1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2018

എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ‘യുക്മ കേരളാ പൂരം 2018’ന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാവുമ്പോള്‍ ബ്രിട്ടണിലേയും യൂറോപ്പിലേയും മലയാളികളില്‍ ആവേശം അലയടിക്കുകയാണ്. യൂറോപ്പിലെ മലയാളികള്‍ ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടി എന്ന നിലയില്‍ ഇതിനോടകം തന്നെ വളരെയേറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. ഈ ചരിത്രമൊഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ എല്ലാവരേയും ജൂണ്‍ 30 ശനിയാഴ്ച്ച ഓക്‌സ്ഫഡ് ഫാര്‍മൂര്‍ തടാകവും പാര്‍ക്കും ഉള്‍പ്പെടുന്ന പൂരനഗരിയിലേയ്ക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ ?സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

ലോകപ്രവാസി മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തുന്ന ‘കേരളാ പൂരം 2018’ ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി ക്യാബിനറ്റ് തലത്തില്‍ നിന്നും ഒരാളെ പങ്കെടുപ്പിക്കാമെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ വാഗ്ദാനം നല്‍കിയിരുന്നതാണ്. നിയമസഭാ അധ്യക്ഷനായ സ്പീക്കര്‍ തന്നെ എത്തിച്ചേരുമ്പോള്‍ അത് പ്രവാസി മലയാളികള്‍കും ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മയ്ക്കും നല്‍കുന്ന അംഗീകാരമാണ്. സ്പീക്കറുടെ വരവ് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായെങ്കിലും വിസ ബുധനാഴ്ച്ച ലഭിച്ചതോടെ മറ്റ് യാത്രാക്രമീകരണങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കി അദ്ദേഹം വെള്ളിയാഴ്ച്ച വൈകിട്ട് ലണ്ടനിലെത്തും.

കേരളാ പൂരത്തിന്റെ വേദിയില്‍ തന്നെ നടത്തപ്പെടുന്ന യുക്മ ദശവര്‍ഷാഘോഷത്തിന്റെ ഉദ്ഘാടനത്തിനായി ശ്രീ ശശി തരൂര്‍ എത്തുന്നത് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ഹെലികോപ്റ്ററിലാണ്. താല്‍ക്കാലിക ഹെലിപാഡിന്റെ ഒരുക്കങ്ങള്‍ തെംസ് വാട്ടറിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫാര്‍മൂര്‍ റിസര്‍വോയര്‍ പാര്‍ക്കിന് സമീപമുള്ള പുല്‍മൈതാനിയില്‍ പൂര്‍ത്തിയായി. വൈകിട്ട് ആറ് മണിയോടെയാവും ശശി തരൂര്‍ പൂരനഗരിയിലെത്തുന്നത്.

യുവരാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ശ്രദ്ധേയനും സാമൂഹിക മാധ്യമ രംഗത്തെ നിറസാന്നിധ്യവുമാണ് ശ്രീ. വി ടി ബല്‍റാം എം.എല്‍.എയാണ് മത്സരവള്ളംകളി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. രാവിലെ കൃത്യം 10 മണിയ്ക്ക് തന്നെ വള്ളംകളി മത്സരം ആരംഭിക്കും. വി.ടി ബല്‍റാം എം.എല്‍?.എ വ്യാഴാഴ്ച്ച ഉച്ചയോടെ ലണ്ടനിലെത്തി. ഹീത്രോ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തിനും പത്‌നിയ്ക്കും ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ എബി സെബാസ്റ്റ്യന്‍, യുക്മ നഴ്‌സസ് ഫോറം അഡ്വൈസര്‍ അബ്രാഹം പൊന്നുംപുരയിടം എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.

യു.കെയിലെ പുതിയ കാലഘട്ടത്തിലെ കുടിയേറ്റ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം ആളുകളുമായി വ്യക്തിപരമായി അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളിലൊരാളായ റോഷി അഗസ്റ്റിന്‍ എം.എല്‍.എ കേരളാ പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന സെലിബ്രറ്റികളുടെ പ്രദര്‍ശന തുഴച്ചില്‍ നയിക്കും. പ്രത്യേക ക്ഷണിതാക്കള്‍, തെംസ് വാട്ടര്‍, പ്രോഗ്രാം കമ്മറ്റി, തദ്ദേശീയരായ ആളുകള്‍ എന്നിവരുള്‍പ്പെടുന്ന നാല് ടീമുകളാവും ഈ സെലിബ്രറ്റി പ്രദര്‍ശന വള്ളംകളിയില്‍ പങ്കെടുക്കുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുകയും നാട്യങ്ങളില്ലാതെ ജനങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന ജനപ്രതിനിധിയായ റോഷി നല്ലൊരു വോളിബോള്‍ കളിക്കാരനും കായികപ്രേമിയും കൂടിയായതിനാലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സെലിബ്രറ്റി റേസ് ശ്രദ്ധയാകര്‍ഷിക്കുമെന്നത് തീര്‍ച്ച.

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ മാര്‍ട്ടിന്‍ ഡേ എം.പിയാവും പരിപാടിയില്‍ വിശിഷ്ടാതിത്ഥിയാവുന്നത്. യു.കെ രാഷ്ട്രീയ രംഗത്ത് നിന്നും കേരളാപൂരത്തിന് പിന്തുണയേകാനെത്തുന്ന അദ്ദേഹം സ്‌ക്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവാണ്. മാര്‍ട്ടിന്റെ പ്രിയപത്‌നി മലയാളിയാണ്.

ഫുട്‌ബോള്‍ പ്രേമികളായ ലോകമലയാളികളുടെ ഇഷ്ട ക്ലബായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സി ടീമിലെ മലയാളിയെയാണ് മത്സര വള്ളംകളിയുടെ ഗ്രാന്റ് ഫൈനലിന് ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ ലഭിച്ചിരിക്കുന്നത്. ചെല്‍സി ഫുട്‌ബോള്‍ ടീമിന്റെ വെല്‍നെസ് കണ്‍സള്‍ട്ടന്റാണ് കൊച്ചിക്കാരനായ വിനയ് മേനോന്‍.

 

പരിപാടിയ്ക്ക് എത്തുന്നവര്‍ക്ക് വിശാലമായ പാര്‍ക്കിങ് സൗകര്യം അന്നേ ദിവസം ഒരുക്കിയിട്ടുണ്ട്. 5000 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഗ്രൗണ്ട് സംഘാടകസമിതി ക്രമീകരിച്ചിട്ടുണ്ട്. എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് 10ഓളും സെക്യുുരിറ്റിപാര്‍ക്കിങ് അറ്റന്റുമാര്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്. സെക്യൂരിറ്റികള്‍ നല്‍കുന്ന നിര്‍ദ്ദേശം കാര്‍ പാര്‍ക്കിംഗിന് എത്തുന്നവര്‍ പാലിക്കേണ്ടതാണ്.

മല്‍സരം നടക്കുന്ന വേദിയുടെ വിലാസം:

ഫാര്‍മൂര്‍ റിസര്‍വോയര്‍ ,
കുമ്‌നോര്‍ റോഡ്,
ഒക്‌സ്‌ഫോര്‍ഡ്
OX2 9NS
ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും അല്പദൂരം മാറിയാണ് കോച്ചുകളുടെ പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്. ഒരു കോച്ചിന് മുഴുവന്‍ ദിന പാര്‍ക്കിംഗിന് 10 പൗണ്ട് ഫീ നല്‍കേണ്ടതാണ്. കോച്ചുകളില്‍ വരുന്ന ആളുകളെ പരിപാടി നടക്കുന്ന സ്ഥലത്ത് ഇറക്കിയതിനു ശേഷമാണ് പാര്‍ക്കിംഗ് സ്ഥലത്തേയ്ക്ക് പോവേണ്ടത്.

കോച്ച് പാര്‍ക്കിംഗ് നടത്തേണ്ട സ്ഥലം:
Redbridge Park and Ride
OX1 4XG

 

8 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ആരംഭിക്കും.

പ്രോഗ്രാം കമ്മറ്റി ഫിനാന്‍സ് മാനേജര്‍ അലക്‌സ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള വിപുലമായ ടീം പ്രവേശന കവാടത്തില്‍ തിരക്കുകള്‍ ഉണ്ടാവാത്ത വിധത്തില്‍ പ്രവേശന നിരക്ക് ഈടാക്കി റിസ്റ്റ് ബാന്റ് നല്‍കുന്നതായിരിക്കും
പ്രവേശന ഫീ: 2 പൗണ്ട് (5 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഫ്രീ ആയിരിക്കും).

കൃത്യം 10 മണിയ്ക്ക് തന്നെ ഒന്നാം ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും.

പ്രധാന ആകര്‍ഷണ ഇനമായ മത്സരവള്ളകളിയില്‍ മാറ്റുരയ്ക്കാനെത്തുന്ന ടീമുകളെല്ലാം തന്നെ പരിശീലനം പൂര്‍ത്തിയാക്കി വിജയകിരീടം നേടണമെന്ന? വാശിയോടെയാണ് എത്തിച്ചേരുന്നത്. ഇക്കുറി മത്സരിക്കാനെത്തുന്ന ആളുകളുടെ എണ്ണം കൊണ്ട് തന്നെ വള്ളംകളി ചരിത്രത്തിലിടം പിടിക്കുകയാണ്. ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് 32 കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. ഒരു ടീമില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 20 അംഗങ്ങളാണുള്ളത്. യൂറോപ്പില്‍ കലാകായിക രംഗങ്ങളില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവുമധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് എന്ന നിലയിലാണ് ഇത്തവണ യുക്മയുടെ നേതൃത്വത്തിലുള്ള വള്ളംകളി ചരിത്രം സൃഷ്ടിക്കുന്നത്.

വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തില്‍ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്‌ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്‍കി കഴിഞ്ഞ വര്‍ഷം അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടിയേറ്റു വാങ്ങിയ യു.കെ മലയാളികളുടെ പ്രിയങ്കരനായ ജോസഫ് ചേട്ടനൊപ്പം പ്രതിഭാധനരും പരിചയസമ്പന്നരുമായ ഷൈമോന്‍ തോട്ടുങ്കല്‍ (യു.കെ വാര്‍ത്ത എഡിറ്റര്‍), തോമസ് പോള്‍ (സ്റ്റോക്ക് ഓണ്‍ ട്രന്റ്), സാം തിരുവാതിലില്‍ ( ബേസിങ്‌സ്റ്റോക്ക്), അജിത് വെണ്‍മണി (ടണ്‍ബ്രിഡ്ജ് വെല്‍സ്), ബെന്നി അമ്പാട്ട് (സൗത്താംപ്ടണ്‍) എന്നിവരൊത്തു ചേരുമ്പോള്‍ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഗ്ധാരണിയാവുമെന്നുള്ളതിന് സംശയമില്ല.

ബ്രിട്ടണിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനിയായ തെംസ് വാട്ടറിന്റെ ഉടമസ്ഥതയിലുള്ള 450 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍ക്കാണ് ഓക്‌സ്?ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറിനോട് ചേര്‍ന്നുള്ളത്. മത്സരവള്ളംകളി അരങ്ങേറുന്നത് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന റിസര്‍വോയറിലെ ഏറ്റവും വിശാലമായ തടാകത്തിനുള്ളിലാണ്. 4 മൈല്‍ ദൈര്‍ഘ്യമുള്ള റോഡ് ഈ തടാകത്തിന് ചുറ്റിലുമുണ്ട്. യു.കെയിലെ ബോട്ട് റേസ് നടത്തുന്നതിന് സൗകര്യമുള്ള മറ്റ് തടാകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തടസ്സങ്ങളൊന്നുമില്ലാതെ കരയിലെ ഏത് ഭാഗത്ത് നില്‍ക്കുന്ന കാണികള്‍ക്കും തടസ്സങ്ങളില്ലാതെ മത്സരം വീക്ഷിക്കാവുന്നതാണ്. അന്നേ ദിവസം പാര്‍ക്കില്‍ പ്രവേശിക്കുന്ന അഞ്ച് വയസ്സിന് മുകളിലേയ്ക്കുള്ള എല്ലാവരും സംഘാടകര്‍ നല്‍കുന്ന റിസ്റ്റ് ബാന്റ് ധരിക്കേണ്ടതാണ്.

മത്സരം നടക്കുന്നത് വീക്ഷിക്കുന്നതിനുള്ള മതില്‍കെട്ടിനും റോഡിനും സമീപമുള്ള പുല്‍മൈതാനിയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാ രൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും.

കുട്ടികള്‍ക്കായി പ്രത്യേക കാര്‍ണിവല്‍ ഫാര്‍മൂര്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള വിവിധ തരം വിനോദ ഇനങ്ങള്‍ ഇവിടെയുണ്ട്. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നവര്‍ക്ക് മത്സരങ്ങളും നേരിട്ട് കാണുന്നതിന് സൗകര്യമുണ്ട്. ആപ്പിള്‍ട്ടണ്‍ എന്റര്‍ടെയ്?ന്‍മെന്റ്‌സാണ് മിതമായ നിരക്കില്‍ ഈ സൗകര്യം ഒരുക്കുന്നത്. കുട്ടികള്‍ക്കായി ഫേസ് പെയിന്റിങ് പോലുള്ള വിനോദങ്ങളും ഉണ്ടായിരിക്കും.

മിതമായ നിരക്കില്‍ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള മൂന്ന് കൗണ്ടറുകള്‍ അന്നേ ദിവസം പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണ പാനീയങ്ങള്‍ ഈ കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും. മൂന്ന് വ്യത്യസ്ത കേറ്ററിങ് കമ്പനികളാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ആളുകള്‍ക്ക് ഒരു ഫുഡ് ഫെസ്റ്റിവലിന്റെ തന്നെ അനുഭവം നല്‍കുന്നതിനു വേണ്ടി രണ്ട് വ്യത്യസ്തമായ കമ്പനികള്‍ക്ക് സ്റ്റാളുകള്‍ നല്‍കിയിരിക്കുന്നത്. ഔട്ട്‌ഡോര്‍ കേറ്ററിങില്‍ അനുഭവസമ്പന്നരായ കമ്പനികളെത്തന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ ഈസ്റ്റ് ആംഗ്ലിയ കലാമേള ഉള്‍പ്പെടെ നടത്തിയ നോര്‍വിച്ചില്‍ നിന്നുള്ള എ&ജെ കേറ്ററിങ് കമ്പനിയുടെ കുട്ടനാടന്‍ ശൈലിയിലുള്ള ഭക്ഷണവിഭവങ്ങള്‍ക്ക് പ്രാധാന്യമുള്ള സ്റ്റാള്‍, സൗത്ത് ഇംഗ്ലണ്ടിലെ മലയാളികളുടെ പ്രധാന കേറ്ററിങ് കമ്പനിയായ സസക്‌സിലെ ഫ്രണ്ട്‌സ് തട്ടുകടയുടെ നേതൃത്വത്തിലുള്ള ഫുഡ്സ്റ്റാള്‍ എന്നിവരാണ് ഫുഡ് ഫെസ്റ്റിവല്‍ അനുഭവം പകര്‍ന്ന് നല്‍കാനൊരുങ്ങുന്നത്.

യു.കെ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന കണ്ണിനും കാതിനും കരളിനും അനുഭൂതിയുടെ മാസ്മരികത പകര്‍ന്ന് നല്‍കുന്ന നിരവധി പരിപാടികളാണ് കേരളാ പൂരത്തിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. തടാകത്തിലെ ജലരാജാക്കന്മാരുടെ പോരാട്ടത്തിന് ഒപ്പം വേദിയില്‍ അരങ്ങേറുന്ന നിരവധി കലാപരിപാടികളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് മലയാളത്തിലെ പ്രശസ്തമായ മ്യൂസിക്ക് ബാന്റ് ‘അഗം’ ഒരുക്കുന്ന സംഗീതപരിപാടിയാവും. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സ്റ്റേജ് പരിപാടികളും മെഗാ ഷോകളും വിജയകരമായി സംഘടിപ്പിച്ച് വരുന്ന ഗുരു നായര്‍ പ്രൊഡക്ഷന്‍സ് ആണ് ‘അഗം’ ലൈവ്ബാന്റ് പരിപാടി യുക്മയുമായി ചേര്‍ന്ന് യു.കെ മലയാളികള്‍ക്കായി ഒരുക്കുന്നത്. കര്‍ണാടക രാഗങ്ങളെ അവയുടെ തനിമ നഷ്ടപ്പെടുത്താതെ പാശ്ചാത്യ സംഗീതവുമായി ഇഴ ചേര്‍ത്ത് അവതരിപ്പിക്കുന്നതിലൂടെ ലോകമെങ്ങും പ്രശസ്തിയാര്‍ജിച്ച ബാന്‍ഡാണ് ബാംഗ്ലൂരില്‍ നിന്നുള്ള അഗം. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ബാന്‍ഡുകളിലൊന്നായ അഗം ഇന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലും യുവ തലമുറയെ ഹരം കൊള്ളിപ്പിക്കുന്ന പരിപാടികള്‍ അവതരിപ്പിച്ച് വരുന്നു. മലയാളിയായ ഹരീഷ് ശിവരാമകൃഷ്ണനാണ് അഗത്തിന്റെ മുഖ്യഗായകന്‍. ഈ വര്‍ഷം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ട്രെന്റിങ്ങ് ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്ന ആല്‍ബമാണ് കൂത്ത് ഓവര്‍ കോഫി എന്ന അഗം ബാന്റിന്റെ ഗാനം. മലയാളത്തില്‍ ഇതു വരെ കേട്ടിട്ടില്ലാത്ത സംഗീത ശൈലിയാണ് ഈ ആല്‍ബത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ തനി നാടന്‍ താളത്തില്‍ ഒരുക്കിയിരിക്കുന്ന കൂത്ത് ഓവര്‍ കോഫി ആദ്യ കേള്‍വിയില്‍ തന്നെ നമ്മുടെ മനസിലേയ്ക്ക് ഗാനത്തിന്റെ സംഗീതവും വരികളും പതിയും. ന്യൂ ജെന്‍ സംഗീതത്തോടൊപ്പം തമിഴ്‌നാട് തനി നാടന്‍ സംഗീത ശൈലിയും കൂട്ടിയിണക്കിയാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. പാട്ടിന്റെ ആലാപന ശൈലിയും തികച്ചും വ്യത്യസ്തമാണ്.ഇതിനു മുന്‍പ് പുറത്തിറങ്ങിയ എ ഡ്രീം റ്റു റിമെംബര്‍ എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്‍ (വയലിന്‍ , ആലാപനം), ഗണേഷ് റാം നാഗരാജന്‍ (ഡ്രംസ്, പിന്നണി സംഗീതം), സ്വാമി സീതാരാമന്‍ (കീബോര്‍ഡ്, ഗാനരചന), ടി. പ്രവീണ്‍കുമാര്‍ (ലീഡ് ഗിറ്റാര്‍), ആദിത്യ കശ്യപ് (ബാസ് ഗിറ്റാര്‍, പിന്നണി സംഗീതം), ശിവകുമാര്‍ നാഗരാജന്‍ ( (പെര്‍ക്കഷന്‍?), ജഗദീഷ് നടരാജന്‍ ( റിഥം ഗിറ്റാര്‍), യദുനന്ദന്‍ (ഡ്രംസ്) എന്നിവരാണ് അഗം ബാന്റ് ടീമില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. യുകെയില്‍ ആദ്യമായി ഓപ്പണ്‍ എയറില്‍ നടക്കുന്ന ഈ ലൈവ് ഒര്‍ക്കസ്ട്രാ ഗാനമേള ഏവര്‍ക്കും ഒരു പുത്തന്‍ അനുഭവമായിരിക്കും.

‘കേരളാ പൂരം 2018’ കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് സംഘടിപ്പിക്കപ്പെടുന്നത്. കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്‌ക്കാരവും, കലാകായിക പാരമ്പര്യവും, ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. യുക്മയിലെ അംഗങ്ങള്‍ക്കൊപ്പം തന്നെ ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു.കെയിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് യുക്മ ഉള്‍പ്പെടുത്തുന്നുമുണ്ട്.

ലണ്ടനിലെ ടാജ് ഹോട്ടലില്‍ 2017 നവംബര്‍ മാസം നടന്ന ലളിതമായ ചടങ്ങില്‍ 2018 ജൂണ്‍ 30നാണ് വള്ളംകളി മത്സരം നടത്തുന്നതെന്ന പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തിയത് കേരളാ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ്. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ്‌നു നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. കേരളാ ടൂറിസം ഡയറക്ടര്‍ ശ്രീ. പി. ബാലകിരണ്‍ ഐ.എ.എസ്, കെടിഡിസി എം.ഡി രാഹുല്‍ ആര്‍ എന്നിവരും സന്നിഹിതരായിരുന്നു.

2018 മാര്‍ച്ച് മാസം ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ ഐടിബി ബര്‍ലിനില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് എത്തിയ കേന്ദ്ര ടൂറിസം മന്ത്രി ശ്രീ. അല്‍ഫോന്‍സ് കണ്ണന്താനത്തെ പ്രത്യേക അനുമതിയോടെ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, എബ്രാഹം പൊന്നുംപുരയിടം എന്നിവര്‍ നേരില്‍ കണ്ട് കേരളാ പൂരം 2018ല്‍ വിശിഷ്ടാതിത്ഥിയായി പങ്കെടുക്കുന്നതിന് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അദ്ദേഹം തുടര്‍നടപടിക്രമങ്ങള്‍ക്ക് വേണ്ടി ഒപ്പമുണ്ടായിരുന്ന സെക്രട്ടറി പ്രശാന്ത് നായര്‍ ഐ.എ.എസിനെ ചുമതലപ്പെടുത്തി. മേള നടക്കുന്ന മെസ്സെ ബര്‍ലിനിലെ ഇന്ത്യാ ടൂറിസത്തിന്റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പവിലിയനില്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം നടന്ന വള്ളംകളിയുടേയും കാര്‍ണ്ണിവലിന്റെയും സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ട് വായിച്ച് വിലയിരുത്തിയതിനു ശേഷം ഇന്ത്യയുടേയും പ്രത്യേകിച്ച് കേരളത്തിന്റെയും സാംസ്‌ക്കാരികകലാകായിക പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍ യൂറോപ്പില്‍ ഏറ്റവും വിജയകരമായ രീതിയില്‍ നടപ്പിലാക്കുന്നതിന് അദ്ദേഹം യുക്മയെ പ്രശംസിച്ചു. ‘ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുമുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം യുക്മ നേതാക്കളെ അറിയിച്ചു.

മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്‌ട്രേഷന്‍ സ്വീകരണം ശ്രീ. ബെന്നി ബഹനാന്‍ എക്‌സ് എം.എല്‍.എയാണ് നിര്‍വഹിച്ചത്. 2018 ഏപ്രില്‍ 4ന് സറേ കൗണ്ടിയിലെ കായല്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ സസക്‌സിലെ ബജേഴ്‌സ് ഹില്ലില്‍ നിന്നുള്ള മിസ്മ ബോട്ട് ക്ലബ് ഭാരവാഹികളില്‍ നിന്നുമാണ് ടീം രജിസ്‌ട്രേഷന്‍ ഫോമും രജിസ്‌ട്രേഷന്‍ ഫീസായ 250 പൗണ്ട് ചെക്കും കൂടി അദ്ദേഹം സ്വീകരിച്ചു. തുടര്‍ന്ന് ഫോമും ചെക്കും അദ്ദേഹം യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസിന് കൈമാറി. പ്രവാസി മലയാളികള്‍ക്കിടയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

‘കേരളാ പൂരം 2018’ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ പര്യടനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മെയ് 3ന് ലണ്ടനിലെ ഇന്ത്യാ ഹൗസില്‍ വച്ച് ഹൈക്കമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കല്‍ ആന്റ് ഇമ്മിഗ്രേഷന്‍) ശ്രീ. രാമസ്വാമി ബാലാജിയാണ് നിര്‍വഹിച്ചു. യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ് ‘കേരളാ പൂരം 2018’ റോഡ് ഷോ ക്യാപ്റ്റനും എബ്രാഹം ജോസ് പൊന്നുംപുരയിടം (ലണ്ടന്‍), ജിജോ മാധവപ്പള്ളില്‍ (ന്യൂ കാസില്‍) എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരുമാണ്.

യു.കെയിലെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോയ്ക്ക് സ്വീകരണം നല്‍കി, ലണ്ടന്‍ ഈസ്റ്റ് ഹാം, സസക്‌സ് ബജേഴ്‌സ് ഹില്‍, നോര്‍ത്താംപ്ടണ്‍, ഗ്ലോസ്റ്റര്‍, നോട്ടിങ്ഹാം ഷെഫീല്‍ഡ്, മാഞ്ചസ്റ്റര്‍, വോള്‍വര്‍ഹാംപ്ടണ്‍, ലൂട്ടണ്‍, ഇപ്‌സ്വിച്ച്, ലെസ്റ്റര്‍ എന്നിവിടങ്ങളില്‍ റോഡ് ഷോയ്ക്കുള്ള സ്വീകരണങ്ങള്‍ നടന്നു. മത്സരവള്ളംകളിയുടെ പ്രചരണാര്‍ത്ഥം യു.കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക് നല്‍കുന്ന എവറോളിങ് ട്രോഫിയുമായിട്ടാണ് റോഡ് ഷോ എത്തുന്നത്. കേരള ലളിതകലാ അക്കാദമി ജേതാവായ ശില്പി ശ്രീ.അജയന്‍ വി. കാട്ടുങ്ങല്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ചുണ്ടന്‍ വള്ളത്തിന്റെ രൂപത്തിലുള്ള എവര്‍റോളിങ് ട്രോഫിയാണിത്. ട്രോഫിയുമായി എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലേയും മലയാളി അസോസിയേഷന്‍ ഭാരവാഹികളുടേയും മറ്റ് സാമൂഹിക സാംസ്‌ക്കാരിക സംഘടനാ നേതാക്കന്മാരുടേയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്.

32 ടീമുകള്‍ മൂന്ന് റൗണ്ടുകളിലായി ഏറ്റുമുട്ടുന്നത് 24 മത്സരങ്ങളിലാണ്. കൂടാതെ വനിതകള്‍ക്കായി ഒരു പ്രദര്‍ശന മത്സരവും ഒപ്പം ഒരു സെലിബ്രറ്റി? മത്സരവും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഇടതടവില്ലാതെ 26 വള്ളംകളി മത്സരങ്ങള്‍ നടത്തുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 32 ടീമുകളില്‍ നാല് ടീമുകള്‍ വീതം എട്ട് ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്‌സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകള്‍ സെമിഫൈനല്‍ (അവസാന 16 ടീമുകള്‍) മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. ഹീറ്റ്‌സിലെ മൂന്ന്, നാല് സ്ഥാനക്കാര്‍ 17 മുതല്‍ 32 വരെയുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള പ്ലേ ഓഫ് മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. തുടര്‍ന്ന് ആദ്യം പ്ലേ ഓഫ് മത്സരങ്ങളും തുടര്‍ന്ന് സെമി ഫൈനല്‍ മത്സരങ്ങളും നടത്തപ്പെടും. സെമി ഫൈനലിന്റെ ഓരോ മത്സരത്തിലും ഒന്നാം സ്ഥാനത്ത് എത്തുന്നവര്‍ ഗ്രാന്റ് ഫൈനലിലേയ്ക്കും, രണ്ട് മൂന്ന്, നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ലൂസേഴ്‌സ് ഫൈനല്‍, ഫസ്റ്റ് ലൂസേഴ്‌സ് ഫൈനല്‍ , സെക്കന്റ് ലൂസേഴ്‌സ് ഫൈനല്‍ എന്നീ സ്ഥാനങ്ങളിലേയ്ക്കും പ്രവേശിക്കുന്നതായിരിക്കും. പ്ലേ ഓഫ് മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകളും അവസാന റൗണ്ടിലേയ്ക്ക് പ്രവേശിക്കുന്നതും ഈ ക്രമത്തിലായിരിക്കും. തുടര്‍ന്ന് എട്ട് ഫൈനല്‍ മത്സരങ്ങള്‍ നടത്തപ്പെടും. ഗ്രാന്റ് ഫൈനല്‍ ഏറ്റവുമൊടുവിലായിരിക്കും നടത്തപ്പെടുന്നത്. കൃത്യം 10 മണിയ്ക്ക് തന്നെ ഒന്നാം ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. 8 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ആരംഭിക്കും.

പ്രാഥമിക ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ജൂണ്‍ 3ന് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിച്ച ടീം ക്യാപ്റ്റന്മാരുടെ യോഗത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. എട്ട് ഹീറ്റ്‌സുകളിലായി നടക്കുന്ന പ്രാഥമിക മത്സരങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആദ്യ 8 സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്ക് നറുക്കെടുപ്പിലൂടെ വ്യത്യസ്തമായ എട്ട് ഹീറ്റ്‌സുകളിലേയ്ക്ക് പ്രവേശനം നല്‍കി. തുടര്‍ന്ന് മറ്റ് 24 ടീമുകളേയും നറുക്കെടുപ്പിലൂടെ ഏതെല്ലാം ഹീറ്റ്‌സുകളിലാണ് മത്സരിക്കുന്നതെന്ന് തീരുമാനിക്കുകയായിരുന്നു. ടീം രജിസ്‌ട്രേഷന്‍ & മാനേജ്‌മെന്റ് ചുമതലയുള്ള ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് മത്സരക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ കാരിച്ചാല്‍ (വൂസ്റ്റര്‍ തെമ്മാടീസ്) ക്യാപ്റ്റന്‍ നോബി ജോസ് ആയിരുന്നു ആദ്യം നറുക്കെടുത്തത്.

ഓരോ ഹീറ്റ്‌സുകളിലും പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.

ഹീറ്റ്‌സ് 1

1. രാമങ്കരി (കവന്‍ട്രി ബോട്ട് ക്ലബ്, ജോമോന്‍ ജേക്കബ്)
2. വൈക്കം (വയലന്റ് സ്റ്റോംസ് ബോട്ട് ക്ലബ്, കെറ്ററിങ്, ബിജു നാലാപ്പാട്ട്)
3. മമ്പുഴക്കരി (ഫീനിക്‌സ് ബോട്ട്ക്ലബ്, നോര്‍ത്താംപ്ടണ്‍, റോസ്ബിന്‍ രാജന്‍)
4. എടത്വ (എം.എം.സി.എ ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍, സനല്‍ ജോണ്‍)

ഹീറ്റ്‌സ് 2

1. കാരിച്ചാല്‍ (തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍, നോബി കെ ജോസ്)
2. കാവാലം (ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, എസക്‌സ്, ജോസ് കാറ്റാടി)
3. കൈനടി (ഐല്‍സ്ബറി ബോട്ട് ക്ലബ്, സോജന്‍ ജോണ്‍)
4. ആര്‍പ്പൂക്കര (ഫ്രണ്ട്‌സ് യുണൈറ്റഡ് ബോട്ട് ക്ലബ്, ആഷ്‌ഫോര്‍ഡ്, സോജന്‍ ജോസഫ്)

ഹീറ്റ്‌സ് 3

1. വള്ളംകുളങ്ങര (ടൈഗേഴ്‌സ് ബോട്ട് ക്ലബ്, സൗത്ത് വെസ്റ്റ്, പത്മരാജ് എം.പി)
2. ആയാപറമ്പ് (എച്ച്.എം.എ ബോട്ട് ക്ലബ്, ഹേവാര്‍ഡ്‌സ് ഹീത്ത്, ഷാജി തോമസ്)
3. വെളിയനാട് (സെന്റ് മേരീസ് ബോട്ട് ക്ലബ്, റഗ്ബി, ബിജു മാത്യു)
4. കുമരകം (ഇടുക്കി ജില്ലാ സംഗമം ബോട്ട് ക്ലബ്, ബാബു തോമസ്)

ഹീറ്റ്‌സ് 4

1. കുമരങ്കരി (ഇപ്‌സ്വിച്ച് ബോട്ട് ക്ലബ്, ഷിബി വിറ്റ്‌സ്)
2. ചെറുതന (മിസ്മ ബോട്ട് ക്ലബ് ബര്‍ജസ് ഹില്‍, കോര വര്‍ഗ്ഗീസ്)
3. പുളിങ്കുന്ന് (എസ്.എം.എ? ബോട്ട് ക്ലബ് സാല്‍ഫോര്‍ഡ്, മാത്യു ചാക്കോ)
4. തകഴി (ബി.സി.എംസി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം, സിറോഷ് ഫ്രാന്‍സിസ്)

ഹീറ്റ്‌സ് 5

1. ആലപ്പാട് (സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, മനേഷ് മോഹന്‍)
2. കിടങ്ങറ (എന്‍.എം.സി.എ ബോട്ട് ക്ലബ്, നോട്ടിങ്ഹാം, സാവിയോ ജോസ്)
3. കായിപ്രം, (സെവന്‍സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി, ബാബു കളപ്പുരയ്ക്കല്‍)
4. ചമ്പക്കുളം (ആബര്‍ ബോട്ട് ക്ലബ്, അബര്‍സ്വിത്, വെയില്‍സ്, പീറ്റര്‍ താണോലില്‍)

ഹീറ്റ്‌സ് 6

1. നടുഭാഗം (യുണൈറ്റഡ് ബോട്ട് ക്ലബ്, ഷെഫീല്‍ഡ്, രാജു ചാക്കോ)
2. അമ്പലപ്പുഴ (തോമാര്‍ ആറന്മുള ബോട്ട് ക്ലബ്, ബ്രിസ്റ്റോള്‍, ജഗദീഷ് നായര്‍)
3. ആനാരി (വാല്‍മ ബോട്ട് ക്ലബ്, വാര്‍വിക്, ലൂയീസ് മേച്ചേരി)
4. പായിപ്പാട് (സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്, കെന്റ്, ജോഷി സിറിയക്)

ഹീറ്റ്‌സ് 7

1. തായങ്കരി (ജവഹര്‍ ബോട്ട്ക്ലബ് ലിവര്‍പൂള്‍, തോമസുകുട്ടി ഫ്രാന്‍സിസ്)
2. കൊടുപ്പുന്ന (ടൈഗേഴ്‌സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍, ടോജോ പെട്ടയ്ക്കാട്ട്)
3. കരുവാറ്റ ( ഹണ്ടിങ്ടണ്‍ ബോട്ട് ക്ലബ്, ലീഡോ ജോര്‍ജ്)
4. പുന്നമട (നൈനീറ്റണ്‍ ബോയ്‌സ്, സജീവ് സെബാസ്റ്റ്യന്‍)

ഹീറ്റ്‌സ് 8

1. കൈനകരി (ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍, ജിസ്സോ എബ്രാഹം)
2. വേമ്പനാട് (അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ലിനു വര്‍ഗ്ഗീസ്)
3. നെടുമുടി (കെറ്ററിങ് ബോട്ട് ക്ലബ്, സിബു ജോസഫ്)
4. പുതുക്കരി (ഡ്ബ്യു.എം?എ ബോട്ട് ക്ലബ്, സ്വിന്‍ഡണ്‍, സോണി പുതുക്കരി)

‘കേരളാ പൂരം 2018’ ഉദ്ദേശം 70,000 ലധികം പൗണ്ട് ചെലവ് വരുമെന്നാണ് കരുതപ്പെടുന്നത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് പൂര്‍ണ്ണമായും ഈ തുക കണ്ടെത്തേണ്ടത്. കൂടാതെ വള്ളംകളിയെയും യുക്മയുടെ പ്രവര്‍ത്തനങ്ങളെയും സ്‌നേഹിക്കുന്ന ആളുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഡൊണേഷന്‍ ആയും സാമ്പത്തിക സഹായം സംഘാടകസമിതി സ്വീകരിക്കും.

പ്രോഗ്രാം കമ്മറ്റി:

ചെയര്‍മാന്‍ : മാമ്മന്‍ ഫിലിപ്പ്

ചീഫ് ഓര്‍ഗനൈസര്‍: റോജിമോന്‍ വര്‍ഗ്ഗീസ്

ജനറല്‍ കണ്‍വീനര്‍ : അഡ്വ. എബി സെബാസ്റ്റ്യന്‍

ടീം മാനേജ്‌മെന്റ്: ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി

ഫിനാന്‍സ് മാനേജഴ്‌സ്: അലക്‌സ് വര്‍ഗ്ഗീസ്, ഡോ. ബിജു പെരിങ്ങത്തറ

ഫിനാന്‍സ് ഓഫീസേഴ്‌സ്: കിരണ്‍ സോളമന്‍, ലാലു ആന്റണി, വിജി കെ.പി, ജോജോ തെരുവന്‍, ലാലിച്ചന്‍ ജോര്‍ജ്, ഷാജി തോമസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, ഷാജി ജോസഫ്, മനോജ് പിള്ളൈ, ബ്രയാന്‍ വര്‍ഗ്ഗീസ്, ജയകൃഷ്ണന്‍ നായര്‍, പോള്‍ ജോസഫ്, സജിമോന്‍ സേതു, ജയചന്ദ്രന്‍ നായര്‍, റെജി ജോര്‍ജ്, കുര്യന്‍ ജോര്‍ജ്, ജോസ് പി.എം, സന്തോഷ് തോമസ്, ജിജി നട്ടാശ്ശേരി, സെബി പോള്‍ സൈമി ജോര്‍ജ്, ജോര്‍ജ് മാത്യു,

റോഡ് ഷോ: ടിറ്റോ തോമസ്, എബ്രാഹം പൊന്നുംപുരയിടം, ജിജോ മാധവപ്പള്ളി

ഹോസ്പിറ്റാലിറ്റി: വര്‍ഗ്ഗീസ് ചെറിയാന്‍, ഇഗ്‌നേഷ്യസ് പെട്ടയില്‍, ബീന സെന്‍സ്, ജിജി നട്ടാശ്ശേരി

പബ്ലിസിറ്റി: സുജു ജോസഫ്, ബാലസജ്ജീവ് കുമാര്‍

ഇന്‍വിറ്റേഷന്‍: ഓസ്റ്റിന്‍ അഗസ്റ്റിന്‍, ഡോ. ദീപ ജേക്കബ്

കള്‍ച്ചറല്‍ പ്രോഗ്രാം: ജെയ്‌സണ്‍ ജോര്‍ജ്, ജോര്‍ജ്കുട്ടി എണ്ണംപ്ലാശ്ശേരില്‍, അനീഷ് ജോണ്‍, പ്രിയ കിരണ്‍, ജിജി വിക്ടര്‍

പ്ലാനിങ് & ലീഗല്‍ ഓഫീസര്‍: അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍

ഗവണ്‍മെന്റ് ലെയ്‌സണിങ്: അഡ്വ. സന്ദീപ് ആര്‍ പണിക്കര്‍

മള്‍ട്ടികള്‍ച്ചര്‍ കോര്‍ഡിനേഷന്‍: സജീഷ് ടോം

റണ്ണിങ് കമന്ററി; സി.എ ജോസഫ്, ഷൈമോന്‍ തോട്ടുങ്കല്‍, തോമസ് പോള്‍, സാം തിരുവാതിലില്‍, അജിത് വെണ്‍മണി, ബെന്നി അമ്പാട്ട്

ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ മാനേജ്‌മെന്റ്: സുരേഷ് കുമാര്‍ ഒ.ജി

എക്‌സിബിഷന്‍: ഷീജോ വര്‍?ഗീസ്, ഡിക്‌സ് ജോര്‍ജ്, സോബന്‍ ജോര്‍ജ്

മെഡിക്കല്‍ ടീം: സിന്ധു ഉണ്ണി, ബിന്നി മനോജ്, ജോജി സെബാസ്റ്റ്യന്‍, ദേവലാല്‍ സഹദേവന്‍, മനു സഖറിയ, സുനിത രാജന്‍

ഓഫീസ്: ബൈജു തോമസ്, കുഞ്ഞുമോന്‍ ജോബ്

ഐ.ടി സപ്പോര്‍ട്ട്: ഷിജു മാത്യു

ജനറല്‍ മാനേജ്‌മെന്റ്:
പത്മരാജ് എം പി, മൈക്കിള്‍ കുര്യന്‍, വര്‍ഗ്ഗീസ് ജോണ്‍, പോള്‍സണ്‍ ജോസഫ്, ഗിരീഷ് കൈപ്പള്ളി, ദീപേഷ് സ്‌ക്കറിയ

വള്ളംകളി മത്സരത്തില്‍ വിവിധ ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണ് യുക്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കേരളാ ടൂറിസം 2018’. യൂറോപ്പില്‍ മലയാളികള്‍ നടത്തുന്ന ഏക വള്ളംകളി മത്സരവും കാണുന്നതിനും പ്രശസ്തമായ ‘അഗം’ ബാന്റ് ഉള്‍പ്പെടെയുള്ളവരുടെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍ ആസ്വദിക്കുന്നതിനുമായുള്ള അവസരം എല്ലാ? യു.കെ മലയാളികളും വിനയോഗിക്കണമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

‘കേരളാ പൂരം 2018’: കൂടുതല്‍ വിവരങ്ങള്‍ക്ക് മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Farmoor Reservoir
Cumnor Road
Oxford
OX2 9NS

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.