സ്വന്തം ലേഖകൻ: മൂന്ന് വയസ്സുള്ള മഡലിൻ മെക്കയിൻ എന്ന ബ്രിട്ടീഷ് പെൺകുട്ടി,13 വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗലിൽ അപ്രത്യക്ഷയായ സംഭവത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ജർമ്മൻ പൊലീസ്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ, മഡലിനെ ജീവനോടെയോ, അല്ലാതെയോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
എന്നാൽ ജർമ്മൻകാരനായ ക്രിസ്റ്റിയാൻ ബി(43) യാണ് മഡലിന്റെ തിരോധാനത്തിന് പിന്നിലെന്നാണ്, ജർമ്മനിയിലെ ബ്രൗൺ ഷ്വയിഗിലെ സ്റ്റേറ്റ് പ്രോസിക്യുട്ടർ നൽകുന്ന സൂചന. നിലവിൽ ലൈംഗികാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട് ജർമ്മനിയിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.
2007 മേയ് മൂന്നിന് പോർചുഗലിലെ ടുറിസ്റ്റ് കേന്ദ്രമായ പ്രായിയ ഡാ ലുസിലെ ഹോട്ടൽ മുറിയിൽ നിന്നാണ് മഡലിൻ മെക്കയിനെ കാണാതാവുന്നത്. മാതാപിതാക്കളായ ജെറി മെക്കയിനും, കേറ്റ് മെക്കയിനും രണ്ട് സഹോദരങ്ങൾക്കും ഒപ്പമായിരുന്നു മാഡിയെന്ന് വിളിപ്പേരുള്ള മൂന്നു വയസ്സുകാരി.
മൂന്ന് മക്കളെയും ഹോട്ടൽ മുറിയിൽ ഉറക്കിയതിന് ശേഷം അന്ന് രാത്രി സുഹൃത്തുക്കളോടൊപ്പം റസ്‌റ്ററന്റിൽ അത്താഴം കഴിക്കാൻ പുറത്തു പോയതായിരുന്നു മെക്കയിൻ ദമ്പതികൾ. 10 മണിയോടെ തിരിച്ചു വന്നപ്പോൾ മാഡി അപ്രത്യക്ഷയായിരുന്നു. ഇളയ ഇരട്ട സഹോദരങ്ങളാകട്ടെ ഉറക്കത്തിലും.
ആകെ പൊലീസിന് കിട്ടിയ സൂചന, ഒരു കുട്ടിയുമായി ഒരാൾ രാത്രിയിൽ പോകുന്നത് കണ്ടു എന്ന മൊഴി മാത്രം. ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്ന രാജ്യമാണ് പോർച്ചുഗൽ. ബ്രിട്ടിഷ് മാധ്യമങ്ങൾ മാഡിയുടെ തിരോധാനം കാര്യമായി ഏറ്റെടുത്തു. പോർച്ചുഗൽ പൊലീസ് അന്വേഷണത്തിൽ ആലസ്യം ഒട്ടും കാട്ടിയുമില്ല. പലരെയും കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചു. ബ്രിട്ടിഷ് പെൺകുട്ടിയുടെ തിരോധനത്തിൽ സ്‌കോട് ലൻഡ് യാർഡും ഊർജിതമായി ഇറങ്ങി.
തുമ്പ് കിട്ടാതായതോടെ ആണും, പെണ്ണുമായ ഇരട്ടക്കുട്ടികളെ കിട്ടിയതോടെ മാഡിയെ സ്വന്തം മാതാപിതാക്കൾ തന്നെ ഇല്ലാതാക്കിയെന്ന് വരെ സംശയമുന നീണ്ടു. ബ്രിട്ടീഷ് സർക്കാർ ഇതേവരെ 13.5 ലക്ഷത്തോളം പൗണ്ടാണ് ഈ കേസിനായി മുടക്കിയത്. എല്ലാ ഏജൻസികളും മാഡി ജീവിച്ചിരിപ്പില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും, തോരോധനത്തിന് മാത്രം തുമ്പുണ്ടായില്ല.
മാഡിയുടെ തിരോധാനം ഒട്ടേറെ ടിവി ഡോക്യുമെന്ററികൾക്കു യൂറോപ്പിൽ വിഷയമായിട്ടുണ്ട്. മാഡിയുടെ തിരോധാനത്തിന്റെ പത്താം വാർഷികത്തിന്റെ അന്ന്, ഈ വിഷയത്തിൽ ഒരു പ്രോഗ്രാം ടിവിയിൽ പ്രക്ഷേപണം ചെയ്‌തു കൊണ്ടിരിക്കുമ്പോൾ, ജർമ്മനിയിലെ ഒരു ബാറിൽ സുഹൃത്തിനോടൊപ്പം ഇരിക്കുകയായിരുന്നു ക്രിസ്റ്റിയാൻ ബി എന്ന ലൈംഗികാതിക്രമ കുറ്റവാളി.
മദ്യ ലഹരിയിൽ സുഹൃത്തിനോട് ടിവി പരിപാടിയിലേക്ക് നോക്കി ക്രിസ്റ്റിയാൻ പറഞ്ഞു, ഈ കേസിനെ കുറിച്ച് എനിക്ക് എല്ലാം അറിയാം. അത് മാത്രമല്ല ഒരു മുതിർന്ന സ്ത്രീയെ ക്രൂരമായി താൻ ബലാൽസംഘം ചെയ്യുന്നതിന്റെ വിഡിയോയും സുഹൃത്തിന് അന്ന് അയാൾ കാട്ടിക്കൊടുത്തു. സുഹൃത്ത് അത് ജർമ്മൻ പൊലീസിന് കൈമാറിയെങ്കിലും, 13 വർഷങ്ങൾ മുമ്പുള്ള തിരോധാനകേസിൽ തെളിവുകൾ ക്രിസ്റ്റിയാനിലേക്ക് ബന്ധപ്പെടുത്തുകയായിരുന്നു ജർമ്മൻ പൊലീസിന് മുന്നിലുള്ള വെല്ലുവിളി.
ക്രിസ്റ്റിയന് പുറകെ കൂടിയ ജർമ്മൻ പൊലീസ്, മറ്റ് കേസുകളിലും ഇയാളുടെ സാന്നിദ്ധ്യം കണ്ടെത്തി. ബാല, സ്ത്രീ പീഡനങ്ങൾ, ചൈൽഡ് പ്രോണോഗ്രഫി, മയക്കുമരുന്നു വിൽപ്പന, ഹോട്ടലുകളിലും, വീടുകളിലും ഭവനഭേദനം തുടങ്ങിയവയായിരുന്നു മിക്ക കൃത്യങ്ങളും. 2018 സെപ്റ്റംബറിൽ ഇറ്റലിയിലെ മിലാനിൽ വെച്ചാണ് ക്രിസ്റ്റിയാൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. 2005 സെപ്റ്റംബറിൽ പോർച്ചുഗലിൽ വെച്ച് 72 വയസ്സുള്ള അമേരിക്കൻ ടൂറിസ്റ്റിനെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലായിരുന്നു അറസ്റ്റ്.
സാഹചര്യത്തെളിവുകൾ ക്രിസ്റ്റിയാന് ചുറ്റും വേറെയും ഒണ്ടെങ്കിലും, മഡലിൻ മെക്കയിന്റെ തിരോധാനത്തിൽ ദൈവം ഒളിപ്പിച്ചു വെച്ച ഡിഎൻഎ “കൈ” യിലേക്കു പൊലീസ് താമസിയാതെ എത്തുമെന്ന് തന്നെയാണ് ബ്രൗൺ ഷ്വയിഗിലെ സ്റ്റേറ്റ് പ്രോസിക്യുട്ടർ നൽകുന്ന വ്യക്തമായ സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല