1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2025

സ്വന്തം ലേഖകൻ: ലോകത്തെമ്പാടുമുള്ള ഡിജിറ്റല്‍ ഉള്ളടക്ക നിർമാതാക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ദുബായിലെ എമിറേറ്റ്‌സ് ടവറില്‍ യുഎഇ ആദ്യത്തെ ക്രിയേറ്റേഴ്സ് ആസ്ഥാനം തുറന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉള്ളടക്ക സ്രഷ്ടാക്കളെയും വ്യവസായ പ്രമുഖരെയും ഒന്നിപ്പിക്കാനും യുഎഇയെ ഡിജിറ്റല്‍ മീഡിയയുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി സ്ഥാപിക്കാനും ലക്ഷ്യമിടുന്നതാണ് ക്രിയേറ്റേഴ്‌സ് എച്ച്ക്യു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10,000 ഡിജിറ്റല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഈ പുതിയ സംരംഭത്തിലൂടെ അധികൃതര്‍ ലഭ്യമിടുന്നത്.

ഉള്ളടക്ക സൃഷ്ടാക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ സ്വാധീനം വർധിപ്പിക്കുന്നതിനും വളര്‍ന്നുവരുന്ന ക്രിയേറ്റര്‍ സമ്പദ്വ് വ്യവസ്ഥയ്ക്കായി സുസ്ഥിരമായ ചട്ടക്കൂടുകള്‍ സ്ഥാപിക്കുന്നതിനുമാണ് പുതിയ ആസ്ഥാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2024 ല്‍ നടന്ന വണ്‍ ബില്യണ്‍ ഫോളോവേഴ്സ് ഉച്ചകോടിയുടെ രണ്ടാം പതിപ്പില്‍ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിൻ്റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ‘കണ്ടൻ്റ് ക്രിയേറ്റേഴ്സ് സപ്പോര്‍ട്ട് ഫണ്ട്’ ഉപയോഗിച്ചാണ് ക്രിയേറ്റേഴ്‌സ് എച്ച്ക്യു സ്ഥാപിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഉള്ളടക്ക മേഖലയുടെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനായി 150 മില്യണ്‍ ദിര്‍ഹം അദ്ദേഹം അനുവദിച്ചിരുന്നു.

ജനുവരി 11 മുതല്‍ 13 വരെ ദുബായിലെ എമിറേറ്റ്സ് ടവേഴ്സ്, ഡിഐഎഫ്സി, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വണ്‍ ബില്യണ്‍ ഫോളോവേഴ്സ് സമ്മിറ്റ് 2025ലാണ് ഇതിന്റെ ഔദ്യോഗിക ലോഞ്ചിങ്. ഈ സ്ഥാപനത്തില്‍ ഓരോ വര്‍ഷവും കണ്ടൻ്റ് ക്രിയേഷനുമായി ബന്ധപ്പെട്ട 300ലധികം പരിപാടികളും വര്‍ക്ക്ഷോപ്പുകളും നടത്താനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ആഗോള ക്രിയേറ്റര്‍ സമ്പദ്വ്യവസ്ഥയ്ക്ക് അനുസൃതമായ സൗകര്യങ്ങള്‍ നല്‍കുന്നതിനോടൊപ്പം, ഇതിലെ അംഗങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ, കമ്പനി സ്ഥാപിക്കല്‍, രജിസ്‌ട്രേഷന്‍ തുടങ്ങിയ സവിശേഷ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കും.

മെറ്റാ, ടിക് ടോക്ക്, എക്‌സ്, സ്പോട്ടര്‍, ക്രിയേറ്റര്‍ നൗ, ട്യൂബ് ഫില്‍ട്ടര്‍, എപ്പിഡെമിക് സൗണ്ട്, ന്യൂ മീഡിയ അക്കാദമി എന്നിവയുള്‍പ്പെടെ ഉള്ളടക്ക മേഖലയിലെ ലോകത്തിലെ ഏറ്റവും പ്രമുഖരായ 15-ലധികം സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. വിദഗ്ധരും ആഗോള നേതാക്കളും നയിക്കുന്ന അത്യാധുനിക പരിശീലന പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. യുവാക്കള്‍ക്കുള്ള ക്രിയേറ്റീവ് ക്യാമ്പുകള്‍, മെന്റര്‍ഷിപ്പ് അവസരങ്ങള്‍, ഫണ്ടിങ്, ബ്രാന്‍ഡിങ്, വീഡിയോ നിര്‍മ്മാണം, സ്റ്റോറി ടെല്ലിങ്, ധനസമ്പാദനം, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ സുപ്രധാന കഴിവുകള്‍ ഉള്‍ക്കൊള്ളുന്ന വര്‍ക്ക്‌ഷോപ്പുകള്‍, ഫലപ്രദമായ ഉള്ളടക്കം തയ്യാറാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സോഷ്യല്‍ മീഡിയയിലെ ഇന്‍ഫ്‌ളുവെന്‍സര്‍മാര്‍, ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍, അവരുടെ സഹായികള്‍, പോഡ്കാസ്റ്റര്‍മാര്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രതിഭകള്‍ക്ക് ക്രിയേറ്റേഴ്‌സ് എച്ച്ക്യുവില്‍ അവസരമുണ്ടാകും. പരസ്യ, മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍, മീഡിയ, സംഗീത നിര്‍മ്മാതാക്കള്‍, ആനിമേഷന്‍ സ്റ്റുഡിയോകള്‍, ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡുകള്‍ തുടങ്ങിയ ക്രിയേറ്റീവ് വ്യവസായങ്ങളിലെ പ്രധാന മേഖലകളെയും ഇത് ആകര്‍ഷിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.