ഹണിമൂണ്‍ ആഘോഷത്തിനിടയില്‍ ഭാര്യയെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്തു എന്ന ആരോപണം നേരിടുന്ന ബ്രിസ്റ്റോളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ ഷ്രീന്‍ ദിവാനി പോലീസിനു മുന്‍പില്‍ കീഴടങ്ങി. മാനസിക വിഭ്രാന്തിക്കു ചികിത്സയില്‍ ആയിരുന്ന ദിവാനി പ്രൈയറി ഹോസ്പിറ്റലിലെ മറ്റൊരു രോഗിയുമായി നടത്തിയ വാദ പ്രതിവാദത്തിനു ശേഷമാണ് പോലീസില്‍ വീണ്ടും ‘കീഴടങ്ങിയത്’.വട്ടു മൂത്ത ദിവാനിക്ക് താന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.എന്തായാലും ശ്രീനിനെ പുതിയൊരു മാനസിക രോഗാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് പോലിസ്.
കഴിഞ്ഞാഴ്ചയുണ്ടായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് ദിവാനിയെ പ്രൈയറി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഹണിമൂണിനിടെ ദക്ഷിണാഫ്രിക്കയില്‍ വച്ച് ഭാര്യ കൊല്ലപ്പെട്ടതിനു പിന്നില്‍ ദിവാനിയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഭാര്യയെ കൊന്നതെന്നാണ് ആരോപണം. ദിവാനിയെ ദക്ഷിണാഫ്രിക്കയ്ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ വാദം നടക്കാനിരിക്കുകയാണ്.
കഴിഞ്ഞ നവംബറില്‍ ഭാര്യ അന്ന ദിവാനി കേപ്പ് ടൗണില്‍ വച്ച് വെടിയേറ്റു മരിച്ചശേഷം ദിവാനി വളരെ ഗുരുതരമായ മാനസിക അസ്വസ്ഥത കാണിച്ചിരുന്നു. മരുന്നുകളുടെ റിയാക്ഷനെ തുടര്‍ന്നാണ് കഴിഞ്ഞാഴ്ച ദിവാനിയില്‍ നിന്നും അസ്വാഭിവികമായ പെരുമാറ്റമുണ്ടായതെന്നാണ് പറയുന്നത്. ഇതിനുശേഷം ഞാറാഴ്ച പോലീസില്‍ കീഴടങ്ങുകയും ദിവാനിയെ ബ്രിസ്‌റ്റോള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് ഇയാളെ സോമര്‍സെറ്റിലെ സിഗ്നെറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.
വിചാരണയ്ക്കായി ദിവാനിയെ വിട്ടുകൊടുക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിവാനിയ്ക്ക് മാനസിക ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിര്‍ദേശിച്ചതായി അദ്ദേഹത്തിന്റെ സഹോദരന്‍ പ്രയന്‍ ദിവാനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല