മദ്യപാനത്തെ പറ്റി പറയുമ്പോള്‍ മലയാളികളാണ് ലോകത്തെ ഏറ്റവും വലിയ കുടിയന്മാരെന്ന ധാരണ നമുക്കുണ്ട് ഇതിന് തെളിവായി ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും നമ്മള്‍ കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്കുകള്‍ നിരത്തുകയും ചെയ്യും എന്നാല്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷുകാരുടെ മുന്നില്‍ നമ്മള്‍ മലയാളികള്‍ ആരുമല്ലെന്നതാണ് സത്യം. കാരണം പത്തില്‍ ഒരു ബ്രിട്ടീഷുകാരനും മദ്യമില്ലെങ്കില്‍ ഒരു ദിവസം പോലും തള്ളി നീക്കാന്‍ പറ്റില്ലയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സര്‍വ്വേ ഫലം കണ്ടെത്തിയിരിക്കുന്നത്.
12 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നാണ് ഈയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത പത്തില്‍ ഒരു ബ്രിട്ടീഷുകാരനും മദ്യമില്ലാതെ ഒരു ദിവസം പോലും തങ്ങള്‍ക്കു ജീവിക്കാന്‍ പറ്റില്ലയെന്ന് വ്യക്തമാക്കി. ലോക ശരാശരിയുടെ ഇരട്ടിയാണ് ബ്രിട്ടീഷുകാരുടെ മദ്യപാനമെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രഷണങ്ങള്‍ എല്ലാം അറിഞ്ഞിട്ടും അവയെല്ലാം അവഗണിച്ചാണ് ബഹുഭൂരിപക്ഷവും മദ്യപിക്കുന്നത് എന്നും മൂന്നില്‍ ഒരാള്‍ക്കും തങ്ങള്‍ക്കു മദ്യാസക്തി ഇല്ലാതാക്കാന്‍ താല്പര്യമില്ലെന്നും ബുപ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടന് പുറമേ നമ്മുടെ ഇന്ത്യ, സ്പെയിന്‍, അമേരിക്ക, ആസ്ട്രേലിയ, ന്യൂസിലാണ്ട്, മെക്സിക്കോ, ബ്രസീല്‍, സൌദി അറേബ്യ, ഹോന്‍ഗ് കോണ്ഗ്, തായിലാന്ഡ് എന്നിവിടങ്ങളിലും ബുപ സര്‍വ്വേ നടത്തിയതില്‍ നിന്നാണ് ബ്രിട്ടീഷുകാരുടെ അമിത മദ്യാസക്തി ബുപ പുറത്തു കൊണ്ട് വന്നത്. ബുപയുടെ ഡോ: ലൈല മൈകെ പറയുന്നത് മദ്യപാനത്തിന്റെ എല്ലാ ദൂഷ്യവശങ്ങളും അറിഞ്ഞിട്ടും മദ്യപാനം തുടരുന്നതാണ് ഏറെ ആശങ്ക നല്‍കുന്ന കാര്യമെന്നാണ്. മദ്യപാനം മൂലം ഹൃദ്രോഗം, സ്ട്രോക്ക്, കരള്‍ രോഗങ്ങള്‍, തുടങ്ങി കാന്‍സര്‍ മുതല്‍ ഡയബറ്റിസ് വരെ ഉണ്ടാകുമെന്നിരിക്കെയാണ് ബ്രിട്ടീഷുകാര്‍ കുടിച്ചു കൂത്താടുന്നത് എന്നതാണ് ഏറെ വിചിത്രം!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല