ഹാരിപോട്ടര്‍ സിനിമാപരമ്പരയിലൂടെ ലോകമെങ്ങുമുള്ള ആബാലവൃദ്ധജനങ്ങളുടെ മനംകവര്‍ന്ന ഡാനിയല്‍ റാഡ്ക്ലിഫും ഒരാളെ ആരാധിയ്ക്കുന്നു. അതും ഒരിന്ത്യക്കാരനെ. വേറാരെയുമല്ല, കളിക്കളത്തിലെ മാന്ത്രികനായ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് റാഡ്ക്ലിഫ് ആരാധിയ്ക്കുന്നത്.
സച്ചിനെപ്പറ്റി പറയുമ്പോള്‍ സ്‌ക്രീനിലെ മാന്ത്രികന് നൂറുനാവാണ്. ‘സച്ചിനുമായുള്ള കൂടിക്കാഴ്ചയും ഓട്ടോഗ്രാഫും തന്നെയും കൂട്ടുകാരെയും ത്രില്ലടിപ്പിച്ചിട്ടുണ്ട്. സച്ചിന്റെ ഓട്ടോഗ്രാഫ് നിധി പോലെയാണ് സൂക്ഷിച്ചുവച്ചിട്ടുള്ളത്. താന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വലിയ ആരാധകനാണ്. ലോകത്തിലെ ഇതിഹാസ താരമാണ് സച്ചിന്‍’. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റാഡ്ക്ലിഫ് പറഞ്ഞു.
കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് കാണാന്‍ ഇന്ത്യയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം സാധിച്ചില്ല. ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ മാസം പുറത്തിറങ്ങാനിരിക്കെ ഇന്ത്യയില്‍ അധികം വൈകാതെ ഒരു സന്ദര്‍ശനം നടത്താന്‍ പദ്ധതിയിടുന്നതായും ഡാനിയേല്‍ പറഞ്ഞു.
ഇന്ത്യയെക്കുറിച്ച് ഒരുപാട് വായിച്ചും കേട്ടും അറിഞ്ഞ തനിയ്ക്ക് എത്രയും വേഗം ഇന്ത്യ സന്ദര്‍ശിയ്ക്കാനാണ് താത്പര്യം. ഇന്ത്യക്കാര്‍ ക്രിക്കറ്റിന്റെ നെഞ്ചിലേറ്റുന്നവരാണ്, തന്നെ പോലെ. ഡാനിയേല്‍ പറഞ്ഞു. സച്ചിനൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാനെയും ഇഷ്ടമാണെന്നും ഒരുപിടി ഹിന്ദി ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും റാഡ്ക്ലിഫ് വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല