മലയാള സിനിമയില്‍ പോലീസും പട്ടാളവും ഡോക്ടറും മാത്രമല്ല കള്ളന്‍മാരും ധാരാളമുണ്ട്. ദിലീപ്, ജഗദീഷ്, മുകേഷ്, ജഗതി, ജയസൂര്യ, പൃഥ്വിരാജ് എന്നിങ്ങനെ ആ നിര നീളും. അക്കൂട്ടത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ കൂടി എത്തുന്നു. പോലീസും, പട്ടാളവും, സി.ബി.ഐയുമൊക്കയായി കരിയറില്‍ തിളങ്ങിയ മമ്മൂട്ടിയാണ് ഹൈടെക്ക് പോക്കറ്റടിക്കാരനായെത്തുന്നത്. യുവ സംവിധായകനായ വിനോദ് വിശ്വന്റെ ചിത്രമായ പിക് പോക്കറ്റിലാണ് മമ്മൂട്ടി പോക്കറ്റടിക്കാരന്റെ വേഷത്തിലെത്തുന്നത്.
ആരോടും യാതൊരുത്തരവാദിത്വവുമില്ലാതെ തന്നിഷ്ടക്കാരനായി ജീവിക്കുന്ന ഹരിനാരായണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഹരി വെറും പോക്കറ്റടിക്കാരനല്ല. ചില ‘പോക്കറ്റടി’ മൂല്യങ്ങള്‍ സൂക്ഷിക്കുന്നയാളാണ്. സാധാരണക്കാരുടെ പോക്കറ്റുകള്‍ ഹരി തിരിഞ്ഞുനോക്കാറില്ല. വി.ഐ.പികളുടെ പോക്കറ്റിനോടാണ് താല്‍പര്യം. അതുകൊണ്ടുതന്നെ വി.ഐ.പികളുടെ സമ്മേളനസ്ഥലമാണ് പുള്ളിയുടെ വര്‍ക്ക് ഏരിയ. മിക്ക പഠിച്ച കള്ളന്‍മാരെപ്പോലെ മാന്യ വേഷവും പെരുമാറ്റവുമാണ് ഈ ലോക്കല്‍ കള്ളന്റെ പ്ലസ് പോയിന്റ്. മാന്യന്റെ മുഖം മൂടിയുള്ളതിനാല്‍ തന്നെ പെട്ടാല്‍ ഊരിപ്പോകാന്‍ എളുപ്പവുമാണ്.
പോക്കറ്റടിച്ച പഴ്‌സിലെ പണത്തില്‍ മാത്രമേ ഹരിക്ക് നോട്ടമുള്ളൂ. ഇഷ്ടപ്പെടുകയാണെങ്കില്‍ പഴ്‌സും സൂക്ഷിക്കും. അതിനുള്ളിലുള്ള മറ്റ് സാധനങ്ങളെല്ലാം ഒരു ഉപദേശകുറിപ്പിനൊപ്പം അയച്ചു കൊടുക്കുകയും ചെയ്യും.
അങ്ങനെ അന്യരുടെ പോക്കറ്റുള്ളതുകൊണ്ട് ജീവിച്ചുപോകുന്ന ഹരിനാരായണന്റെ ജീവിതത്തെ തന്നെ മാറ്റിമറക്കുന്ന ഒരു പേഴ്‌സ് അദ്ദേഹത്തിന് ലഭിക്കുന്നു. ഇത് ഹരിനാരായണന്റെ ജീവിതത്തിലുണ്ടാക്കുന്ന ചലനങ്ങളാണ് പിക് പോക്കറ്റ് പറയുന്നത്.
സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ബിജുമേനോന്‍, നെടുമുടിവേണു, വിനായക്, കലാഭവന്‍ മണി എന്നിവരുടെ സാന്നിധ്യവും പിക് പോക്കറ്റിനെ ശ്രദ്ധേയമാക്കുന്നു. ഇ കെ സബീര്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ബിഗ് ബി ,ഡാഡി കൂള്‍ എന്നീ ചിത്രങ്ങള്‍ ചെയ്ത സമീര്‍ ആണ് .അഖില്‍ സിനിമാസും കെ എന്‍ എം ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്തും പൊള്ളാച്ചിയിലും ആയി നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല