ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്രം സ്വീകരിച്ചത്. നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ആവശ്യമായ ഇടപെടല്‍തങ്ങള്‍ നടത്തുന്നുണ്ടെന്നും അതുകൊണ്ട് ഇത്തരമൊരു ഹര്‍ജി ആവശ്യമില്ലെന്നുമാണ് കേന്ദ്രവാദം. നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ വരുന്നതാണെന്നും അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നുമാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പിലെ അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ആശുപത്രികളിലെ ബോണ്ട് സമ്പ്രദായം സംബന്ധിച്ച് നിരവധി പരാതികള്‍ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെതന്നെയാണ് സമീപിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണപരിധിയിലാണ്. ഇത് കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തക്കവിധം നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നേഴ്‌സുമാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കാന്‍ പാടില്ലെന്നും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ നേഴ്‌സുമാര്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ച് തള്ളണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല