1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2011

സൗഹൃദത്തിനു മുറിവ്

രാത്രിയുടെ മന്ദഹാസത്തിനു
നഷ്ടപ്പെടലിന്റെ മൂകത.
താളബോധമില്ലാത്ത തമസ്സിനു
തുടര്‍രേഖകളെഴുതുകയാണു
നിശ്വാസത്തിന്റെ രോഗാണുക്കള്‍…
കൂകിപ്പാഞ്ഞുകിതപ്പാറ്റി
നിലയ്ക്കാത്ത പാളങ്ങളില്‍
ജീവിതത്തിന്റെ ഉടലറുത്തവര്‍ നമ്മള്‍.
യെരിഞ്ഞമരുന്ന നഗരത്തിന്റെ യാന്ത്രികതയില്‍
എനിക്കു മുന്‍പേ നടന്നുകയറിയവന്‍…..
ഓരോ ഓര്‍മ്മയും ഒഴുകിയകലുന്ന
ഓളങ്ങളാണെന്നു തിരിച്ചറിഞ്ഞവന്‍
മറവി അനിവാര്യതയുടെ മുഖപടമണിഞ്ഞു
മിഴികളിലെ ഉപ്പുരസം മായ്ച്ചില്ലാതാക്കുന്നു…
യൗവ്വനത്തിന്റെ യുദ്ധക്കളങ്ങളില്‍
ഒരു മുറിവായി,
ഒരു വാക്കായി
നിറഞ്ഞാടിപ്പൊരുതിത്തളര്‍ന്ന
എന്റെ ശിരസ്സിനു കാവലായി
രാവുറക്കമുപേക്ഷിച്ചവന്‍….
നീ നിന്റെ സ്വത്വങ്ങളെ ബലികഴിക്കുമ്പോള്‍
നിദ്രയുടെ സ്വഛന്ദമായ നഗ്നതയില്‍
ശീതീകരിച്ച സ്ഫടികപാത്രങ്ങളിലെ ലഹരിയില്‍
നിറഭേദങ്ങളില്‍ നുറുങ്ങിനനുത്ത;
വേര്‍പെട്ടുപോയ, നിലാവുകളെ
ഓര്‍മ്മിക്കുന്നു ഞാന്‍
ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍
ഇല്ലാതാകുന്നതു,
ഹൃദയത്തിന്റെ മര്‍മ്മരങ്ങളിലലിഞ്ഞു-
പകുതിപാടിപ്പതറിപോയ ഒരു
കാവ്യത്തിന്റെ പുണ്യമാണ്.
ഇന്ന് സൗഹൃദങ്ങള്‍ ഇങ്ങനെയൊക്കെയാണു.

റോബിന്‍സ് പോള്‍; ഹള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.