മ്യാൻമർ സ്വാതന്ത്ര്യ സമരപ്പോരാളി ഓങ് സാൻ സൂചി വീട്ടു തടങ്കലിൽ കഴിഞ്ഞിരുന്ന വീടിന്റെ ഗേറ്റകൾ വിൽപ്പനക്കെത്തി. ജനധിപത്യത്തിനു വേണ്ടി സമരം ചെയ്ത സൂചിയെ 15 വർഷമാണ് പട്ടാള ഭരണകൂടം വീട്ടുതടങ്കലിൽ പാർപ്പിച്ചത്.
2010 നവംബറിലാണ് സൂചിയെ പട്ടാള ഭരണകൂടം മോചിപ്പിച്ചത്. തുടർന്ന് സൂചിയെ തടവിൽ പാർപ്പിച്ചിരുന്ന വീടിന് പുതിയ ഗേറ്റുകൾ ഘടിപ്പിച്ചു. സൂചിയുടെ എൻഎൽഡി പാർട്ടി അനുഭാവിയായ സോ ന്യൂണ്ട് പഴയ ഗേറ്റുകൾ ലേലത്തിൽ വാങ്ങി സൂക്ഷിക്കുകയായിരുന്നു.
രണ്ടു ലക്ഷം ഡോളറെങ്കിലും കിട്ടിയാലെ ഗേറ്റുകൾ വിൽക്കുകയുള്ളു എന്നാണ് ന്യൂണ്ടിന്റെ നിലപാട്. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന പണം പുതിയ പാർട്ടി മന്ദിരത്തിനും സൂചിയുടെ പിതാവ് ജനറൽ ഓങ് സാനിന്റെ ജന്മ വാർഷിക ആഘോഷങ്ങൾക്കും ചെലവഴിക്കുമെന്ന് ന്യൂണ്ട് പറയുന്നു.
തടവിലായിരിക്കുമ്പോൾ ഈ ഗേറ്റുകൾക്കരികെ വന്നാണ് സൂചി അനുയായികളെ കണ്ടിരുന്നത്. 15 വർഷത്തെ തടവു ജീവിതത്തിനിടയിൽ പലവട്ടം സൂചിയെ മോചിപ്പിക്കുകയും വീണ്ടും തടവിലാക്കുകയും ചെയ്തിരുന്നു.
വിദേശത്തായിരുന്ന സൂചി 1988 ൽ മ്യാൻമറിലേക്ക് മടങ്ങിയെത്തിയതു മുതലാണ് ജനാധിപത്യത്തിനായുള്ള പ്രക്ഷോഭം ആരംഭിച്ചത്. ഇപ്പോൾ പാർലിമെന്റ് അംഗമായ സൂചി ഈ വർഷം തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല