1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2025

സ്വന്തം ലേഖകൻ: ദുബായ് തെരുവുകളുടെ ട്രേഡ് മാര്‍ക്കായ ഒരു ദിര്‍ഹമിൻ്റെ ചായയും ഒരു ദിര്‍ഹമിൻ്റെ പൊറോട്ടയും ഇനി സ്വപ്‌നങ്ങളില്‍ മാത്രം. ഇവിടത്തെതെരുവോര കഫറ്റീരിയകളും പണപ്പെരുപ്പത്തിൻ്റെ ചൂട് അനുഭവിച്ചതോടെ കടയുടമകള്‍ അത് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണ്.

ഇന്ന് ജനുവരി മുതല്‍, ഇവയ്ക്ക് ചുരുങ്ങിയത് 1.5 ദിര്‍ഹം നല്‍കേണ്ടിവരും.
ജനവരി 1 മുതല്‍ വില 1.5 ദിര്‍ഹമായി ഉയരുമെന്ന് പറഞ്ഞ് മിക്ക ജനപ്രിയ കഫറ്റീരിയകളും ഇതിനകം നോട്ടീസ് പതിച്ചിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ വലിയൊരു വില വര്‍ദ്ധനയായി തോന്നില്ലെങ്കിലും കഫറ്റീരിയയുടെ സവിശേഷതയായ ഒരു ദിര്‍ഹം ചായയെന്ന സങ്കല്‍പം ഇതോടെ ഇല്ലാതാവും.

പതിറ്റാണ്ടുകളായി ദുബായിലെ തെരുവ് സംസ്‌കാരത്തിൻ്റെ പ്രധാന ഘടകമാണ് ഒരു ദിര്‍ഹം ചായ. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവ് കാരണം ഇനി അത് തുടരാനാവില്ലെന്ന് ഗോള്‍ഡന്‍ ഫോര്‍ക്ക് ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻ്റുകളുടെ ഡയറക്ടര്‍ ഷാനവാസ് മുഹമ്മദ് പറഞ്ഞു. കട വാടക, പഞ്ചസാര ഉള്‍പ്പെടെയുള്ള ഭക്ഷ്യ ചേരുവകളുടെ വില, ജീവനക്കാരുടെ ശമ്പളം എന്നിവയിലുണ്ടായ വര്‍ധനവിനിടയില്‍ ചായയുടെ വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട 2022 ഫെബ്രുവരി മുതല്‍ പ്രാദേശിക എഫ് ആന്‍ഡ് ബി മേഖലയില്‍ ഭക്ഷണ സാധനങ്ങളുടെ വില വലിയ തോതില്‍ ഉയര്‍ന്നു. ഗോതമ്പ് പോലുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വില പെട്ടെന്ന് കുതിച്ചുയര്‍ന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

എന്നാല്‍ അവ ചെറുകിട കഫ്റ്റീരികളിലേക്കു കൂടി ഇപ്പോള്‍ വ്യാപിക്കുകയാണ്. നിലവിലെ പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു കപ്പ് ചായയുടെ വില കുറഞ്ഞത് 3 ദിര്‍ഹമായി ക്രമീകരിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. 15 വര്‍ഷം മുമ്പ് ഒരു കഫറ്റീരിയയില്‍ ഒരു കപ്പ് കാപ്പിക്ക് ഒരു ദിര്‍ഹവും ചായയ്ക്ക് 0.5 ദിര്‍ഹവും ആയിരുന്നു. എന്നാല്‍ കാപ്പി വില ഒന്നിലധികം വര്‍ദ്ധനകളിലൂടെ കടന്നുപോയെങ്കിലും ചായയ്ക്ക് ഒരു ദിര്‍ഹമിനേക്കാള്‍ കൂടിയില്ല.

അതേസമയം, അപൂര്‍വം ചില കഫറ്റീരിയകള്‍ ചായയുടെയും പൊറോട്ടയുടെയും വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരമൊരു സ്ഥാപനമാണ് 36 വര്‍ഷമായി ബിസിനസ് നടത്തുന്ന അല്‍ ഇജാസ കഫെറ്റീരിയ. ‘ഞങ്ങളുടെ ഔട്ട്ലെറ്റുകള്‍ മസ്ജിദുകള്‍ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അവര്‍ വാടകയില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. അതിനാല്‍ ഒരു ദിര്‍ഹം ചായയും പൊറോട്ടയും തുടരും’ – സ്ഥാപന ഉടമ അസീം എകെ പറയുന്നു. തങ്ങളുടെ ധാരാളം ഉപഭോക്താക്കള്‍ ഒരു ദിര്‍ഹം ചായ അനുഭവത്തിനായി മാത്രമായാണ് കടയില്‍ വരുന്നത്. അത് തുടരാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.