Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയില്‍ സര്‍വ്വ സന്നാഹങ്ങളുമായി മത്സരത്തിനെത്തിയ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിക്കൊണ്ട് മൂന്നാം തവണയും കിരീടം സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കലാമേളയില്‍ 211 പോയിന്റ് നേടി എല്ലാ മത്സരങ്ങളിലും സര്‍വ്വാധിപത്യം നേടിയാണ് എം.എം.എ ഹാട്രിക് ചാമ്പ്യന്‍മാരായത്. 98 പോയിന്റുമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനത്തെത്തി. എം.എം.സി.എ ഫസ്റ്റ് റ്റണ്ണറപ്പ് സ്ഥാനവും, ലിമ നാലാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ സമയക്രമം പാലിച്ച് ആരംഭിച്ച കലാമേളയില്‍ മത്സരാര്‍ത്ഥികളെല്ലാം ആവേശത്തോടെയാണ് പങ്കെടുത്തത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ശ്രീ.ജയകുമാര്‍ നായര്‍ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് ശ്രീ.മാമ്മന്‍ ഫിലിപ്പിന്റെ നേത്യത്വത്തിലുള്ള കമ്മിറ്റി ചുമതലയേറ്റപ്പോള്‍ നല്കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുകയും, യുക്മയെന്ന പ്രസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുവാനും ഈ കമ്മിറ്റിക്ക് സാധിച്ചു എന്നുള്ളത് തികച്ചും അഭിമാനാര്‍ഹമാണ് എന്ന് ഉദ്ഘാടകന്‍ ഓര്‍മിപ്പിച്ചു. യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സാന്ത്വനം പദ്ധതി, യുക്മ യൂത്ത്, യുക്മ നഴ്‌സസ് ഫോറം, അക്കാഡമിക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍, കലാമേള, സ്‌പോര്‍ട്‌സ്, തുടങ്ങിയവയും അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച വള്ളംകളിയും എടുത്ത് പറയത്തക്ക നേട്ടമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറയുകയുണ്ടായി. യുക്മ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപാ ജേക്കബ് വിശിഷ്ടാതിഥിയായിരുന്നു. സെക്രട്ടറി തങ്കച്ചന്‍ എബ്രഹം സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു.
യുക്മ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ നിര്‍വ്വാഹക സമിതിയംഗം തമ്പി ജോസ്, റീജിയന്‍ ട്രഷറര്‍ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ പി.കെ, ജോയിന്റ് ട്രഷറര്‍ എബി തോമസ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സാജു കാവുങ്ങ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജി.സി.എസ്.ഇ യ്ക്കും എ ലെവലിനും ഉന്നത വിജയം നേടിയ അഭിഷേക് അലക്‌സ്, ജിയാ ജിജോ, ഡോണാ ജോഷ്, ജിതിന്‍ സാജന്‍, ലക്ഷ്മി സാജന്‍, ഏഞ്ചല ബെന്‍സന്‍, ഐലിന്‍ ആന്റോ, പൂര്‍ണ്ണിമാ ജീമോന്‍ എന്നീ കുട്ടികളെ ആദരിച്ചു. രഞ്ജിത്ത് ഗണേഷിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ഇതുവരെയുള്ള കലാമേളകളില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത കലാമേളയില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ അണിനിരത്തിയ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) തന്നെയാണ് സമ്മാനങ്ങള്‍ വാരിക്കൂട്ടി ചാമ്പ്യന്‍മാരായത്. വാറിംഗ്ടണ്‍ മലയാളി അസോസിയേഷനിലെ റിമാ ഷീജോ കലാതിലകമായും, ലിവര്‍പൂള്‍ മലയാളി അസോസിയേഷനിലെ അലിക് മാത്യു കലാ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പിന് ജിക്‌സി എസ്, സ്റ്റെഫി സ്രാമ്പിക്കല്‍ എന്നിവര്‍ അര്‍ഹരായി.
സമാപന സമ്മേളനം യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാനം ചെയ്തു. യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ ഒരു കുടക്കീഴിലാക്കി ഒരുമനമായ് മുന്നോട്ട് കൊണ്ടു പോകുവാന്‍ യുക്മ എന്ന പ്രസ്ഥാനത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന് യുക്മ പ്രസിഡന്റ് ഓര്‍മിപ്പിച്ചു. യു കെ മലയാളികള്‍ യുക്മയെ നെഞ്ചിലേറ്റിയത് മലയാളികളുടെ നാനാവിധത്തിലുള്ള ഉന്നമത്തിനായി യുക്മ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു എന്നുള്ളത് കൊണ്ടാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് മുന്നേറിയപ്പോള്‍ ഒപ്പം നിന്ന മലയാളി സമൂഹത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തനങ്ങളെയും പ്രസിഡന്റ് അഭിനന്ദിച്ചു. സജീവമല്ലാതെ നില്‍ക്കുന്ന അസോസിയേഷനുകളോടും യുക്മ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അടുത്ത ശനിയാഴ്ച നടക്കുന്ന യുക്മ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ശ്രീ മാമ്മന്‍ ഫിലിപ്പ് ക്ഷണിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന സമ്മാനദാനത്തില്‍ യുക്മയുടെ നാഷണല്‍, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. യുക്മ കലാമേള വന്‍ വിജയമാക്കിയതില്‍ സഹകരിച്ച എല്ലാ അസോസിയേഷന്‍ ഭാരവാഹികളോടും, വിധികര്‍ത്താക്കള്‍, വാളണ്ടിയേഴ്‌സ്, ആതിഥേയ അസോസിയേഷനായ എം.എം.സി.എ , ലൈറ്റും സൗണ്ടും കൈകാര്യം ചെയ്ത ജെ ജെ ഓഡിയോസിന്റെ ജോജോ തോമസ് തുടങ്ങിയ എല്ലാവര്‍ക്കും റീജിയന്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല