വര്‍ദ്ധിച്ചുവരുന്ന വിപണി മത്സരം തടയാനും വില്‍പന കൂട്ടാനുമായി മാരുതി സുസുക്കി ഇന്ത്യ അതിന്റെ ‘ബെസ്റ്റ് സെല്ലിംഗ്’ കാറായ സ്വിഫ്റ്റ് ഡിസൈറിന്റെ വലുപ്പം കുറയ്ക്കും. വലുപ്പം കുറച്ച് ‘ചെറിയ കാര്‍’ കാറ്റഗറിയില്‍ സ്വിഫ്റ്റിനെ ഉള്‍പ്പെടുത്തിയാല്‍ ടാക്സായി മൊത്തം തുകയുടെ പത്ത് ശതമാനം മാത്രമേ നല്‍കേണ്ടതുള്ളൂ. അമ്പതിനായിരം രൂപ ഇതുവഴി വാങ്ങുന്നയാള്‍ക്ക് ലാഭിക്കാന്‍ കഴിയും.
ഇന്ത്യന്‍ വാഹന വിപണിയില്‍ ടയോട്ടയുടെ എറ്റിയോസ് പടയോട്ടം നടത്തുന്ന കാഴ്ചയാണ് എങ്ങും. 5.12 ലക്ഷം മുതല്‍ 7.07 ലക്ഷം രൂപ വരെയാണു ഡിസൈറിന്റെ എക്സ്ഷോറൂം വില. എന്നാല്‍ എറ്റിയോസിന്റെ എക്സ്ഷോറൂം വില 4.96 ലക്ഷം മുതല്‍ 6.82 വരെയാണ്. എറ്റിയോസിന്റെ പ്രകടനത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ ഡിസൈറിന്റെ വില കുറച്ചേ തീരൂ എന്ന നിഗമനത്തില്‍ മാരുതി സുസുക്കി എത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ 4.16 മീറ്ററാണ് ഡിസൈറിന്റെ നീളം. ഇത് നാലുമീറ്ററില്‍ താഴെയാക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ കാറിന്റെ ഗണത്തിലാണ് ഡിസൈര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം 22% അധിക എക്സൈസ് നികുതി വരുന്നു. നീളം കുറയ്ക്കുകയാണെങ്കില്‍ ഡിസൈര്‍ ചെറിയ കാര്‍ വിഭാഗത്തില്‍ പെടുകയും നികുതിയില്‍ പത്ത് ശതമാനം കുറവ് വരികയും. നീളവും നികുതിയും കുറയുമ്പോള്‍ അമ്പതിനായിരം രൂപ വരെ ലാഭിക്കാനാകും. ഇപ്പോള്‍ 1200 സിസി പെട്രോള്‍, 1250 സിസി ഡീസല്‍ മോഡലുകളാണ് ഡിസൈറിനുള്ളത്
ചെറിയ കാര്‍ വിഭാഗത്തില്‍ പെടുത്തി ടാക്സ ലാഭിക്കാന്‍ ആദ്യമായി ഇന്ത്യയില്‍ കാറിന്റെ വലുപ്പം കുറച്ചത് ടാറ്റ ആയിരുന്നു. ഇറങ്ങുമ്പോള്‍ വലിയ കാര്‍ വിഭാഗത്തില്‍ പെടുത്തേണ്ടി വന്ന ഇന്‍ഡിഗോ എന്ന മോഡല്‍ പിന്നീട് വലുപ്പം കുറച്ച് ടാക്സ് ഇളവ് നേടിയത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ മാരുതി സുസുക്കിയും ടാറ്റയുടെ വഴി പിന്തുടരുന്നു. കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ഈ രീതി പിന്തുടരുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല