ലണ്ടന്‍: ഹണിമൂണ്‍ കൊലപാതക്കേസില്‍ ആരോപണ വിധേയനായ ഷ്രീന്‍ ദിവാനി നവവധുവിന്റെ ശവകുടീരത്തിനരികില്‍ നിന്ന് ബന്ധുക്കളോട് പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. ആനിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയ കുടുംബാംഗങ്ങളുടേയും, ഷ്രീനിന്റെ അമ്മയുടേയും മുന്നിലായിരുന്നു ഇദ്ദേഹത്തിന്റെ വിചിത്ര പെരുമാറ്റം.
തെക്കന്‍ ലണ്ടനിലെ ഫ്യൂണറല്‍ പാര്‍ലറില്‍ ആനിയുടെ അമ്മ നിലാം (59) പൊട്ടിക്കരയുകയായിരുന്നു. ഈസമയത്താണ് ദിവാനി ക്രുദ്ധനായത്. തങ്ങളുടെ മകളുടെ നഷ്ടം തന്നെ താങ്ങാനാവാത്തതായിരുന്നെന്നും എന്നാല്‍ അയാള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വഷളാക്കിയെന്നും നിലാം പറഞ്ഞു. താന്‍ തകര്‍ന്നിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്രവലിയ ക്രോധം തനിക്കിതുവരെ അനുഭവിക്കേണ്ടി വന്നില്ലെന്നാണ് ആനിയുടെ സഹോദരി അമി (33) പറയുന്നത്. ശബ്ദം വളരെ ഉച്ചത്തിലായിരുന്നെന്നും അവര്‍ വ്യക്തമാക്കി.
ശവകുടീരത്തിനരികള്‍ ബന്ധുക്കള്‍ വച്ചിരുന്ന ഗുഡ്‌ബൈ ലെറ്റേഴ്‌സ് കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ തറയില്‍ ചിതറിക്കിടക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ആനിയുടെ ശവകുടീരത്തിനടുത്ത് ഒറ്റക്കിരുന്ന വേദനകള്‍ മറക്കാന്‍ ശ്രമിച്ച അമ്മയെയാണ് അയാള്‍ ലക്ഷ്യമിട്ടതെന്ന് ആനിയുടെ അമ്മാവന്‍ അശോക് ഹിന്തോച്ച പറയുന്നു. ആനിയുടെ ശവശരീരത്തിനുവേണ്ടി വഴക്കുണ്ടാക്കിയ അയാള്‍ക്ക് ആരും മാപ്പുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അടുത്തുതന്നെ ദിവാനിയെ സൗത്ത് ആഫ്രിക്കയ്ക്ക് കൈമാറുമെന്നാണ് സൂചന. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ദിവാനി തള്ളിക്കളഞ്ഞിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒരു മാനസിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല