അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ലണ്ടന്‍ റീജിയണിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ ‘സര്‍ഗ്ഗം’ സ്റ്റീവനേജിന്റെ വിപുലമായ ഓണോത്സവം ആഗസ്റ്റ് 26 നു വാശിയേറിയ ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാസ്വാദകരുടെ ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ അനുഗ്രഹീത നടന്‍ ശങ്കര്‍ മുഖ്യാതിഥിയായി സര്‍ഗ്ഗം ‘പൊന്നോണം2017’ ന്റെ കൊട്ടിക്കലാശ ദിനത്തില്‍ പങ്കു ചേരും.സെപ്റ്റംബര്‍ 9 നു നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് ഈ ‘നൂറ്റാണ്ടിലെ ഏറ്റവും മികച്ച റൊമാന്റിക് ഹീറോ’ തന്നെ തിരി തെളിക്കും. ഒരു വര്‍ഷത്തിലേറെ തീയേറ്ററുകളില്‍ ഓടിയ,തമിഴിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായ ‘ഒരു തലൈ രാഗം’ ഫെയിം ഹീറോ ശങ്കര്‍ പങ്കെടുത്തിട്ടുള്ള ഓണാഘോഷങ്ങളില്‍ ഏറ്റവും മികച്ചതാക്കി മാറ്റുവാന്‍ അതിനാല്‍ തന്നെ സംഘാടകരും, ആതിഥേയരും തീവ്ര ശ്രമത്തിലാണ്.
ആഗസ്റ്റ് 26 നു ശനിയാഴ്ച രണ്ടു മണിക്ക് കാന്റര്‍ബറി റോഡിലുള്ള സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിലെ ഇരു ഹാളുകളിലായി ആരംഭിക്കുന്ന ഇന്‍ഡോര്‍ മത്സരങ്ങളോടെ രണ്ടാഴ്ച നീളുന്ന ആഘോഷത്തിനു ആവേശകരമായ നാന്ദി കുറിക്കപ്പെടും. മത്സരയിനങ്ങളില്‍ ഏറ്റവും ആവേശം മുറ്റി നില്‍ക്കുന്ന കായിക മത്സരങ്ങളിലും ഔട്ട് ഡോര്‍ ഗെയിംസിലും സെപ്തംബര്‍ 2,3 തീയതികളില്‍ സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ തമ്മില്‍ തീപാറുന്ന വാശിയോടെയാവും മാറ്റുരക്കുക.സെന്റ് നിക്കോളാസ് ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന കായിക മാമാങ്കങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കും, കാണികള്‍ക്കും ലഘു ഭക്ഷണവും ചായയും മറ്റും സംഘാടകര്‍ ഒരുക്കുന്നുണ്ട്.
ലണ്ടനിലെ ഏറെ ശ്രദ്ധേയമായ ഓണാഘോഷമെന്ന വര്‍ഷങ്ങളായുള്ള പ്രശസ്തി ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന തലത്തിലാണ് അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നു കമ്മിറ്റി മെംബര്‍മാരായ ബോസ് ലൂക്കോസ്, ജോസഫ് സ്റ്റീഫന്‍,ജോയി ഇരുമ്പന്‍, സുജ സോയിമോന്‍,ഉഷാ നാരായണ്‍, ഹരിദാസന്‍, ലാലു,വര്‍ഗ്ഗീസ് എന്നിവര്‍ അവകാശപ്പെടുന്നു. സര്‍ഗ്ഗം ‘പൊന്നോണം2017’ ആവേശാഘോഷങ്ങള്‍ക്കു ഉജ്ജ്വല സമാപനം കുറിക്കുന്ന ഓണാനുബന്ധ കലാസാംസ്‌കാരിക പരിപാടികള്‍ക്ക് ബാര്‍ക്ലെയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയം അരങ്ങൊരുങ്ങുമ്പോള്‍ തങ്ങളുടെ കലാവൈഭവങ്ങള്‍ അവതരിപ്പിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ കള്‍ച്ചറല്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ഷാജി ഫിലിപ്പുമായി (07737700911) ഉടന്‍ തന്നെ ബന്ധപ്പെടേണ്ടതാണ്.
സെപ്തംബര്‍ 9 ശനിയാഴ്ചത്തെ മുഴുദിന ആഘോഷമായ സര്‍ഗ്ഗം ‘പൊന്നോണം2017’ ന്റെ (രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരെ) ആവേശപൂര്‍വ്വം ഉള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും,ലണ്ടനിലും പ്രാന്ത പ്രദേശത്തും ഉള്ള സുഹൃദ് വൃന്ദവും.ഒരു മാസത്തോളമായി ഒരുക്കങ്ങള്‍ നടത്തി പോരുന്ന നിരവധി വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങങ്ങളോടൊപ്പം, പൂക്കളവും, ഗാനമേളയും, അതിഗംഭീരമായ ഓണ സദ്യയും,ഒപ്പം വിശിഷ്ടാതിഥിയായ ശങ്കറിനോടൊപ്പം, മാവേലി മന്നനും കൂടി വന്നു ചേരുമ്പോള്‍ ആഘോഷത്തിന് വര്‍ണ്ണം ചാര്‍ത്തുവാന്‍ കടുവകളിയും, ചെണ്ടമേളവും ഒക്കെയായി സര്‍ഗ്ഗം പൊന്നോണം പ്രൗഢഗംഭീരമാവും.
തിരുവോണ നാളുകളുടെ പൗരാണിക കാലത്തെ പുകള്‍പെറ്റ അനുസ്മരണകള്‍ ഉണര്‍ത്തുന്ന സര്‍ഗ്ഗം പൊന്നോണത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡണ്ട് കുരുവിള അബ്രാഹം (07886935695),സെക്രട്ടറി മനോജ് ജോണ്‍ (07735285036),ഖജാന്‍ജി ഷാജി ഫിലിഫ് (07737700911) എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
സര്‍ഗ്ഗം ‘പൊന്നോണം2017’ ന്റെ വേദിയുടെ വിലാസം:സ്റ്റീവനേജ് ഓള്‍ഡ് ടൌണിലുള്ള ബാര്‍ക്ലെസ് സ്‌കൂള്‍ ഓഡിറ്റോറിയം, വാക്കേന്‍ റോഡ്,എസ്ജി1 3ആര്‍ബി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല