ലാപ്ലാറ്റ: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ കാണാതെ കാനറികള്‍ പുറത്തായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ സ്വയം നഷ്ടപ്പെടുത്തിയപ്പോള്‍ പരാഗ്വേ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അവസാന നാലില്‍ ഇടം നേടി. നിശ്ചിത സമയവും അധികസമയവും പിന്നിട്ട് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലെത്തിയപ്പോള്‍ പരാഗ്വേ കാനറികളുടെ ചിറകരിഞ്ഞു. രണ്ടുമണിക്കൂര്‍ നിണ്ടു നിന്ന തീ പാറുന്ന പോരാട്ടത്തിനൊടുവിലാണ് ബ്രസീലിന് മുട്ടുമടക്കേണ്ടി വന്നത്. മാര്‍സെല്ലോ എസ്റ്റിഗാര്‍ബിയ, ക്രിസ്റ്റ്യന്‍ റിവറോസ് എന്നിവരാണ് പാരഗ്വയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചാമ്പ്യന്‍മാരായ ബ്രസീലിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പരാഗ്വെ സെമിഫൈനലില്‍ കടന്നു. ഷൂട്ടൗട്ടില്‍ നാലു കിക്കുകളും പാഴാക്കിയ ബ്രസീല്‍ തോല്‍വി സ്വയം ഏറ്റുവാങ്ങുകയായിരുന്നു. അവസരങ്ങള്‍ നാലും പാഴാക്കി എന്നതായിരുന്നു മത്സരത്തില്‍ ബ്രസീലിന്റെ പ്രത്യേകത. മൂന്നു കിക്കുകള്‍ ലക്ഷ്യം തെറ്റി പോസ്റ്റിനു വെളിയിലൂടെ പോയപ്പോള്‍ ലക്ഷ്യം തെറ്റാത്ത ഒരു കിക്ക് പരാഗ്വെ ഗോളി ജസ്റ്റോ വില്ലര്‍ കൈപ്പിടിയിലൊതുക്കി. പരാഗ്വെയുടെ ആദ്യ പെനാല്‍റ്റി കിക്ക് ലക്ഷ്യം കണ്ടില്ല. എന്നാല്‍ പിന്നീട് വന്ന രണ്ടു കിക്കുകള്‍ കൃത്യമായി വലയില്‍ വീഴ്ത്തി. പരാഗ്വെ മഞ്ഞപ്പടയെ കണ്ണീരിലാഴ്ത്തി. മാര്‍സെല്ലോ എസ്റ്റിഗാര്‍ബിയ, ക്രിസ്റ്റ്യന്‍ റിവറോസ് എന്നിവരാണ് ഷൂട്ടൗട്ടില്‍ ഗോള്‍വല കുലുക്കിയത്.
ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ പരുക്കന്‍ സൗന്ദര്യം നിറഞ്ഞ മത്സരത്തില്‍ നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടക്കം മുതല്‍ ഇരുടീമുകളും പരുക്കന്‍ അടവുകളാണ് പുറത്തെടുത്തത്. ഗോള്‍ നേടാനാകാത്തതിന്റെ നിരാശ ഇരുടീമുകളുടേയും പ്രകടനത്തില്‍ കാണാമായിരുന്നു.
കളി കൈയ്യാങ്കളിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കളി കളിക്കാര്‍ തമ്മിലുള്ള വാക്കേറ്റത്തിലേയ്ക്കും ഉന്തുംതള്ളിലേയ്ക്കും വരെയെത്തി. മത്സരം അധികസമയത്തിലേക്ക് നീങ്ങിയപ്പോഴാണ് കൈയ്യാങ്കളി വരെയെത്തിയത്. പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത കളിയില്‍ ഫൗളിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കളിക്കാര്‍ തമ്മിലുള്ള ഉന്തിലുംതള്ളിലുമെത്തിയത്. തുടര്‍ന്ന് ബ്രസീലിന്റെ ലൂക്കാസ് ലീവയേയും പരാഗ്വയുടെ അന്റോളിന്‍ അകാരസിനെയും റഫറി ചുവപ്പുകാര്‍ഡ് കാണിച്ചുപുറത്താക്കി.
പരുക്കന്‍ അടവുകള്‍ തന്നെയാണ് ഇരുടീമുകളും തുടര്‍ന്നും പിന്തുടര്‍ന്നത്. ഗോള്‍ രഹിതമത്സരം ഷൂട്ടൗട്ടിലേയ്ക്കു നീങ്ങിയപ്പോള്‍ നാലു കിക്കുകളും പാഴാക്കിയ ബ്രസീല്‍ സ്വന്തം ശവക്കുഴി തോണ്ടുകയായിരുന്നു. മോശം മൈതാനത്താണ് ക്വാര്‍ട്ടര്‍ ഫൈനല്‍ നടന്നതെന്ന ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്.
ജൂലായ് 20ന് നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ പാരാഗ്വയ്ക്ക് ഏറ്റുമുട്ടേണ്ടത് ചിലി-വെനിസ്വേലാ മത്സരത്തിന്റെ വിജയിയെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല