സ്വന്തം ലേഖകൻ: സൗദിയിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ നൽകിയ ഇളവ് ദീർഘിപ്പിച്ച സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടി. ഏപ്രിൽ 18 വരെ മാത്രമേ ഇളവോട് കൂടി പിഴയടക്കാൻ സാധിക്കൂവെന്ന് ട്രാഫിക് വകുപ്പ് ഓർമിപ്പിച്ചു. 2024 ഒക്ടോബർ 17നാണ് ട്രാഫിക് പിഴയിൽ പ്രഖ്യാപിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി രാജാവിന്റെ ഉത്തരവുണ്ടായത്. നിലവിലെ പിഴയിൽ 50 ശതമാനം ഇളവാണ് ലഭിക്കുക.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണ് ട്രാഫിക് പിഴ ഇളവ് സമയപരിധി നീട്ടിയത്. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ 50 ശതമാനം കുറയ്ക്കുന്നതിനുള്ള കാലാവധി നീട്ടുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ജനറൽ ട്രാഫിക് വകുപ്പ് പറഞ്ഞു.
2024 ഏപ്രിൽ 18ന് മുമ്പ് കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കാൻ എല്ലാവരും മുൻകൈയെടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 2024 ഏപ്രിൽ 18ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴയിലാണ് 50 ശതമാനം ഇളവ് ലഭിക്കുക. ഈ വർഷം ഏപ്രിൽ 18വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം.
പിഴ ഒറ്റയടിക്ക് അടച്ചുകൊണ്ടോ ഓരോ ലംഘനത്തിനും പ്രത്യേകം പിഴയടച്ചുകൊണ്ടോ നടപടികൾ പൂർത്തിയാക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു. ഗതാഗത സുരക്ഷ നിലനിർത്തുന്നതിനുള്ള ആവശ്യകതകൾ പൂർത്തിയാക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും എല്ലാ റോഡ് ഉപയോക്താക്കളോടും ട്രാഫിക് വകുപ്പ് ആഹ്വാനം ചെയ്തു. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന ലംഘനങ്ങൾ നടത്തരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല