കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ എപി അബ്ദുള്ളക്കുട്ടി വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. കേരള വികസന കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച കേരള വികസന വീക്ഷണം2025 എന്ന സെമിനാറിലായിരുന്നു സംഭവം.
നിലവിലെ പദ്ധതി പ്രകാരം മുന്നോട്ടു പോയാല്‍ ദേശീയപാതാ വികസനം 2 ജിയേക്കാള്‍ വലിയ അഴിമതിയായി മാറുമെന്നു സുധീരന്റെ പ്രസ്താവനയാണ് അബ്ദുള്ളക്കുട്ടിയെ ചൊടിപ്പിച്ചത്.
ബിഒടി വ്യവസ്ഥയിലുള്ള റോഡ് വികസനം അഴിമതിക്കു കാരണമാകുമെന്ന് അഭിപ്രായപ്പെട്ട സുധീരന്‍ അതിനെ ശക്തമായി വിമര്‍ശിക്കുകയായിരുന്നു. അത് ഇഷ്ടപ്പെടാതിരുന്ന അബ്ദുള്ളക്കുട്ടി സുധീരന്റെ പ്രസംഗം തീരുംമുമ്പേ സെമിനാര്‍ വേദി വിടുകയായിരുന്നു.
തന്റെ ഒപ്പം ഇറങ്ങാന്‍ അബ്ദുള്ളക്കുട്ടി സി.പി ജോണിനെ വിളിച്ചെങ്കിലും അദ്ദേഹം ഒപ്പംപോയില്ല.
പല പദ്ധതികളും ശരിയായി പഠിക്കാതെയാണു നടപ്പാക്കുന്നതെന്നും സുധീരന്‍ സെമിനാറില്‍ കുറ്റപ്പെടുത്തി.
റോഡരുകില്‍ പൊതുയോഗം നിരോധിച്ചപ്പോള്‍ അതിനെതിരേ രംഗത്തുവന്ന രാഷ്ര്ടീയ പാര്‍ട്ടികള്‍ പൊതുനിരത്തുതന്നെ സ്വകാര്യവല്‍കരിക്കുന്ന ബിഒടിക്കെതിരേ പ്രതികരിക്കുന്നില്ല.
വികസനം ആവശ്യമാണെങ്കിലും വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന സാധാരണക്കാരെ പുനരധിവസിപ്പിക്കേണ്ടത് അതതു സര്‍ക്കാരുകളുടെ ബാധ്യതയാണ്. കൃത്യമായ പദ്ധതികളുടെ അഭാവം മൂലമാണ് ഇപ്രകാരം സംഭവിക്കുന്നത്. വിശദമായ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്-സുധീരന്‍ പറഞ്ഞു.
പിന്നീട് ചടങ്ങില്‍ സംസാരിച്ച അബ്ദുള്ളക്കുട്ടി സുധീരനെതിരേ ആഞ്ഞടിച്ചു. സുധീരന്റേതു സിപിഎം പോലും തള്ളിക്കളഞ്ഞ തീവ്ര ഇടതുപക്ഷ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല