സൂപ്പര്‍മാര്‍ക്കറ്റിലെത്തുന്ന ഉപഭോക്താക്കളെ പലപ്പോഴും എതിരേല്‍ക്കുക ഫ്രഷ് എന്ന ലേബലൊട്ടിച്ച ഭക്ഷ്യവസ്തുക്കളായിരിക്കും. ഇറച്ചിയും മുട്ടയും മല്‍സ്യവും പച്ചക്കറികളും ബ്രെഡും എല്ലാം ഫ്രെഷ് ആയി ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടാകും. എന്നാല്‍ ഇത്തരം സാധനങ്ങള്‍ പലപ്പോഴും അത്ര ഫ്രഷ് ആകണമെന്നില്ലെന്ന് പുതിയ അന്വേഷണം വ്യക്തമാക്കുന്നു.
ഫ്രഷ് എന്ന ലേബലിലുള്ള ആട്ടിറച്ചിയും ആപ്പിളുകളും എല്ലാം തന്നെ മാസങ്ങള്‍ പഴക്കമുള്ളവയാണെന്ന് അലക്‌സ് റെന്‍ഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഇറച്ചിയാണ് ദിവസങ്ങളേറെ കഴിഞ്ഞിട്ടും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഷ് ആയിട്ട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൃഗങ്ങളെ കശാപ്പു ചെയ്തശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് ഇറച്ചിയായി മാര്‍ക്കറ്റിലെത്തുന്നത്.
ഉപഭോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ബ്രെഡിന്റെ സ്ഥിതിയും ഇങ്ങനെയാണ്. തയ്യാറാക്കി എതാണ്ട് രണ്ടുദിവസം കഴിഞ്ഞായിരിക്കും ബ്രെഡ് മാര്‍ക്കറ്റിലെത്തുന്നത്. കേടുവരാതിരിക്കാനായി പ്രിസര്‍വേറ്റീവുകളും മറ്റ് രാസവസ്തുക്കളും ചേര്‍ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം രാസവസ്തുക്കളുടെ പേരുവിവരം പാക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇനി ഇത്തരം ഫ്രഷ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കണം.
കാലാവധി കഴിഞ്ഞ മുട്ടകളും ഇത്തരത്തില്‍ ഫ്രഷ് ആയി വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുട്ട പഴകിയാല്‍ അതിന്റെ രുചിയില്‍ വ്യത്യാസമുണ്ടാവുകയും ആരോഗ്യത്തിന് തന്നെ ഹാനികകരമാവുകയും ചെയ്യും. മല്‍സ്യങ്ങളാണ് എളുപ്പത്തില്‍ കേടുവരുന്ന മറ്റൊരു ഭക്ഷ്യവസ്തു. മല്‍സ്യങ്ങള്‍ കൂടുതല്‍ സമയം ശീതീകരണികളില്‍ തണുപ്പിച്ചാണ് എത്തുന്നത്.
അധികസമയം തണുപ്പിച്ച് സൂക്ഷിക്കുന്ന മല്‍സ്യം പോലുള്ളവ വിറ്റഴിക്കരുതെന്ന നിയമം തന്നെ പ്രാബല്യത്തിലുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് വില്‍പ്പന തകൃതിയായി നടക്കുന്നത്. ജ്യൂസ്, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ മാര്‍ക്കറ്റുകളില്‍ ‘ഫ്രെഷ്’ ആയി ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല