വാഷിങ്ടണ്‍: തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പാക് രഹസ്യ സംഘടനയായ ഐ.എസ്.ഐയുടെ ചാരനാണെന്നു വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഗൂഢാലോചന നടത്തിയതില്‍ ഹെഡ്‌ലിക്ക് വലിയ പങ്കുണ്ടെന്നും അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ റൊട്ടെല്ലായുടെ വെബ്‌സൈറ്റായ ‘പ്രോ പബ്ലിക്ക ഡോട് ഓര്‍ഗ്’ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
ഹെഡ്‌ലിയുടെ തീവ്രവാദബന്ധം സംബന്ധിച്ച പല വാര്‍ത്തകളും നേരത്തെ പുറത്തുവിട്ട വെബ്‌സൈറ്റാണിത്. പാക് ഭരണകൂടത്തിന് വേണ്ടി ചാരപ്പണി ചെയ്യുകയാണ് ഹെഡ്‌ലി ഇതുവരെയും ചെയ്തതെന്നും തീവ്രവാദികളേക്കാള്‍ അപകടകാരിയാണ് ഇയാളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും അമേരിക്കയും പ്രത്യേകമായി അന്വേഷണം നടത്തുന്ന ഭീകരാക്രമണ കേസിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയാണിപ്പോള്‍ ഹെഡ്‌ലി.
ഐ.എസ്.ഐ. മേധാവിയായ ലെ.കേണല്‍ അഹമ്മദ് ഷൂജ പാഷയ്ക്ക് മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്. സാഖി-ഉര്‍ റഹ്മാന്‍ ലഖ്‌വിയെ ഹെഡ്‌ലിയും പാഷയും കണ്ടിരുന്നതായും പാക് നാവികസേനയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മുംബൈ ഭീകരാക്രമണത്തിന് തീവ്രവാദികള്‍ കടല്‍മാര്‍ഗം എത്തിയതെന്നും വെബ്‌സൈറ്റ് പറയുന്നു.
അമേരിക്കയുമായി ചേര്‍ന്ന് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് വരുത്തുകയും അതേസമയം പ്രമുഖ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുകയാണ് പാക് ഭരണകൂടം ചെയ്യുന്നതെന്നും അമേരിക്കയും ഇന്ത്യയും നടത്തിയ അന്വേഷണങ്ങളില്‍ ഈ നിഗമനം ശരിവെക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ പാക് ഭരണകൂടം ഇരട്ടത്താപ്പ് കാണിക്കുകയാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല