ആപ്പിള്‍ സിഇഒ സ്റ്റീവ് ജോബ്‌സിന്റെ ജീവിതകഥ പുറത്തിറങ്ങുന്നു. ‘ഐ സ്റ്റീവ്: ദി ബുക്ക് ഓഫ് ജോബ്‌സ്’എന്ന പേരില്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ എഴുതുന്ന പുസ്തകം 2012ല്‍ പുറത്തിങ്ങുമെന്ന് പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷൂസ്റ്റര്‍ അറിയിച്ചു.
2009 മുതല്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ പുസ്തകത്തിന്റെ പണിയിലാണ്. ഇതിനോടകം നിരവധി തവണ അദ്ദേഹം സ്റ്റീവ് ജോബ്‌സുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അഭിമുഖം നടത്തി. ആപ്പിളിലെ സഹപ്രവര്‍ത്തകര്‍, ആപ്പിളുമായി മത്സരിക്കുന്ന മറ്റു കമ്പനികളുടെ മേധാവികള്‍ എന്നിവരുമായുമൊക്കെ സംസാരിച്ചിട്ടുണ്ട്.
സ്റ്റീവ് ജോബ്‌സിന്റെ ജീവിതം പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പൂര്‍ണ സമ്മതത്തോടെയുള്ള ആദ്യ പുസ്തകമാണ് ഇത്. അതിനാല്‍ തന്നെ സ്റ്റീവിന്റെ ഔദ്യോഗിക ജീവിതകഥായാണിതെന്നാണ് പ്രസാധകര്‍ വിശേഷിപ്പിക്കുന്നത്.
കടുത്ത കാന്‍സര്‍ബാധിതനായ സ്റ്റീവ് ജോബ്‌സ് മാസങ്ങളായി അവധിയിലാണ്. 56കാരനായ അദ്ദേഹം മരണാസന്ന നിലയിലായെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതാണെങ്കിലും മാര്‍ച്ചില്‍ അദ്ദേഹം ഐപാഡ്2ന്റെ അവതരണച്ചടങ്ങിനെത്തിയിരുന്നു.
1970കളിലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് അദ്ദേഹം ആപ്പിള്‍ എന്ന പേരില്‍ കമ്പ്യൂട്ടര്‍ നിര്‍മാണ കമ്പനി തുടങ്ങിയത്. ഇടയ്ക്ക് ആപ്പിള്‍ വിട്ട് മറ്റൊരു കമ്പനി ആരംഭിച്ചതാണെങ്കിലും ആ കമ്പനിയെ ആപ്പിള്‍ ഏറ്റെടുത്തതോടെ 1996ല്‍ ആപ്പിളില്‍ തിരിച്ചെത്തി. 1997 മുതല്‍ ആപ്പിളിന്റെ സിഇഒ ആണ്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക് രംഗത്തെ ഒന്നാംനിര കമ്പനിയായി ആപ്പിളിനെ വളര്‍ത്താന്‍ സ്റ്റീവിന് കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ മുന്‍നിര ബ്രാന്‍ഡുകളായ ഐപോഡ്, ഐപാഡ്, ഐഫോണ്‍, മാക് എന്നിവയെല്ലാം ആപ്പിളിന്റേതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല