1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2011

റോബിന്‍സ് പോള്‍

(മുരുകന്‍ കാട്ടാക്കടയുടെ കാഴ്ച എന്ന കവിതയിലെ കഥാപാത്രം)

പ്രണയം പറന്നൊഴിഞ്ഞ കല്‍പടവുകളില്‍
യമുനയുടെ കരയില്‍,
യാഗങ്ങള്‍; എരിഞ്ഞമര്‍ന്ന ചിതയുടെ
അവശേഷിപ്പുകളാവുമ്പോള്‍
ഒരു സുഹൃത്തിനെ മാത്രം തിരഞ്ഞു
നടക്കുകയാണവന്‍.
ആരവം നിലച്ച മനസ്സുമായി,
ആര്‍ദ്രതയില്‍ അസ്വസ്ഥതകളുമായി,
പുറകില്‍ പിന്നിട്ട പകല്‍വെളിച്ചത്തെ
പുച്ഛിച്ചുതള്ളി
നടന്നു നീങ്ങുകയാണു
ഹരീഷ്…….
(കാരണം അവന് കാഴ്ചയില്ലായിരുന്നു)
വരണ്ടചുണ്ടുകള്‍ ഛായം തേച്ചു
വിതുമ്പി നില്‍ക്കുന്നു

വിളര്‍ച്ചയില്‍ പൊടിയുന്ന വിയര്‍പുകണങ്ങളെ
പതിയെ ഒപ്പിയെടുത്തു
പാടുകയാണവര്‍…..
വെറുതെ പ്രകടനങ്ങളില്‍ മാത്രം
ഒതുങ്ങിനില്‍ക്കുന്ന ഹൃദയവികാരം
കണ്ണുനീരടരുമ്പോള്‍ ചുറ്റിലും
ചിരിയുടെ മാറ്റോലികളാണ്
അസ്തമയം ഇനി എത്ര ദൂരത്താണ്
അങ്ങനെ ഓരോ
അണുവിനോടും അവന്‍
യുദ്ധം ചെയ്യുകയാണ്
ഒരു ജീവിതം പിടിച്ചുയര്‍ത്താന്‍ ശ്രമിക്കുകയാണു….
കവേ അവന്റെ പാട്ടിനു
സ്വപ്‌നപഴക്കങ്ങളുടെ ക്ലാവുചുവക്കുന്നല്ലോ
ഇടനാഴികയില്‍ പതുങ്ങിയിരിക്കുന്ന
മരണം മുഖമുയര്‍ത്താതെ
മേഘപാളികളിലൂടെ മഴയായി
പെയ്തിറങ്ങി….
ഹാര്‍മോണിയത്തിന്റെ സ്വരങ്ങളിലിഴുകി
കാവിപ്പുതപ്പുമായി,
കറുത്തകണ്ണടവച്ച് അവന്‍….
വിളറിയ മുഖങ്ങളില്‍ നിര്‍വികാരത
മന്ദഹാസങ്ങളില്‍ പിന്നിട്ട ജീവിതത്തിന്റെ
യുക്തിയില്ലായ്മ…
അവന്‍ വിശ്വസിക്കുന്നതു
നിശ്വാസത്തിലെ ദൈന്യതയുടെ
വിശുദ്ധിയെ മാത്രമാണ്
ഒടിഞ്ഞുമടങ്ങിയ ഒരു ശരീരവും
ഒഴുകിയെത്തുന്ന ഓര്‍മ്മയെ
മറക്കുന്ന വിശപ്പും
രോഗവും, ചിന്തകളും
പിന്നെ തനിയെ നടന്നുപോകലിന്റെ
വൈകാരികമായ കിതപ്പും
വടുക്കളില്‍ നഖമുനകളെ താലോലിക്കുന്ന യാചകന്റെ
സാമീപ്യം ഒരു വിഷാദരോഗ
ത്തിന്റെ വ്യാപ്തിയെക്കുറിക്കുന്നു.
വൃണങ്ങള്‍ ഒഴുകിയൊലിച്ച
നിലച്ച രക്തം
ഒരിക്കലും ഓര്‍ത്തുകരയുവാന്‍
പോലും കഴിയാത്ത
ദാരുണമായ അന്ത്യം…..
ഹരീഷ് നിനക്കെന്റെ
ഹൃദയത്തിന്റെ ഉപ്പുരസത്തില്‍ തീര്‍ത്ത
ഒരു കവിത…..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.