കറാച്ചി: പാകിസ്ഥാനിലെ ഹിന്ദു മത വിശ്വാസികള്‍ക്ക് നേരെ വന്‍ തോതിലുളള അക്രമം നടക്കുന്നതിനെ തുടര്‍ന്ന് ഇവര്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലുളള ഹിന്ദുക്കള്‍ക്ക് നേരെയാണ് അക്രമം നടക്കുന്നത്. ന്യൂനപക്ഷമായ ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും പലപ്പോഴും അക്രമികള്‍ക്ക് സഹായം നല്‍കുന്ന നിലപാടുകള്‍ സ്വീകരിക്കുകയാണന്നും ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ദ എക്‌സ്പ്രസ് ട്രൈബ്യൂണ്‍ വ്യക്തമാക്കുന്നു.
ജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് ഈ മേഖലയിലെ 60ഓളം കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. നിര്‍ബന്ധ മതപരിവര്‍ത്തനത്തില്‍ നിന്നു രക്ഷ നേടാന്‍ തീര്‍ത്ഥയാത്രയ്‌ക്കെന്ന വ്യാജേന ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കാനാണ് ഇവരുടെ പദ്ധതി. 60 കുടുംബങ്ങളില്‍ നിന്നുള്ള 250ഓളം പേര്‍ക്ക് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ 30 ദിവസത്തേക്കുള്ള യാത്രക്കാണ് വിസ അനുവദിച്ചിട്ടുള്ളത്. യാത്രക്കൊരുങ്ങുന്നവരുടെ അയല്‍വാസികളെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്.
സംഘത്തിലെ ഭൂരിഭാഗം പേരും പാകിസ്താനിലുള്ള അവരുടെ സ്ഥലവും മറ്റു വസ്തുവഹകളും വിറ്റൊഴിവാക്കിയതിനുശേഷമാണ് യാത്രയ്‌ക്കൊരുങ്ങുന്നത്. തിരിച്ചുവരവുണ്ടാവില്ലെന്ന് ഇവരില്‍ പലരും അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ തട്ടികൊണ്ടു പോയി മതപരിവര്‍ത്തനം നടത്തുന്ന പ്രവണത ഈ മേഖലയില്‍ വര്‍ധിച്ചുവരുന്നതാണ് ഇത്തരമൊരു പാലായനത്തിനുള്ള ആസന്നകാരണം. എന്നാല്‍ രാജ്യത്തെ വിവിധ ഹിന്ദുസംഘടനകള്‍ ഈ റിപ്പോര്‍ട്ട് നിരാകരിച്ചിട്ടുണ്ട്.
ഈ തീര്‍ത്ഥയാത്രക്കാരിലെ 100 പേരടങ്ങുന്ന ആദ്യസംഘത്തെ വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നതില്‍ ഗൂഡാലോചനയുണ്ടെന്ന് പാകിസ്താന്‍ ആരോപിച്ചു. ഏത് കാരണത്തിന്റെ പേരിലായാലും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിക്കരുതെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വോട്ടിനു വേണ്ടി ലക്ഷക്കണക്കിന് വരുന്ന ബംഗ്ലാദേശി അഭയാര്‍്ത്ഥികള്‍ക്ക് അഭയം നല്‍കിയതിന്റെ ദൂഷ്യഫലം ഇന്ത്യ അനുഭവിച്ച് കൊണ്ടിരിക്കുകയാണന്ന് അവര്‍ ചൂണ്ടിക്കാട്ടി. അസമില്‍ ബോഡകളും കുടിയേറ്റക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല