി യു ചിത്ര, മാജിദ നൗറിന്‍ എന്നിവര്‍ ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കി. നീന ഇന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലാണ് സ്വര്‍ണ്ണം നേടിയത്. ഇന്നെലെ ഡിസ്‌കസ് ത്രോയിലും നീന സ്വര്‍ണ്ണം നേടിയിരുന്നു. ചിത്ര സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് രണ്ടാം സ്വര്‍ണ്ണം നേടിയത്. ഇന്നലെ 5000 മീറ്ററിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററിലും 80 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് മാജിദ നൗറിന്‍ സ്വര്‍ണ്ണ നേട്ടം.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ കെ റിന്‍സിയും ട്രിപ്പിള്‍ ജംപില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ നയന ജെയിംസും സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ രഖിലും ട്രിപ്പിള്‍ ജംപില്‍ റിന്റുമാത്യുവും സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ലുക്ക്മി ഹക്കീമും ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സാന്ദ്രാ സത്യനും സ്വര്‍ണ്ണം നേടി.
തിരുവനന്തപുരത്ത് സംസ്ഥാനസ്‌കൂള്‍ മീറ്റില്‍ താന്‍ സ്വര്‍ണം നേടുന്ന സമയത്ത് മരണമടഞ്ഞ അച്ഛന്‍ മുരളിക്കുട്ടന് നല്‍കിയ പിതൃതര്‍പ്പണം കൂടിയായി സുജിത് കുട്ടന്റെ വിജയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല