തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സ്വത്തിന്റെ വിശദാംശങ്ങള്‍ പൊതുതാല്‍പര്യത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നും കാണിച്ച് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ ആദായനികുതി വകുപ്പിന് കത്തയച്ചു.
കെജിബിയുടെയും ബന്ധുക്കളുടേയും സ്വത്തുവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം അറിയണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് കെജിബി നിലപാട് വെളിപ്പെടുത്തിയത്. 2005 മുതല്‍ 2010 വരെ എല്ലാവര്‍ഷവും ആദായ നികുതി റിട്ടേണ്‍ നല്‍കിയതിന്റെ വിശദാംശങ്ങളാണ് ചോദിച്ചിരുന്നത്.
ആദായനികുതി വകുപ്പ് സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുധാകരന്‍ പിള്ളയ്ക്ക് അയച്ച കത്തിലാണ് തന്റെ സ്വത്തിന്റെ വിശദാംശം ആര്‍ക്കും നല്‍കരുതെന്ന് മുന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരിക്കുന്നത്. കെ.ജി. ബാലകൃഷ്ണനെക്കൂടാതെ സഹോദരന്‍ കെ.ജി. ഭാസ്‌കരന്‍, മരുമകന്‍ പി.വി. ശ്രീനിജന്‍ എന്നിവരുടെ സ്വത്തിന്റെ വിശദാംശങ്ങളും വിവരാവകാശനിയമപ്രകാരം തേടിയിട്ടുണ്ട്.
മുന്‍ ചീഫ് ജസ്റ്റിസ്, മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ പദവികളുള്ള കെജി ബാലകൃഷ്ണന്‍ സ്വകാര്യ വ്യക്തിയല്ലെന്നും അദ്ദേഹത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുതാല്‍പര്യത്തില്‍ ഉള്‍പ്പെടുന്നതാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എറണാകുളം സ്വദേശി ഡോ. ടി. ബാലചന്ദ്രന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല