ബോംബെ: ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സംവരണ വ്യവസ്ഥയെ വിമര്‍ശന വധേയമായി സമീപിക്കുന്ന പ്രകാശ് ഝായുടെ ആരക്ഷണ്‍ റിലീസ് ചെയ്യുന്നതിനുമുമ്പ് എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ തങ്ങള്‍ പര്യാപ്തമാണെന്ന് മുംബൈ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കോടതിയില്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സര്‍ക്കാര്‍ പ്ലീഡര്‍ വിജയ് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുമെന്ന് കരുതുന്നില്ല. സിനിമ കാണാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ല. അതിനാല്‍ സിനിമ ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാവ് തയ്യാറാകണമെന്നും പാടീല്‍ അറിയിച്ചു. രാഷ്ട്രീയനേതാക്കള്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണ്ടി റീലീസിന് മുമ്പ് ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഝായുടെ അഭിഭാഷകരായ വെങ്കിടേഷ് ദോന്‍ഡും, അമീത് നായികും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ആഗസ്റ്റ് 9ലേക്ക് കേസ് മാറ്റിവച്ചു. അതിനു മുമ്പ് കോടതിക്ക് ചിത്രം കാണണമെന്ന് ജസ്റ്റിസ് ഡി.ഡി.സിന്‍ഹ, എ.ആര്‍ ജോഷി എന്നിവരുള്‍പ്പെട്ട ബെഞ്ച് അറിയിച്ചു. ചിത്രത്തിന് പ്രദര്‍ശനാനുമതി കൊടുത്ത സെന്‍സര്‍ ബോര്‍ഡ് നടപടിയ്‌ക്കെതിരെ രണ്ട് അഭിഭാഷകര്‍ ഫയല്‍ ചെയ്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ചിത്രം ദളിത് വിരുദ്ധ വികാരം ഉണര്‍ത്തുന്നതാണെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ പ്രമേയത്തിനെതിരെ ആരക്ഷന്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു സംഘടന രംഗത്തെത്തിയിരുന്നു. ഇതിനു പുറമേ ദ ബ്രാഹ്മിന്‍ സഭ, ചില ദളിത് സംഘടനകള്‍ തുടങ്ങിയവയും ആരക്ഷണിനെതിരെ മുന്നോട്ടുവന്നിരുന്നു.
തന്റെ ചിത്രം സംവരണത്തിനോ ദളിതുകള്‍ക്കോ എതിരെല്ലന്നും വിദ്യാഭ്യസം കച്ചവടവത്കരിക്കുന്നതിനെയാണ് തന്റെ ചിത്രം എതിര്‍ക്കുന്നതെന്നുമാണ് പ്രകാശ് ജാ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ പറയുന്നത്.
ആരക്ഷണ്‍ ആഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല