1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2019

സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന മൂന്നാമത് യുക്മ കേരളാപൂരം വള്ളംകളി മത്സരത്തിന് രണഭേരി മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. തുഴ കുത്തിയെറിയുന്ന ജലമാരിയില്‍ സൂര്യന്‍ മഴവില്ല് ചാലിക്കുന്നത് കണികണ്ടാകും യു കെ യിലെ സൗത്ത് യോര്‍ക്‌ഷെയര്‍ നിവാസികള്‍ ഇന്ന് കണ്‍ചിമ്മി ഉണരുക. മത്സര വള്ളങ്ങളുടെ പരിശീലന തുഴച്ചില്‍ രാവിലെ ഏഴ് മണിമുതല്‍ ആരംഭിക്കും.

കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് പുകള്‍പെറ്റ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട ഇരുപത്തിനാല് മത്സരവള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. കേരളാ ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവും കേരളത്തിലെ അറിയപ്പെടുന്ന ശില്പിയുമായ അജയന്‍ വി കാട്ടുങ്ങല്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വഹിച്ച യുക്മ എവര്‍റോളിങ്ങ് ട്രോഫിയില്‍ ആര് മുത്തമിടുമെന്ന ആകാംക്ഷക്ക് ഇന്ന് വൈകുന്നേരത്തോടെ വിരാമം ആകും.

വാശിയേറിയ മത്സരങ്ങള്‍ എന്നതിനപ്പുറം, കേരളീയ പാരമ്പര്യത്തിന്റെ തനിമയും ആവേശവും ഉയര്‍ത്തിപ്പിടിക്കുന്ന യുക്മ ബോട്ട്‌റേസ് ലോക പ്രവാസി സമൂഹത്തിന് വലിയൊരു സാധ്യത തുറന്ന് കാട്ടുകയാണെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു. ആറ് ഹീറ്റ്‌സുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്.

ബി സി എം സി ബര്‍മ്മിങ്ഹാം തുഴയുന്ന തകഴി, ശ്രീവിനായക ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ, ബര്‍ട്ടണ്‍ ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് തുഴയുന്ന വേമ്പനാട്, വാറിങ്ടണ്‍ ബോട്ട് ക്ലബ് തുഴയെറിയുന്ന ചമ്പക്കുളം എന്നീ ജല രാജാക്കന്മാര്‍ ഒന്നാം ഹീറ്റ്‌സില്‍ ഏറ്റുമുട്ടും.

രണ്ടാം ഹീറ്റ്‌സില്‍ എന്‍ എം സി എ നോട്ടിങ്ഹാം തുഴയുന്ന കിടങ്ങറ, കേരളാ ബോട്ട് ക്ലബ് ലെസ്റ്ററിന്റെ കൊടുപ്പുന്ന, സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് വലിക്കുന്ന ആലപ്പാട്, റോയല്‍ ട്വന്റി ബോട്ട് ക്ലബ് ബര്‍മ്മിങ്ഹാമിന്റെ കുമരകം എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്.

ജി എം എ ബോട്ട് ക്ലബ് ഗ്ലോസ്റ്റര്‍ തുഴയെറിയുന്ന കൈനകരി, എസ് എം എ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡ് വലിക്കുന്ന പുളിങ്കുന്ന്, വാല്‍മ ബോട്ട്ക്ലബ് വാര്‍ക്കിന്റെ ആനാരി, തെമ്മാടീസ് ബോട്ട് ക്ലബ് വൂസ്റ്ററിന്റെ കാരിച്ചാല്‍ എന്നീ വള്ളങ്ങള്‍ മൂന്നാം ഹീറ്റ്‌സില്‍ ഏറ്റുമുട്ടും.

നാലാം ഹീറ്റ്‌സില്‍ ജവഹര്‍ ബോട്ട് ക്ലബ് ലിവര്‍പൂളിന്റെ തായങ്കരി, ട്രഫോര്‍ഡ് ബോട്ട് ക്ലബ് മാഞ്ചസ്റ്ററിന്റെ വെള്ളംകുളങ്ങര, യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് തുഴയുന്ന നടുഭാഗം, വെയ്ക്ഫീല്‍ഡ് ബോട്ട് ക്ലബ് തുഴയുന്ന വെസ്റ്റ് യോര്‍ക്ക്‌ഷെയറിന്റെ ആയാപറമ്പ് എന്നീ വള്ളങ്ങള്‍ മത്സരിക്കും.

സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്‍ട്രിയുടെ കായിപ്രം, കേംബ്രിഡ്ജ് ബോട്ട് ക്ലബ്ബിന്റെ ആര്‍പ്പൂക്കര, റാന്നി ബോട്ട് ക്ലബ് തുഴയുന്ന നെടുമുടി, ഇപ്‌സ്വിച്ച് ബോട്ട് ക്ലബ്കാരെത്തുന്ന കുമരംങ്കരി എന്നീ കളിയോടങ്ങള്‍ അഞ്ചാം ഹീറ്റ്‌സില്‍ ഏറ്റുമുട്ടും.

ആറാം ഹീറ്റ്‌സില്‍ സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സ് തുഴയുന്ന പായിപ്പാട്, ഫ്രണ്ട്‌സ് യുണൈറ്റഡ് ബോട്ട് ക്ലബ് ആഷ്‌ഫോര്‍ഡിന്റെ പുന്നമട, കേരളവേദി ബോട്ട് ക്ലബ് ബര്‍മ്മിങ്ഹാം തുഴയെറിയുന്ന കാവാലം, ഫീനിക്‌സ് ബോട്ട് ക്ലബ് നോര്‍ത്താംപ്ടന്റെ മാമ്പുഴക്കരി എന്നീ വള്ളങ്ങള്‍ മത്സരിക്കും.

വിസ്മയങ്ങളുടെ പൂരക്കാഴ്ച ഒരുക്കിയാണ് യുക്മ യു കെ മലയാളികളെ മാന്‍വേഴ്‌സ് തടാകത്തിലേക്ക് വരവേല്‍ക്കുന്നത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയുടെയും ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസിന്റെയും നേതൃത്വത്തില്‍ യുക്മയുടെയും, യുക്മ പോഷക സംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും; ഒപ്പം യു കെ യിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യങ്ങളായ വ്യക്തികളും ചേര്‍ന്ന് മാസങ്ങള്‍ നീണ്ടുനിന്ന തയ്യാറെടുപ്പുകളുടെയും കഠിനാധ്വാനത്തിന്റെയും സാക്ഷാത്കാരമാണ് ഇന്ന് മാന്‍വേഴ്സ്സില്‍ അരങ്ങേറുന്നത്.

രാവിലെ 10:30ന് ഉദ്ഘാടന സമ്മേളനത്തോടെ മത്സരങ്ങള്‍ ആരംഭിക്കും.വിശിഷ്ടാതിഥികളെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും
അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് ഉദ്ഘാഘാടന സമ്മേളനവും തുടര്‍ന്ന് മത്സരവള്ളംകളിയും നടക്കും

വിശിഷ്ടാതിഥികളായി ഷാഡോ ഹെല്‍ത്ത് മിനിസ്റ്ററും സ്ഥലം എം.പിയുമായ ജോണ്‍ ഹീലി, ബ്രിസ്റ്റോള്‍ മേയര്‍ കൗണ്‍സിലര്‍ ടോം ആദിത്യ, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലര്‍ ബൈജു വര്‍ക്കി തിട്ടാല തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലുമായി പങ്കെടുക്കും.

വള്ളംകളി മത്സരങ്ങളുടെ ഇടവേളകളില്‍ കേരളീയ ഭാരതീയ കലാരൂപങ്ങളും സംഗീത നൃത്ത ശില്പങ്ങളും കാണികളില്‍ മേളക്കൊഴുപ്പ് പകരും. മുന്നൂറോളം വനിതകള്‍ ഒന്നിച്ചു ചുവടുകള്‍ വയ്ക്കുന്ന മെഗാ തിരുവാതിര മൂന്നാമത് കേരളാപൂരം വള്ളം കളിയുടെ വലിയൊരു സവിശേഷത ആയിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന മലയാളി മങ്കമാര്‍ ആകര്‍ഷകമായി ചുവടുവച്ചു നിറഞ്ഞാടുമ്പോള്‍ ഇന്ത്യക്കാരും വിദേശികളുമായ പ്രേക്ഷകര്‍ക്ക് അതൊരു മനംകുളിര്‍ക്കുന്ന കലാവിരുന്ന് തന്നെയാകും.

മത്സരങ്ങളുടെ ആവേശം ആകാശംമുട്ടെ ഉയര്‍ത്തുന്ന റണ്ണിങ് കമന്‍ട്രികള്‍ പരമ്പരാഗത കേരള വള്ളംകളിയുടെ ചൂരും ചേലും പകരുന്നവയാകും.
വിശാലമായ മാന്‍വേഴ്‌സ് തടാകക്കരയില്‍ 2000 ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പ്രഭാതം മുതല്‍ വൈകുന്നേരം വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തങ്ങളുടെ അഭിരുകള്‍ക്കനുസരിച്ചു മിതമായ നിരക്കില്‍ തെരഞ്ഞെടുക്കാന്‍ പറ്റുംവിധം വിവിധങ്ങളായ ഭക്ഷണ വിഭവങ്ങള്‍ ഫുഡ് സ്റ്റാളുകളില്‍ ലഭ്യമായിരിക്കും. മലയാളികളുടെ ഈ പകല്‍പ്പൂരം കണ്ടാസ്വദിക്കുവാന്‍ നിരവധി തദ്ദേശീയവാസികളും ഒത്തുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

യുക്മ കേരളപൂരം വള്ളംകളിയുടെ മെഗാ സ്‌പോണ്‍സര്‍ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ് ആണ്. കൂടാതെ മുത്തൂറ്റ് ഫിനാന്‍സ്, അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എന്‍വെറിട്‌സ് കണ്‍സല്‍ട്ടന്‍സി തുടങ്ങിയവരും വള്ളംകളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നു.
ലവ് ടു കെയര്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, വോസ്റ്റെക്, ഡിജി ടാക്‌സിസ്, ഹെല്‍ത്ത് സ്‌കില്‍ ട്രെയിനിംഗ്, സെന്റ്.ജോണ്‍സ് ട്രാവല്‍സ്, കായല്‍ റസ്റ്റോന്റ്, സീകോം കണ്‍സല്‍ട്ടന്‍സി, ആക്‌സിഡന്റ് സൊല്യൂഷന്‍സ് നോട്ടിംങ്ങ്ഹാം, തറവാട് റസ്‌റ്റോറന്റ്, ലെജന്റ് സോളിസിറ്റേഴ്‌സ്,
HC 24 സ്റ്റാഫിംഗ് & ട്രെയിനിംഗ്,
ജി.പി.എം.സി, മാരി ഡി ലൂയിസ് സോളിസിറ്റേഴ്‌സ്, ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സ്, ഷോയി ചെറിയാന്‍സ് ആക്‌സിഡന്റ് ക്ലെയിം ,
ഐ. സി.ഐ.സി.ഐ ബാങ്ക്, തുടങ്ങിയവരാണ് ടീമുകളെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

പ്രിയ യു കെ മലയാളി സുഹൃത്തുക്കളെ,

മലയാളി നെഞ്ചിലേറ്റിയ നമ്മുടെ മഹത്തായ ജലമേളയുടെ പുനരവതരണം എന്നതിനൊപ്പം, സാംസ്‌ക്കാരിക കേരളത്തിന്റെ വിദേശ മണ്ണിലെ ഒത്തുചേരല്‍ കൂടിയാണിത്. മേയര്‍മാര്‍, ഡിസ്ട്രിക്ട് കൗണ്‍സില്‍ ബറോകൗണ്‍സില്‍ ചെയര്‍മാന്മാര്‍, അംഗങ്ങള്‍, ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി അനവധി നിരവധി വിശിഷ്ട വ്യക്തികള്‍ നമ്മെ സന്ദര്‍ശിക്കാനും ജലമേള ആസ്വദിക്കുവാനും ഇന്ന് മാന്‍വേഴ്സ്സില്‍ എത്തും. ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളില്‍ നിങ്ങളും ഉണ്ടാകണം. ഇത് സ്‌നേഹപൂര്‍വമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. നിറഞ്ഞ മനസോടെ മാത്രമായിരിക്കും നിങ്ങള്‍ മടങ്ങുന്നത്. ഇതൊരു ഉറപ്പാണ്…….. യുക്മ യു കെ മലയാളികള്‍ക്ക് നല്‍കുന്ന ഉറപ്പ്. ഏവരെയും സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാം മാന്‍വേഴ്‌സ് തടാകത്തിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. താഴെ പറയുന്ന വിലാസത്തില്‍ എത്തിച്ചേര്‍ന്നാല്‍ വാളണ്ടിയേഴ്‌സ് പാര്‍ക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ നല്കുന്നതാണ്. ചെറിയ വാഹനങ്ങള്‍ക്ക് 10 പൗണ്ടാണ് പാര്‍ക്കിംഗ്‌സ് ഫീസ്. ആളൊന്നിന് രണ്ട് പൗണ്ടും, അഞ്ച് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഫീസ് ഉണ്ടായിരിക്കുന്നതുമല്ല എന്ന് ഭാരവാഹികള്‍ അറിയിച്ചു.

Venue Address: Manvers Lake,
Station Road, WathuponDearne, Rotherham, South Yorkshire S63 7DG

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.