1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2011

തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാറും ടീക്കോമുമായി അന്തിമ കരാറായി. ഇന്നലെ ടീകോം പ്രതിനിധികളും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അനിശ്ചതത്ത്വത്തില്‍ തുടര്‍ന്നിരുന്ന പദ്ധതിക്ക് ജീവന്‍ വെച്ചത്.

പദ്ധതി സംബന്ധിച്ച അന്തിമ കരാറായതോടെ കേരളത്തില്‍ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരിക്കയാണ്. വിവാദങ്ങളുണ്ടാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു സ്മാര്‍ട്ട് സിറ്റി. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതി സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന നിലപാടാണ് എല്‍.ഡി.എഫ് മുന്‍പ് സ്വീകരിച്ചത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടാണ് ഇതെന്നും ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ നേട്ടമാണ് പദ്ധതിയെന്ന് അവകാശപ്പെടുന്നു. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പദ്ധതി സംബന്ധിച്ച് ടീക്കോമുമായുണ്ടാക്കിയ കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. പത്യേക സാമ്പത്തിക മേഖലയിലെ 12 % ഭൂമിയില്‍ വില്‍പനാവകാശം ഇല്ലാതെ സ്വതന്ത്രാവകാശം അനുവദിക്കാമെന്ന സംസ്ഥാനത്തിന്റെ വ്യവസ്ഥ ടീകോം അംഗീകരിച്ചിട്ടുണ്ട്. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്‌ട്രേഷനിലും സംസ്ഥാനം ഇളവ് അനുവദിക്കും. മൂന്നുമാസത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുമാസത്തിനകം റജിസ്‌ട്രേഷന്‍ ഉണ്ടാകും.

ധാരണയിലെത്തിയ രേഖകള്‍ കൈമാറിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട സ്തംഭനങ്ങള്‍ അവസാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടങ്ങള്‍ കഴിയുന്നത്രവേഗം നിര്‍ദ്ദിഷ്ട സ്ഥലത്ത് നിര്‍മ്മിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴ്ചകള്‍ക്കുള്ളില്‍ സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് സൂചന.

ദുബായ് വേള്‍ഡ്ഗ്രൂപ്പിന്റെ പരമോന്നത സമിതിയംഗം അഹമ്മദ് ഹുമൈദ് അല്‍തായറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. ടീകോം ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുല്‍ലത്തീഫ് അല്‍മുള്ളയും സംസ്ഥാന സര്‍ക്കാരിന്റെ ദൂതനായ എം.എ. യൂസഫലിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.