സൂര്യ ടിവിയിലെ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോക്കിടെ മൊട്ടിട്ട പ്രണയത്തിന് ഹൈകോടതിയുടെ അനുമതി. ഷോയിലെ വിജയിയായ ചാന്ദ്‌നി ശ്രീധരനാണ്(18) ഷോയുടെ അണിയറ പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി പിഎച്ച് അനൂപിനെ വിവാഹം ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്.
പരിപാടിയില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ നിന്നാണ് ചാന്ദ്‌നി എത്തിയത്. 2010ല്‍ തിരുവനന്തപുരത്തെത്തിയ ഇവര്‍ ചാനല്‍ നല്‍കിയ അപ്പാര്‍ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ അനുപും ചാന്ദിനിയും പ്രണയത്തിലാവുകയും ചെയ്തു.
ചാന്ദ്‌നിയുടെ അമ്മയ്ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഇവര്‍ ചാന്ദ്‌നിയെ അനൂപ് അന്യായ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കോടതിയിലെത്തുകയായിരുന്നു. പ്രോഗ്രാം അണിയറ പ്രവര്‍ത്തകന്‍ പെണ്‍കുട്ടിയെ അന്യായ തടങ്കലിലാക്കിയെന്നും തൃശൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ നോട്ടീസ് നല്‍കിയെന്നും അമ്മ ഹര്‍ജിയില്‍ ബോധിപ്പിച്ചു.
നോട്ടീസിനു താന്‍ എതിര്‍പ്പ് അറിയിച്ചുവെന്നും, സ്വയം തീരുമാനമെടുക്കാനുള്ള പക്വത പെണ്‍കുട്ടിക്കില്ലെന്നും അമ്മ വാദിച്ചു. യുഎസില്‍ നൃത്ത, സംഗീത കോഴ്‌സില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നപ്പോഴാണ് ചാന്ദ്‌നി പരിപാടിയില്‍ പങ്കെടുക്കാനായി ഇവിടെയെത്തിയത്. എന്നാല്‍, ഹിന്ദു ആചാരപ്രകാരം തങ്ങള്‍ വിവാഹിതരായെന്നും അനൂപിനൊപ്പം ജീവിക്കണമെന്നും വ്യാഴാഴ്ച കോടതിയിലെത്തിയ പെണ്‍കുട്ടി അറിയിച്ചു.
തുടര്‍ന്ന്, കെ.എം. ജോസഫ്, ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇരുവര്‍ക്കും സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല