സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ സെന്‍ട്രല്‍ ഹോട്ടലില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഉപ പ്രധാനമന്ത്രി അടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മൊഗാദിഷു ഡപ്യൂട്ടി മേയറും ഒരു നിയമസഭാംഗവും അടക്കം 11 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹോട്ടലില്‍ ഒരു യോഗത്തിനായി എത്തിയതായിരുന്നു മന്ത്രിയും മറ്റുള്ളവരും. ഈ സമയം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം ചാവേറുകള്‍ ഹോട്ടലിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഒപ്പം ഒരു ചാവേര്‍ ഹോട്ടലിലേക്ക് ഓടിക്കയറി സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയിദയുടെ സഹോദര സംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തു. മൊഗാദിഷുവില്‍ അടുത്തിടെയായി ഹോട്ടലുകളെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ കൂടി വരികയാണ്.
ജനുവരി 22 ന് സമാന സ്വഭാവമുള്ള ഒരു ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നും ഹോട്ടലിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല