ഷൊര്‍ണൂര്‍ പാസഞ്ചറില്‍ മാനഭംഗത്തിനിരയായതിനെത്തുടര്‍ന്ന് മരിച്ച സൗമ്യയുടെ ബന്ധുവിനു ജോലി നല്‍കുന്നതിനു റയില്‍വേ ശ്രമം തുടങ്ങി.
സൗമ്യയുടെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ റയില്‍വേ ബോര്‍ഡ് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൗമ്യയുടെ കുടുംബത്തിനു റയില്‍വേ സഹായം നല്‍കേണ്ട ആവശ്യകത, ജോലി ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തിയാണു റിപ്പോര്‍ട്ട് നല്‍കേണ്ടത്.
നിര്‍ധന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു സൌമ്യയുടെ ജോലി. ആശ്രിതര്‍ക്കു ജോലി നല്‍കാനുള്ള നീക്കം കുടുംബത്തിനു വലിയ ആശ്വാസമാകും.
റയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നു ചെന്നൈ ഡിവിഷന്‍ ജനറല്‍ മാനേജര്‍ എംപിയായ എം.ബി. രാജേഷിനോടു നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൗമ്യയുടെ കുടുംബത്തിന്റെ അപേക്ഷയും എംപിയുടെ ശുപാര്‍ശയും സഹിതം അപേക്ഷ നല്‍കാനാണു റയില്‍വേയുടെ ആവശ്യം. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വേ മാനേജര്‍ രാജീവ് പ്രസാദ് ദത്തയ്ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ സ്‌റ്റേഷനോടും ആവശ്യപ്പെട്ടു.
ജനുവരി 23ന് ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വള്ളത്തോള്‍ നഗര്‍ റയില്‍വേ സ്‌റ്റേഷനു സമീപത്ത് വച്ചാണ് ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലയ്ക്കല്‍ ഗണേശന്റെ മകള്‍ സൌമ്യ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി 6ന് ഞായറാഴ്ച മരിച്ചു.
സൗമ്യയുടെ സഹോദരങ്ങള്‍ക്കായിരിക്കും ജോലി ലഭിക്കുകയെന്നാണ് സൂചന. തുടക്കത്തില്‍ ഈപ്രശ്‌നത്തില്‍ തികഞ്ഞ അവഗണന കാണിച്ച റെയില്‍വേയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പിന്നീടാണ് റെയില്‍വേ 3.15 ലക്ഷം രൂപ നഷ്ടപരിഹാരമായി സൗമ്യയുടെ കുടുംബത്തിന് നല്‍കിയത്.
റയില്‍വേ ബോര്‍ഡ് പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ആശ്രിതര്‍ക്കു സഹായം നല്‍കാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല