1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

ലണ്ടന്‍ : ഒരു സാധനം വാങ്ങണമെന്ന് തീരുമാനിച്ചാല്‍ ചിലര്‍ ആദ്യം നോക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വല്ലതും ലഭ്യമാണോ എന്നായിരിക്കും. വിലക്കുറവാണ് എന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഒരു സാധനം വാങ്ങുമ്പോള്‍ വിലക്കുറവ് മാത്രമാണോ നമ്മളേ ആകര്‍ഷിക്കേണ്ടത്. അല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം വിലക്കുറഞ്ഞത് വാങ്ങുമ്പോള്‍ രണ്ടെണ്ണം വാങ്ങണം എന്ന ഒരു ചൊല്ലുപോലുമുണ്ട്. ഇവിടെ നമ്മള്‍ ഒരിക്കലും വാങ്ങാന്‍ പാടില്ലാത്ത ചില സെക്കന്‍ഡ്ഹാന്‍ഡ് സാധനങ്ങളുണ്ട്. അവയില്‍ ചിലത് ഇതാ

ബേബി കാര്‍ സീറ്റ്

കഴിഞ്ഞ വര്‍ഷം മാത്രം അര മില്യണ്‍ ആളുകളാണ് യുകെയില്‍ സെക്കന്‍ഡ്ഹാന്‍ഡ് ബേബി കാര്‍സീറ്റ് വാങ്ങിയത്. ഇതിന്റെ ഉയര്‍ന്ന ആവശ്യകത മൂലം ഇ ബേ പോലുളള ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇതിന് വന്‍ ഡിമാന്റ് ആണുതാനും. ഒരു സെക്കന്‍ഡ്ഹാന്‍ഡ് കാര്‍ സീറ്റ് നിലവിലുളള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതാകണം എന്നില്ല. ചിലപ്പോള്‍ മുന്‍പ് നടന്ന ആക്‌സിഡന്റില്‍ അവയ്ക്ക് കേട്പാട് പറ്റിയതാകാം. ഇതിന്റെ കൂടെയുളള ഇന്‍സ്ട്രക്ഷന്‍സ് മിക്കവാറും നഷ്ടപ്പെട്ടിട്ടുണ്ടാകും. അതിനാല്‍ തന്നെ ഇത് നിങ്ങള്‍ കാറില്‍ ഉറപ്പിക്കുന്നത് ശരിയായിട്ടാകണമെന്നില്ല.

ഒരു പുതിയ ബേബി കാര്‍സീറ്റ് വാങ്ങുമ്പോല്‍ അത് നിങ്ങളുടെ ലോക്കല്‍ റോഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി പരിശോധിക്കാന്‍ മറക്കരുത്. ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് കരുതി ഏതെങ്കിലും ഒരു ഉത്പന്നം വാങ്ങുന്നതിന് മുന്‍പ് അത് നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

ബൈക്ക് ഹെല്‍മെറ്റ്

നിങ്ങള്‍ക്ക് വേണ്ടത് ഏത് തരം ഹെല്‍മെറ്റും ആയിക്കൊളളട്ടെ, അത് ഒരിക്കലും സെക്കന്‍ഹാന്‍ഡ് വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. സെക്കന്‍ഡ്ഹാന്‍ഡ് ഹെല്‍മെറ്റിന് എത്രകാലം പഴക്കമുണ്ടാകുമെന്നോ അത് ശരിയായ സുരക്ഷ പ്രദാനം ചെയ്യുന്നതാണോ എന്നും നമുക്ക് അറിയാന്‍ സാധിക്കില്ല. ഒരു ചെറിയ കൂട്ടിയിടി പോലും ഹെല്‍മെറ്റുകളുടെ പുറംതോടിന് അടിയിലുളള സുരക്ഷാ കവചത്തിന് പൊട്ടലുണ്ടാക്കും. എന്നാല്‍ പുറമേ നോക്കിയാല്‍ ഇത് കണ്ടെത്താനും ആകില്ല. ശ്രദ്ധക്കുറവ് കൊണ്ട് ഹെല്‍മെറ്റ് പല തവണ താഴെ വീണാലും ഈ പൊട്ടലുണ്ടാകാം. അതുകൊണ്ട് തന്നെ റിസ്‌ക് എടുക്കാതെ പുതിയൊരു ഹെല്‍മെറ്റ് വാങ്ങുന്നതാകും നല്ലത്. വാങ്ങിയാല്‍ മാത്രം പോരാ അത് സൂക്ഷിക്കുകയും കേട് പാടുകള്‍ പറ്റിയിട്ടില്ലെങ്കില്‍ കൂടി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ അത് മാറ്റിവയ്ക്കുകയും ചെയ്യണം.

ആദ്യമായി ബൈക്ക് വാങ്ങുന്ന ആളാണങ്കില്‍ ഇന്‍ഷ്വറന്‍സില്‍ ഹെല്‍മെറ്റിന് കൂടി ഇന്‍ഷ്വറന്‍സ് ലഭ്യമാണോ എന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല ഹെല്‍മെറ്റ് മോഷണം പോകാതിരിക്കാന്‍ ഉറപ്പുളള പൂട്ടുകളും വാങ്ങണം

നീന്തല്‍ ഉടുപ്പുകള്‍

ട്രങ്ക്‌സ്, ബിക്കിനി പോലുളള നീന്തല്‍ ഉടുപ്പുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇത്തരം ഉടുപ്പുകള്‍ ക്ലോറിനേറ്റഡ് പൂളുകളിലും ഉപ്പുവെളളത്തിലും കുറേപ്രാവശ്യം മുങ്ങുമ്പോള്‍ ജീര്‍ണ്ണിക്കാന്‍ തുടങ്ങും.

ഒപ്പം വ്യത്തിയുടെ ഒരു പ്രശ്‌നം കൂടി ഇതിലുണ്ട്. ശരീരത്തില്‍ ഇറുകി പിടിച്ച് കിടക്കുന്നതരം വസ്ത്രങ്ങളായതിനാല്‍ മുന്‍പ് ഉപയോഗിച്ചിരുന്നവരുടെ ശരീരത്തിലെ ബാക്ടീരിയകള്‍ ഇവയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇതേ പോലെ തന്നെയാണ് അടിവസ്ത്രങ്ങളും. ഒരിക്കലും ഇത്തരം വസ്ത്രങ്ങള്‍ സെക്കന്‍ഡ്ഹാന്‍ഡ് വാങ്ങാന്‍ പാടില്ല.

കിടക്കകള്‍

വീടുകള്‍ നാം എത്ര വൃത്തിയായി സൂക്ഷിച്ചു എന്നു പറഞ്ഞാലും കിടക്കകളിലും മറ്റും സൂഷ്മ ജീവികളുടെ താവളമായിരിക്കും. പ്രത്യേകിച്ചും പഴയ കിടക്കകളില്‍. ഒരിക്കല്‍ പോലും വൃത്തിയാക്കിയിട്ടില്ലാത്തതാണങ്കില്‍ പറയുകയും വേണ്ട.

അതുകൊണ്ട് തന്നെ മറ്റുളളവര്‍ ഉപയോഗിച്ച പഴയ കിടക്കകള്‍ വാങ്ങികൊണ്ടുവന്ന് നിങ്ങളുടെ വീടിനെ അണുക്കളുടെ താവളമാക്കരുത്. ഇനി ഒരു ഇന്‍സെക്ട് എക്‌സാമിനറെ കൊണ്ടുവന്ന് വീട് അണുവിമുക്തമാക്കാം എന്ന് കരുതിയാല്‍ തന്നെ അതിന്റെ ചിലവ് ഒരു പുതിയ കിടക്ക വാങ്ങുന്നതിനേക്കാള്‍ കൂടുതലായിരിക്കും.

മേക്കപ്പ്

ഇ ബേയിലും മറ്റും ചില മേക്കപ്പ് സാധനങ്ങള്‍ കുറച്ച് മാത്രം ഉപയോഗിച്ചത് എന്ന അടിക്കുറിപ്പോടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. വിലക്കുറവ് കണ്ട് ഇത് വാങ്ങി ഉപയോഗിക്കാന്‍ വരട്ടെ. ഇത് ആരൊക്കെ ഉപയോഗിച്ചതാണന്നോ എത്രകാലം പഴക്കമുണ്ടാകുമെന്നോ അറിയാന്‍ നമുക്ക് യാതൊരു വഴിയുമില്ല. അതിനാല്‍ തന്നെ ഇവ ഒഴിവാക്കേണ്ടവയുടെ പട്ടികയില്‍ പെടുത്താന്‍ മടിക്കരുത്.

ഒരിക്കല്‍ ഉപയോഗിച്ച മേക്കപ്പ് സാധനങ്ങള്‍ അണുബാധയുണ്ടാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നവയാണ്. അതിനാല്‍ തന്നെ അറിഞ്ഞുകൊണ്ട് അപകടം വരുത്തിവെയ്ക്കരുത്.

ഷൂവുകള്‍

കുറച്ചു കാലത്തേക്ക് ഒരാള്‍ ഷൂ ഉപയോഗിക്കുമ്പോള്‍ അത് അയാളുടെ പാദത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറുന്നുണ്ട്. ഇനി അത് പുതിയൊരാള്‍ക്ക് കൈമാറുമ്പോള്‍ അത് അയാളുടെ പാദത്തിന് അനുയോജ്യമായ രീതിയിലായിരിക്കണമെന്നില്ല. ഒപ്പം മറ്റൊരാള്‍ ഉപയോഗിച്ച ഷൂ ഉപയോഗിക്കുമ്പോള്‍ അത് അണുബാധയ്ക്കും കാരണമായേക്കാം.

കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറുകള്‍

പല കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഒരു പ്രത്യേക കോഡ് ഉപയോഗിച്ചയിരിക്കും പ്രവര്‍ത്തിപ്പിക്കുന്നത്. അത് നിശ്ചിത പ്രാവശ്യം മാത്രമേ ആ കോഡ് ഉപയോഗിക്കുവാന്‍ സാധിക്കുകയുളളൂ. അതായത് നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് പ്രോഗ്രാം വാങ്ങുമ്പോള്‍ അത് പ്രവര്‍ത്തിക്കണമെന്ന് യാതൊരു ഉറപ്പുമില്ല.

എന്നാല്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രോഡക്ടുകളില്‍ പലതും ഇപ്പോള്‍ റീ – കണ്ടീഷന്‍ ചെയ്തശേഷം ഉത്തരവാദിത്വപ്പെട്ട റീട്ടെയ്‌ലര്‍മാര്‍ വഴി വില്‍ക്കാറുണ്ട്. വാങ്ങുന്നതിന് മുന്‍പ് ഇവ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങുക.

കുട്ടികളുടെ കിടക്കകള്‍

കുഞ്ഞുങ്ങളുടെ സാധനങ്ങള്‍ക്ക് പലപ്പോഴും വലിയവിലയായത് കാരണമാണ് പലരും സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നത്. എന്നാല്‍ ഇത്തരം സാധനങ്ങളുടെ ആരോഗ്യപരവും സുരക്ഷാപരവുമായ മാനദണ്ഡങ്ങള്‍ കാലാകാലങ്ങളില്‍ മാറികൊണ്ടിരിക്കും. ബേബി കോട്ടുകളുടെ കാര്യത്തിലും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.

നിലവില്‍ വില്‍ക്കുന്ന കുട്ടികളുടെ കോട്ടുകള്‍ BSEN716 നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഒപ്പം അവ ആവശ്യത്തിന് താഴ്ചയുളളതും കമ്പികള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുന്നതുമായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് കോട്ടുകള്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണമെന്ന് യാതൊരു ഉറപ്പുമില്ല. ഒപ്പം വൃത്തിയില്ലാത്ത ഉപയോഗിച്ച ഒരു കോട്ട് കുട്ടികള്‍ക്ക് ചര്‍മ്മത്തില്‍ അണുബാധയ്ക്ക് കാരണമായേക്കാം.

ടയറുകള്‍

പഴയതും റീ സൈക്കിള്‍ ചെയ്തതുമായ ടയറുകള്‍ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതായത് ത്രെഡുകള്‍ റോഡില്‍ ഉരയുന്ന സമയത്ത് അത് ടയറില്‍ നിന്ന് വേര്‍പെട്ട് പോയി അപകടം ഉണ്ടാകാനുളള സാധ്യത ഏറെയാണ്. അതുപോലെ തന്നെ ടയര്‍ നോക്കി അതിന്റെ കാലപ്പഴക്കമോ പ്രവര്‍ത്തനക്ഷമതയോ നമുക്ക് അളക്കാന്‍ കഴിയില്ല. അതിനാല്‍ പുതിയൊരു ടയര്‍ വാങ്ങുന്നതാകും നല്ലത്.

തൊപ്പികള്‍

മറ്റ് സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രങ്ങളെ പോലെയല്ല തൊപ്പികള്‍ ഒരു മനുഷ്യന്റെ തലയ്ക്ക അനുയോജ്യമായ രീതിയിലാകും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അത് ലെതര്‍ പോലുളള മെറ്റീരിയല്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെങ്കില്‍ പൂര്‍ണ്ണമായും വൃത്തിയാക്കുക അസാധ്യമാണ്.

അതുകൊണ്ട് തന്നെ അതില്‍ എന്തുതരം ബാക്ടീരിയകള്‍ ഉണ്ടാകും എന്ന് നമുക്ക് അറിയാന്‍ സാധിക്കില്ല. ആരോഗ്യപരമായി നോക്കുകയാണങ്കില്‍ അത് കൊടുക്കുന്ന പണത്തിന് മുതലാവുകയുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.