ജനീവ: സ്വിറ്റ്സര്‍ലണ്ടിലെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അനായാസം ലഭിക്കുന്നതിനുള്ള നിയമഭേദഗതിയ്ക്ക് സ്വിറ്റ്സര്‍ലണ്ട് പാര്‍ലമെന്റ് അംഗീകാരം നല്കി. ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ളവര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കുകള്‍ പുറത്തുവരാന്‍ ഇത് സഹായിക്കും.
ഇന്ത്യയ്ക്കു പുറമേ ജര്‍മ്മനി, കാനഡ, ജപ്പാന്, നെതര്‍ലാന്റ്, ഗ്രീസ്, ടര്‍ക്കി, ഉറുഗ്വേയ്, കസാക്കിസ്ഥാന്‍, പോളണ്ട് എന്നീ രാജ്യങ്ങള്‍ക്കാണ് നിയമം ഏറെ പ്രയോജനപ്രദമാകുക. അന്താരാഷ്ട്ര തലത്തില്‍ പ്രത്യേക വ്യവസ്ഥകളോടെയാണ് പാര്‍ലമെന്റിന്റെ ഉപരിസഭ ഇരട്ട നികുതി കരാര്‍ എന്ന പേരിലുള്ള ഈ ഭേദഗതയിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഈ നിയമത്തില്‍ ഒപ്പു വച്ചിട്ടുള്ള വിദേശരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ പൗരന്മാരുടെ സ്വിസ് നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അനായാസേന ലഭിക്കുന്നതിന് സഹായിക്കും. ഇന്ത്യയിലെ പല പ്രമുഖര്‍ക്കും സ്വിസ് ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ട് പോലും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.
സ്വിസ് ബാങ്കിലെ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നത് ആ രാജ്യവുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ന്യായമാണ് സര്‍ക്കാര്‍ ഇതിനെ സാധൂകരിക്കുന്നതിനായി നിരത്തുന്നത്. നിയമഭേഗതതി പ്രാബല്യത്തിലാകുന്നതോടെ സര്‍ക്കാരിന്റെ ഈ വാദത്തിന് അടിസ്ഥാനമില്ലാതാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല