സാജന് ഈഴാറാത്ത് (മാഞ്ചസ്റ്റര്‍): വിശ്വാസവും പാരമ്പര്യവും നെഞ്ചിലേറ്റിയ ക്നാനായ ജനത തങ്ങള്‍ ചിരകാലമായി ആഗ്രഹിച്ചിരുന്ന ക്നാനായ മിഷന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷി നിറുത്തി ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കല്പന വികാരി ജനറാള്‍ റവ.ഫാ. മാത്യു ചൂരപ്പൊയ്കയില്‍ വായിച്ചതോടെ മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്നാനായ മിഷന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. സീറോ മലബാര്‍ ക്നാനായ വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയിലിനെ ഡയറക്ടര്‍ ആയി നിയമിച്ചു. ഇതേ തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കോട്ടയം രൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരിയും ഷ്രൂസ്ബറി രൂപതയെ പ്രതിനിധീകരിച്ച് ഫാ.നിക്ക്, മാഞ്ചസ്റ്റര്‍ റീജിയന് കോഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ മറ്റ് വൈദികരും ചേര്‍ന്ന് ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച് മിഷന്റെ ഔദ്യോഗികമായ ഉല്‍ഘാടനം നിര്‍വഹിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ അഭിവന്ദ്യ പിതാക്കന്മാര്ക്കും വൈദികര്‍ക്കും നല്കിയ സ്വീകരണങ്ങള്‍ക്ക് ശേഷം സ്വാഗതവും തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കലും കോട്ടയം രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയും തിരിതെളിച്ച് മിഷന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മാഞ്ചസ്റ്ററിലെയും പരിസര പ്രദേശങ്ങളിലെയും ക്നാനായ ജനതയുടെ അജപാലനത്തിനും ആത്മീയതയില്‍ വളരുവാനുമുള്ള ദൈവീക നിയോഗമാണ് സെന്റ്.മേരീസ് ക്നാനായ മിഷന് സ്ഥാപിക്കപ്പെട്ടതിലൂടെ പൂര്‍ത്തീകരിക്കുന്നത്. പുതിയ മിഷന് സ്ഥാപിക്കപ്പെട്ടതിലൂടെ യുകെയില്‍ കൂടുതല്‍ ക്നാനായ മിഷനുകള്‍ പ്രഖ്യാപിക്കപ്പെടുവാനുള്ള അവസരമാണ് വന്നിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ ഉള്ള പുതുതലമുറയ്ക്ക് ക്നായ പാരമ്പര്യത്തില്‍ വളരുവാന്‍ ഈ മിഷന് പ്രചോദനമാകും.
ഇന്നലത്തെ ദിവസത്തെ ചരിത്രനിമിഷം തന്നനുഗ്രഹിച്ച ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കലിന് കോട്ടയം രൂപതയുടെയും വലിയ പിതാവ് മാര്‍ മാത്യു മൂലക്കാട്ടിന്റെയും നന്ദിയും സ്നേഹവും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് അറിയിച്ചു.
മിഷന് സ്ഥാപിതമായ ദിവസത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അഹോരാത്രം കഷ്ടപ്പെടുകയും ചെയ്ത പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ പ്രതിനിധികള്‍, മതബാേധന അദ്ധ്യാപകര്‍, ട്രസ്റ്റിമാര്‍, യുകെകെസിഎ പ്രസിഡന്റ് ശ്രീ.തോമസ് തൊണ്ണമാക്കല്‍, ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന വിശ്വാസികള്‍, എന്നിവര്‍ക്കും അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനും, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനും, മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിനും സര്‍വ്വോപരി ദൈവത്തിനും മിഷന് ഡയറക്ടര്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല