അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): സ്റ്റീവനേജില്‍ ദശ ദിന ജപമാല,നൊവേനസമര്‍പ്പണങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ആഘോഷിച്ച ജപമാല രാജ്ഞിയുടെ തിരുന്നാള്‍ തിങ്ങി നിറഞ്ഞ മാതൃ ഭക്തരാലും,ആത്മീയ സമര്‍പ്പണത്തിന്റെ അമൂല്യ അനുഭവം പകര്‍ന്ന തിരുന്നാള്‍ സമൂഹ ദിവ്യബലിയാലും,ഏറെ മനോഹരമായി അലങ്കരിച്ച പരിശുദ്ധ അമ്മയുടെ രൂപം ഏന്തി മെഴുകുതിരികള്‍ വഹിച്ചു നടത്തിയ ജപമാല റാലിയാലും തികഞ്ഞ മരിയന്‍ പ്രഘോഷണോത്സവമായി.
സ്റ്റീവനേജില്‍ കൊണ്ടാടിയ ജപമാല രാജ്ഞിയുടെ പ്രഥമ തിരുന്നാള്‍ ആഘോഷങ്ങള്‍ കോര്‍ഡിനേട്ടര്‍ തോമസ് പാറയടി അച്ചന്‍ വാഴ്‌വോടെ ആരംഭിച്ചു. ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വെച്ചുകൊണ്ട് നടത്തിയ ജപമാല സമര്‍പ്പണത്തോടെ പത്താം ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ആത്മീയ തീക്ഷ്ണത പകരുകയായി.വാദ്യമേളങ്ങളുടെ അകമ്പടിയോടെ,അലങ്കൃത കൊടിമരത്തില്‍ മാതൃ ഭക്തരുടെ പ്രാര്‍ത്താനാരൂപിയിലും സാമീപ്യത്തിലും വൈദികരായ കോര്‍ഡിനേട്ടര്‍ തോമസ് പാറയടി,ജോസഫ് കറുകയില്‍,സോണി ജോസഫ് എന്നിവരെ സാക്ഷി നിറുത്തി ഇടവക വികാരി ഫാ.വിന്‍സന്റ് ടൈക്ക് പരിശുദ്ധ അമ്മയുടെ രൂപാങ്കിത കൊടി ഏറ്റി.
തുടര്‍ന്ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ തിരുന്നാള്‍ പ്രസിദേന്തിമാരായ സജന്‍, സിജോ, ഫിലിഫ്,ജസ്റ്റിന്‍ എന്നിവരെ തോമസ് അച്ചന്‍ വെഞ്ചരിച്ച തിരി നല്‍കി, പ്രാര്‍ത്തിച്ചു വാഴിച്ചു. സ്റ്റീവനേജിലും പരിസരങ്ങളിലും ഉഉളവരെ കൂടാതെ അതിതികളായി എത്തിയ സമൂഹത്തെ മുഴുവന്‍ മാതൃ മാദ്ധ്യസ്ഥത്തില്‍ കാഴ്ച വസ്തുക്കളിലൂടെ സമര്‍പ്പിച്ചു കൊണ്ട് ആരംഭിച്ച സമൂഹബലിയില്‍ ജോസഫ് കറുകയില്‍ അച്ചന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
മാതൃ തിരുന്നാളിലിനു ഫാ.സോണി ജോസഫ് ചിന്തോദ്ദീപകമായ സന്ദേശം നല്‍കി. കുടുംബങ്ങളുടെ നാഥയും, മാതൃകയും, അനുഗ്രഹവും,മാദ്ധ്യസ്ഥ ശക്തിയും ആയ അമ്മയെ കുടുംബ നാഥയായി പ്രതിഷ്ടിക്കേണ്ടതിന്റെ അനിവാര്യത തന്റെ അനര്‍ഗ്ഗളമായി ഒഴുകിയ മാതൃ പ്രഘോഷണ തിരുന്നാള്‍ സന്ദേശത്തില്‍ മുഴു നീളെ നിഴലിച്ചിരുന്നു. മാതൃ ഭക്തി തീക്ഷണത ഉറക്കെ ഉളവാക്കുകയും പകരുകയും ചെയ്യുന്നതായി സോണി അച്ചന്റെ പ്രസംഗം
.
ദിവ്യ ബലിക്കു ശേഷം വിനയത്തിന്റെയും സഹനത്തിന്റെയും, കരുണയുടെയും,സ്‌നേഹത്തിന്റെയും കേന്ദ്രമായ മാതാവിനോടുള്ള പാരമ്പര്യ വിശ്വാസ തീക്ഷ്ണത നെഞ്ചിലേറ്റി കുടുംബ ജീവിതം നയിക്കുവാന്‍ മാതാവിനോടുള്ള നൊവേന അര്‍പ്പിച്ചു കൊണ്ട് തോമസ് പാറയടി അച്ചന്‍ തിരുന്നാളില്‍ സംബന്ധിച്ച ഏവരെയും പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
ശ്രവണ സുഖവും,താള ലയവും, ഇമ്പ രസവും നിറഞ്ഞ പൂള്‍ ആന്‍ഡ് ബോണ്‍ മൌത്ത് ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ, വര്‍ണ്ണാഭമായ തോരണങ്ങളാല്‍ അലങ്കൃതമായ വീഥിയിലൂടെ കുരിശും,മുത്തുക്കുടകളും, കൊടികളും,പേപ്പല്‍ ഫ്‌ലാഗ്‌സും ഏന്തിക്കൊണ്ട് ലുത്തീനിയ ആലപിച്ചു കൊണ്ട് മാതൃ സന്നിധേയം അനുഭവമാക്കിയ ജപമാല റാലി നടത്തി.മാതൃ ഭക്തരുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ കൂട്ടി ചേര്‍ത്ത ദിവ്യകാരുണ്യം എഴുന്നള്ളിച്ചു കൊണ്ട് പുഷ്പാലങ്കാരങ്ങളാല്‍ വിളങ്ങിയ അതിമനോഹരമായ മാതൃ പേടകത്തിന്റെ പിന്നിലായി നീങ്ങി. ആവേ മരിയാ സ്‌തോത്രങ്ങളിലൂടെ മുഖരിതമാക്കിയ ജപമാല റാലി അക്ഷരാര്‍ത്ഥത്തില്‍ സ്റ്റീവനേജിന്റെ പള്ളി സ്‌കൂള്‍ അങ്കണങ്ങളെ മാതൃ പ്രഘോഷണ വേദിയാക്കി മാറ്റി.
ദേവാലയത്തില്‍ പ്രദക്ഷിണം തിരിച്ചെത്തിയ ശേഷം നടത്തിയ സമാപന ശുശ്രുഷയില്‍ വെഞ്ചിരിപ്പിനും,വി.അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുമായി നല്‍കിയ സമാപന ആശീര്‍വ്വാദത്തിലും സോണി അച്ചനാണ് ശുശ്രുഷകള്‍ നയിച്ചത്. തോമസ് അച്ചന്‍ കഴുന്നു ദ്രവ്യങ്ങളും,നേര്‍ച്ച കാഴ്ചകളും വെഞ്ചരിച്ചു. തിരുശേഷിപ്പ് വന്ദിക്കുന്നതിനും കഴുന്നെടുക്കുന്നതിനും പ്രത്യേക അവസരം തതവസരത്തില്‍ ഉണ്ടായിരുന്നു.
സ്വര്‍ഗ്ഗീയാത്മക സംഗീത മാധുര്യം ഒഴുകിയ ഗാന ശുശ്രുഷയിലൂടെ ലൂട്ടന്‍ അരുണും,ജീനയും തിരുക്കര്‍മ്മങ്ങള്‍ക്ക് ഭക്തിസാന്ദ്രത ഉണര്‍ത്തി.സിസ്റ്റര്‍ ആലീസ് ജപമാല ശുശ്രുഷക്കും,സി.മിലി,സി.എല്‍സി എന്നിവര്‍ സമര്‍പ്പണ ശുശ്രുഷകള്‍ക്കും നേതൃത്വം നല്‍കി.
പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളില്‍ മുഖ്യ നേതൃത്വം നല്‍കിയ ട്രസ്റ്റിമാരായ മനോജ് ഫിലിപ്പും,ബെന്നി ജോസഫും തങ്ങളുടെ മികച്ച സംഘാടകത്വവും സഹാകാരികത്വവും ശ്രദ്ധേയമാക്കി. രൂപക്കൂട് നിര്‍മ്മിക്കുകയും,അത് ഏറെ മനോഹരമാക്കി അലങ്കരിച്ചു മാതൃ രൂപം പ്രതിഷ്ടിക്കുകയും ചെയ്ത സിജോ ജോസും,അല്‍ത്താരയും,ദേവാലയവും,പരിസരവും ഏറെ മനോഹരവും ആകര്‍ഷകവുമായി അലങ്കരിക്കുവാന്‍ നേതൃത്വം നല്‍കിയ ബോബന്‍ സെബാസ്റ്റ്യനും ടീമും,തിരുന്നാളില്‍ പങ്കെടുത്ത എല്ലാവരുടെയും തദ്ധേശീയ ഇടവകക്കാരുടെയും ഏറെ പ്രശംശ പിടിച്ചു പറ്റി. പ്രദക്ഷിണം,കാഴ്ച്ച സമര്‍പ്പണം, ഭക്ഷണം, പാര്‍ക്കിംഗ് തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഭംഗിയാക്കി നിര്‍വ്വഹിച്ച കമ്മിറ്റികളെയും, കാര്‍മ്മികരായി എത്തിയ ബഹുമാനപ്പെട്ട വൈദീകരെയും,ശുശ്രുഷകളില്‍ സഹായിച്ചവരെയും തിരുന്നാളില്‍ സംബന്ധിച്ച മുഴുവന്‍ വ്യക്തികളെയും ട്രസ്റ്റി ബെന്നി ജോസഫ് തിരുന്നാള്‍ കമ്മിറ്റിക്ക് വേണ്ടി ഹ്രുദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു
.
തിരുന്നാള്‍ ദിവ്യബലിയും,സന്ദേശവും അനുബന്ധ ശുശ്രുഷകളും, ജപമാല റാലിയും ആത്മീയ വിരുന്നായി ഏവര്‍ക്കും അനുഭവിക്കുവാനും, രുചിക്കുവാനും കഴിഞ്ഞു. തങ്ങളുടെ ജീവിത യാത്രയില്‍ സ്‌നേഹമയിയും,സംരക്ഷകയുമായ പരിശുദ്ധ മാതാവിനെ ഹൃദയത്തില്‍ ദൃഡമായി ചേര്‍ത്തു നിറുത്തുവാനുള്ള അതിയായ അഭിലാഷം വിളിച്ചോതിയ തിരുന്നാളിന് സ്വാദിഷ്ടമായ സ്‌നേഹ വിരുന്നോടെ സമാപനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല